ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ഇന്ത്യൻ പ്രിമീയർ ലീഗെന്ന കുട്ടി ക്രിക്കറ്റ് പൂരത്തിന് ഒരുങ്ങി കഴിഞ്ഞു. ഉദ്ഘാടന മത്സരത്തിന് 15 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇനിയും മത്സരക്രമം പ്രസിദ്ധീകരിക്കാത്തതാണ് ആരാധകരെ നിരശരാക്കുന്നത്. എന്നാൽ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ന് മത്സരക്രമം പ്രസിദ്ധീകരിച്ചേക്കുമെന്ന് സൂചന. കോവിഡ് ആശങ്ക പരത്തിയ ചെന്നൈ ടീം അംഗങ്ങളിലെ മറ്റ് താരങ്ങളുടെ പരിശോധന ഫലം നെഗറ്റീവാകുകയും അവർ പരിശീലനത്തിനിറങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ വൈകാതെ തന്നെ മത്സരക്രമം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ പരിശീലനത്തിനിറങ്ങിയെങ്കിലും ആദ്യ മത്സരത്തിൽ മുംബൈയുടെ എതിരാളികൾ മഞ്ഞപ്പടയായിരിക്കില്ല. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിന് പകരം കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരായിരിക്കും ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസിനെ നേരിടുന്നത്.
മാർച്ച് 29നായിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പ് ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത് ഏപ്രിൽ 15ലേക്ക് മാറ്റി. സാഹചര്യം കൂടുതൽ വഷളായതോടെ അനിശ്ചിതകാലത്തേക്ക് ഐപിഎൽ റദ്ദാക്കിയ ബിസിസിഐയും ഐപിഎൽ ഗവേണിങ് ബോഡിയും ഇന്ത്യയ്ക്ക് പുറത്ത് വേദികൾ തിരയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഎഇയിൽ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചത്.
യുഎഇയിലെത്തിയ ചെന്നൈ ടീം അംഗങ്ങളിലെ ഇന്ത്യൻ താരം ദീപക് ചാഹർ ഉൾപ്പടെ രണ്ട് താരങ്ങൾക്കും പത്തിലധികം സപ്പോട്ടിങ് സ്റ്റാഫ് അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇത് ബിസിസിഐയ്ക്ക് തന്നെ വലിയ വെല്ലുവിളി സൃഷ്ടിച്ചു. മത്സരക്രമം തയ്യാറാക്കുന്നതിനും ഇത് തടസമായി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ധോണി ഉൾപ്പടെയുള്ള മറ്റ് താരങ്ങളുടെ പരിശോധൻ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. അവർ പരിശീലനവും ആരംഭിച്ചു.
അതേസമയം ബാറ്റിങ് ലൈൻഅപ്പിലെ പ്രധാന താരം സുരേഷ് റെയ്നയെ നഷ്ടമായതിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തിരിച്ചടി. മുതിർന്ന സ്‌പിന്നാർ ഹർഭജൻ സിങ്ങും ഇത്തവണത്തെ മത്സരങ്ങൾക്കായി ടീമിനൊപ്പം ചേരുന്ന കാര്യം അനിശ്ചിതത്വത്തിൽ. വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യയിൽ തന്നെ തുടരുന്ന താരം ഇതുവരെ ക്ലബ്ബിനൊപ്പം ചേർന്നട്ടില്ല. തന്റെ തീരുമാനം സംബന്ധിച്ച് ചെന്നൈയെ ഇതുവരെ ഒന്നും ഭാജി അറിയിച്ചിട്ടില്ലെന്നാണ് അറിയാൻ സാധിക്കുന്നത്.