അബുദാബി: മാർച്ചിൽ ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് രാജ്യത്ത് കോവിഡ് 19 വ്യാപനത്തെ തുടർന്നാണ് നീണ്ടുപോയത്. ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് ഇപ്പോൾ ഐപിഎൽ യുഎഇയിൽ നടത്താൻ തീരുമാനമായത്. സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ടൂർണമെന്റിനായി ടീമുകളെല്ലാം യുഎഇയിലെത്തി കഴിഞ്ഞു. എന്നാൽ ഐപിഎല്ലിന്റെ മത്സരക്രമം മാത്രം ഇതുവരെ റിലീസ് ചെയ്തട്ടില്ല. ഇതിന് കാരണമായി പറയുന്നത് യുഎഇയിലെ കാലാവസ്ഥയും ഉയരുന്ന കോവിഡ് നിരക്കുമാണെന്നാണ്.

ടൂർണമെന്റിന്റെ ഒരു വേദി അബുദാബിയാണ്. കോവിഡ് 19മായി ബന്ധപ്പെട്ട് വ്യത്യസ്ത നിയമങ്ങളാണ് ദുബൈയിലും അബുദാബിയിലും ഉള്ളത്. അബുദാബിയിൽ ഓരോ തവണ പ്രവേശിക്കുമ്പോഴും കോവിഡ് പരിശോധന നടത്തേണ്ടതുണ്ട്. ഇത് തന്നെയാണ് ബിസിസിഐയ്ക്ക് തലവേദനയാകുന്നതും. അതിനാൽ അബുദാബിയിൽ പരമാവധി മത്സരങ്ങൾ കുറയ്ക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നത് എന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്.

യുഎഇയിലെ കാലാവസ്ഥയും ഷെഡ്യൂൾ വൈകാൻ കാരണമാണെന്ന് സ്പോർട്സ് സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ മത്സരങ്ങളുടെ നടത്തിപ്പിനെ ബാധിക്കാൻ സാധ്യതയുണ്ട്. വൈകുന്നേരങ്ങളിൽ കാലാവസ്ഥ സുഖകരമാണെങ്കിലും ഉച്ചകഴിഞ്ഞ് താപനില ഉയരുന്നു. അതുകൊണ്ട് തന്നെ പകൽ സമയങ്ങളിൽ മത്സരം നടത്താനുള്ള സാധ്യത കുറവാണ്.

സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെയാണ് ഐപിഎൽ. 53 ദിവസമാണ് ടൂർണമെന്റ് നടക്കുന്നത്. ഉച്ചയ്ക്കുശേഷം 10 മത്സരങ്ങള്‍ നടക്കും. അവ 3.30-ന് ആരംഭിക്കും. വൈകുന്നേരമുള്ള മത്സരങ്ങള്‍ 7.30-നും ആരംഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook