IPL 2020 – KXIP vs KKR: അബുദാബി:ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാറ്റിങ്ങിലും ബോളിങ്ങിലും തകർച്ചയിൽ നിന്ന് തിരിച്ചെത്തി കൊൽക്കത്തയുടെ നാടകിയ ജയം. കിങ്സ് ഇലവൻ പഞ്ചാബിനെ രണ്ട് റൺസിനാണ് കൊൽക്കത്ത പരാജയപ്പെടുത്തിയത്. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് ഇന്നിങ്സ് 162 റൺസിൽ അവസാനിക്കുകയായിരുന്നു.
ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത രാഹുൽ-അഗർവാൾ സഖ്യം പൊളിച്ചത് പ്രസീദ് കൃഷ്ണയായിരുന്നു. 39 പന്തിൽ 56 റൺസ് നേടിയ മായങ്കിനെ പ്രസീദ് ശുഭ്മാൻ ഗില്ലിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. പിന്നാലെ എത്തിയ നിക്കോളാസ് പുറാൻ 16 റൺസിനും സിമ്രാൻ സിങ് നാല് റൺസിനും മടങ്ങിയതോടെ പഞ്ചാബ് അവസാന ഓവറുകളിൽ പതുങ്ങി.
19-ാം ഓവറിന്റെ അവസാന പന്തിൽ 74 റൺസുമായി രാഹുലും പുറത്തായതോടെ ആറു പന്തിൽ പഞ്ചാബിന്റെ വിജയലക്ഷ്യം 14 ആയി. രണ്ട് പന്ത് മാക്സ്വെൽ ബൗണ്ടറി കടത്തിയെങ്കിലും മന്ദീപ് പുറത്തായതോടെ പഞ്ചാബ് തോൽവി ഉറപ്പിച്ചു. ഓപ്പണർമാർ തന്നെ അനായാസം പഞ്ചാബിനെ വിജയത്തിലെത്തിക്കുമെന്ന് കരുതിയ മത്സരമാണ് കൊൽക്കത്ത തിരിച്ചുപിടിച്ചത്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം പതിപ്പിൽ ഏറെ വിമർശനം ഏറ്റുവാങ്ങിയ താരമാണ് കൊൽക്കത്ത നായകൻ ദിനേശ് കാർത്തിക്. കാർത്തിക്കിന്റെ ക്യാപ്റ്റൻസിയും ബാറ്റിങ്ങും സീസണിൽ ഇതുവരെ ഒരിക്കൽ പോലും മികവിലേക്കെത്തിയിരുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും തകർച്ചയ്ക്കും കാരണമായി. എന്നാൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലൂടെ അതിനെല്ലാം മറുപടി നൽകിയിരിക്കുകയാണ് താരം. വൻതകർച്ചയിലേക്ക് നീങ്ങിയ കൊൽക്കത്തയെ അതിവേഗ അർധസെഞ്ചുറിയുമായി തിളങ്ങിയ നായകൻ പൊരുതാവുന്ന സ്കോറിലേക്കെത്തിച്ചു. നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് അടിച്ചെടുത്തത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊൽക്കത്തയ്ക്ക് തുടക്കം പിഴച്ചു. ടീം സ്കോർ 14ൽ എത്തിയപ്പോഴേക്കും രാഹുൽ ത്രിപാഠിയും നിതീഷ് റാണയും പുറത്തായി. ക്രീസിൽ നിലയുറപ്പിക്കുന്നതിനിടെ ഒയിൻ മോർഗനും 24 റൺസുമായി കൂടാരം കയറി. ഇതോടെ വൻ തകർച്ചയിലേക്ക് നീങ്ങിയ കൊൽക്കത്തയെ നായകൻ ദിനേശ് കാർത്തിക്കും ഓപ്പണർ ശുഭ്മാൻ ഗില്ലും ചേർന്നാണ് കരകയറ്റിയത്.
നാലാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടുമായി തിളങ്ങിയ ഇരുവരും അതിവേഗം കൊൽക്കത്തൻ സ്കോർബോർഡ് ചലിപ്പിച്ചു. 47 പന്തിൽ അഞ്ച് ഫോറടക്കം 57 റൺസാണ് ശുഭ്മാൻ ഗിൽ സ്വന്തമാക്കിയത്. ഗില്ലിന് പിന്നാലെ എത്തിയ വിൻഡീസ് താരം ആന്ദ്രെ റസലിന് അഞ്ച് റൺസെടുക്കാനെ കഴിഞ്ഞുള്ളു. ദിനേശ് കാർത്തിക് 29 പന്തിൽ 58 റൺസുമായി അവസാന പന്തിൽ റൺഔട്ടാവുകയായിരുന്നു.
അതേസമയം വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ ഇന്നും പഞ്ചാബിന് വേണ്ടി കളിക്കുന്നില്ല. ഇതുവരെയുള്ള മത്സരങ്ങളിലൊന്നും ഗെയ്ൽ ഇറങ്ങിയിട്ടില്ല. ഭക്ഷ്യവിഷബാധയെ തുടർന്നാണ് ക്രിസ് ഗെയ്ലിനു ഇതുവരെയുള്ള മത്സരങ്ങൾ നഷ്ടമായത്. മോശം ഫോമിൽ കളിക്കുന്ന ഗ്ലെൻ മാക്സ്വെല്ലിനെ ഒഴിവാക്കി ഗെയ്ലിന് ടീമിൽ ഇടം നൽകുമെന്ന സൂചനകൾ സജീവമായിരുന്നെങ്കിലും ഒസിസ് താരമ തന്നെയാണ് ഇന്നും പഞ്ചാബിനായി കളിക്കുന്നത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് XI: രാഹുൽ ത്രിപാഠി, ശുഭ്മാൻ ഗിൽ, നിതീഷ് റാണ, സുനിൽ നരെയ്ൻ, ഒയിൻ മോർഗൻ, ആന്ദ്രെ റസൽ, ദിനേശ് കാർത്തിക്, പാറ്റ് കമ്മിൻസ്, കമലേഷ് നഗർകൊട്ടി, പി കൃഷ്ണ, വരുൺ ചക്രവർത്തി
കിങ്സ് ഇലവൻ പഞ്ചാബ് പ്ലെയിങ് XI: കെഎൽ രാഹുൽ, മായങ്ക് അഗർവാൾ, എസ് സിങ്, നിക്കോളാസ് പുറാൻ, ഗ്ലെൻ മാക്സ്വെൽ, എം സിങ്, മുജീബ് ഉർ റഹ്മാൻ, രവി ബിഷ്ണോയ്, മുഹമ്മദ് ഷമി, ക്രിസ് ജോർദാൻ, എ സിങ്