scorecardresearch
Latest News

IPL 2020 – SRH vs KXIP Live Cricket Score: പഞ്ചറായി പഞ്ചാബ്; ബാറ്റിങ്ങിലും ബോളിങ്ങിലും കരുത്തുകാട്ടി ഹൈദരാബാദ്

IPL 2020 – SRH vs KXIP Live Cricket Score: ഹെെദരബാദിനുവേണ്ടി ഓപ്പണർമാരായ ജോണി ബെയർസ്റ്റോയും ഡേവിഡ് വാർണറും മികച്ച തുടക്കമാണ് നൽകിയത്

IPL 2020 – SRH vs KXIP Live Cricket Score: പഞ്ചറായി പഞ്ചാബ്; ബാറ്റിങ്ങിലും ബോളിങ്ങിലും കരുത്തുകാട്ടി ഹൈദരാബാദ്

IPL 2020 – SRH vs KXIP Live Cricket Score: ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്സ് ഇലവൻ പഞ്ചാബിന് വീണ്ടും തോൽവി. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ ഹൈദരാബാദ് 69 റൺസിനാണ് പഞ്ചാബിനെ പരാജയപ്പെടുത്തിയത്. സീസണിൽ പഞ്ചാബിന്റെ അഞ്ചാമത്തെ തോൽവിയാണിത്. ഹൈദരാബാദിന്റെ മൂന്നാം ജയവും. ബാറ്റിങ്ങിൽ ജോണി ബെയർസ്റ്റോയും ഡേവിഡ് വാർണറും തിളങ്ങിയപ്പോൾ ബോളിങ്ങിൽ റഷിദ് ഖാനും മിന്നും പ്രകടനമാണ് പുറത്തെടുത്തത്.

ഹൈദരാബാദ് ഉയർത്തിയ 202 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ ഓപ്പണർമാർ ദൗത്യം മറന്ന് അതിവേഗം കൂടാരം കയറി. നായകൻ രാഹുൽ 11 റൺസിനും മായങ്ക് അഗർവാൾ 9 റൺസിനും സിമ്രാൻ സിങ് 11 റൺസിനും പുറത്തായി. നാലാമനായി ഇറങ്ങിയ നിക്കോളാസ് പുറാൻ വെടിക്കെട്ട് പ്രകടനവുമായി പഞ്ചാബിന് ഒരു ഘട്ടത്തിൽ വിജയ പ്രതീക്ഷ നൽകിയെങ്കിലും പിന്നാലെ എത്തിയവരാരും രണ്ടക്കം കടക്കാതെ വന്നതോടെ ഹൈദരാബാദ് ജയം ഉറപ്പിച്ചു. പഞ്ചാബ് നിരയിലെ വാലറ്റത്ത് മൂന്ന് താരങ്ങളാണ് അക്കൗണ്ട് പോലും തുറക്കാതെ മടങ്ങിയത്.

ഹൈദരാബാദിന് വേണ്ടി റഷിദ് ഖാൻ മൂന്ന് വിക്കറ്റും ഖലീൽ അഹമ്മദ് ടി നടരാജൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ഹെെദരബാദിനുവേണ്ടി ഓപ്പണർമാരായ ജോണി ബെയർസ്റ്റോയും ഡേവിഡ് വാർണറും മികച്ച തുടക്കമാണ് നൽകിയത്. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ ഹെെദരബാദ് 201 റൺസ് നേടി. ഓപ്പണർമാരായ ബെയർസ്റ്റോ, ഡേവിഡ് വാർണർ എന്നിവരുടെ കൂട്ടുക്കെട്ട് പഞ്ചാബ് ബോളർമാരെ വെള്ളംകുടിപ്പിച്ചു.

55 പന്തിൽ നിന്ന് ഏഴ് ഫോറും ആറ് സിക്‌സുമടക്കം 97 റൺസാണ് ബെയർസ്റ്റോ നേടിയത്. സെഞ്ചുറിക്കരികെ നിൽക്കുമ്പോൾ രവി ബിഷോണി ബെയർസ്റ്റോയെ എൽബിഡബ്‌ള്യുവിൽ കുടുക്കുകയായിരുന്നു.

നായകൻ ഡേവിഡ് വാർണർ 40 പന്തിൽ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 52 റൺസ് നേടിയാണ് പുറത്തായത്. ബിഷോണി തന്നെയാണ് വാർണറെയും പുറത്താക്കിയത്.

Read Also: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരത്തിന്റെ സഹോദരൻ വെടിയേറ്റു മരിച്ചു

ബെയർസ്റ്റോയും വാർണറും ചേർന്ന് ആദ്യ വിക്കറ്റിൽ 160 റൺസിന്റെ പാട്‌ണർഷിപ്പാണ് പടുത്തുയർത്തിയത്. 16-ാം ഓവറിലെ ആദ്യ പന്തിൽ വാർണറും നാലാം പന്തിൽ ബെയർസ്റ്റോയും പുറത്തായതോടെ ഹൈദരബാദിന്റെ വേഗതയേറിയ സ്‌കോറിങ്ങിന് അവസാനമായി.

തൊട്ടുപിന്നാലെ അബ്‌ദുൾ സമദ് (എട്ട്), മനീഷ് പാണ്ഡെ (ഒന്ന്), പ്രിയം ഗാർഗ് (പൂജ്യം), അഭിഷേക് ശർമ ( 12 ) എന്നിവരുടെ വിക്കറ്റുകളും ഹൈദരബാദിന് നഷ്ടമായി.  കെയ്‌ൻ വില്യംസൺ ( 10 പന്തിൽ നിന്ന് 20 റൺസ് ), റാഷിദ് ഖാൻ (പൂജ്യം) എന്നിവർ പുറത്താകാതെ നിന്നു. പഞ്ചാബിനു വേണ്ടി രവി ബിഷോണി മൂന്നും അർഷ്‌ദീപ് സിങ് രണ്ടും മൊഹമ്മദ് ഷമി ഒരു വിക്കറ്റും നേടി.

നായകൻ എന്ന നിലയിൽ സ്വന്തം നേട്ടങ്ങൾക്ക് മാത്രമാണ് രാഹുൽ പ്രാധാന്യം നൽകുന്നതെന്ന് പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം പഞ്ചാബ് നായകൻ രാഹുലിന് നിർണായകമാണ്. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

ആദ്യ കളികളിലെ തോൽവിക്ക് ശേഷം ഒരു തിരിച്ചുവരവിന്റെ പാതയിലാണ് ഡേവിഡ് വാർണർ നയിക്കുന്ന സൺറൈസേഴ്‌സ് ഹൈദരബാദ്. അഞ്ച് കളികളിൽ രണ്ട് വിജയവുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് സൺറൈസേഴ്‌സ്.

Read Also: മുത്തയ്യ മുരളീധരനാകാൻ വിജയ് സേതുപതി; സ്‌പിൻ ഇതിഹാസത്തിന്റെ ജീവിതം സിനിമയാകുന്നു

അഞ്ച് കളികളിൽ ഒരു മത്സരം മാത്രം ജയിച്ച് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് കിങ്‌സ് ഇലവൻ പഞ്ചാബ്. മികച്ച ടീം ഉണ്ടായിട്ടും കളികൾ തങ്ങൾക്ക് അനുകൂലമാക്കാൻ സാധിക്കാത്തതാണ് പഞ്ചാബിന്റെ പോരായ്‌മ.

ആറ് മത്സരങ്ങളിൽ നാല് വിജയവുമായി മുംബൈ ഇന്ത്യൻസാണ് ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. അഞ്ച് കളികളിൽ നിന്ന് നാല് വിജയവുമായി ഡൽഹി ക്യാപിറ്റൽസ് രണ്ടാം സ്ഥാനത്തുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത്.

 

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2020 score card srh vs kxip live cricket score online