IPL 2020- RRvsCSK Live Score: ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം ജയം തേടിയിറങ്ങിയ ചെന്നൈയ്ക്ക് രാജസ്ഥാന് മുന്നിൽ അടിതെറ്റി. 16 റൺസിനാണ് രാജസ്ഥാൻ ചെന്നൈയെ പരാജയപ്പെടുത്തിയത്. രാജസ്ഥാൻ ഉയർത്തിയ 217 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ചെന്നൈയ്ക്ക് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മലയാളി താരം സഞ്ജു സാംസണിന്റെയും നായകൻ സ്റ്റീവ് സ്‌മിത്തിന്റെയും ജോഫ്ര ആർച്ചറിന്റെയും രാഹുൽ തിവാട്ടിയായുടെയും മികവിൽ രാജസ്ഥാന് സീസണിൽ വിജയത്തുടക്കം.

രാജസ്ഥാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ തുടക്കം ഭേദപ്പെട്ടതായിരുന്നു. ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് 33 റൺസെടുത്ത ഓപ്പണർ ഷെയ്ൻ വാട്സണും 21 റൺസെടുത്ത മുരളി വിജയ്‌യും അടുത്തടുത്ത ഓവറുകളിൽ പുറത്താകുന്നത്. പിന്നാലെയെത്തിയ സാം കറൺ തുടക്കം മുതൽ അക്രമിച്ച് കളിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല.

രാഹുൽ തിവാട്ടിയ എറിഞ്ഞ ഒമ്പതാം ഓവറിലെ അഞ്ചാം പന്തിൽ ക്രീസിന് പുറത്തിറങ്ങിയ സാമിനെ സഞ്ജു പുറത്താക്കി. അടുത്ത പന്തിൽ തന്നെ അരങ്ങേറ്റക്കാരൻ റുതുരാജ് ഗയ്‌ക്വാദിനെയും സഞ്ജു സമാന രീതിയിൽ പുറത്താക്കിയതോടെ ചെന്നൈ പതറി. കേദാർ ജാദവിന്റെ ഇന്നിങ്സും 22 റൺസിൽ അവസാനിച്ചു.

ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും തകർപ്പനടികളുമായി ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസ് പ്രതീക്ഷ കൈവിടാതെ ബാറ്റുവീശി. 29 പന്തിൽ അർധസെഞ്ചുറി തികച്ച താരം വീണ്ടും പോരാട്ടം തുടർന്നു. എന്നാൽ 72 റൺസെടുത്തുനിൽക്കെ ഡുപ്ലെസിസിനെ ആർച്ചർ സഞ്ജുവിന്റെ കൈകളിൽ എത്തിച്ചു. അവസാന ഓവറിൽ 38 റൺസ് വേണ്ടിയിരുന്ന ചെന്നൈയ്ക്കുവേണ്ടി നായകൻ ധോണി മൂന്ന് സിക്സർ പായിച്ചെങ്കിലും വിജയലക്ഷ്യം മറികടക്കാനായില്ല. രാജസ്ഥാനുവേണ്ടി തിവാട്ടിയ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 216 റൺസ് സ്വന്തമാക്കിയത്. അർധസെഞ്ചുറി നേടിയ സഞ്ജുവും സ്‌മിത്തും മികച്ച തുടക്കമാണ് സമ്മാനിച്ചത്. സഞ്ജു 32 പന്തിൽ 74 റൺസും സ്‌മിത്ത് 47 പന്തിൽ 69 റൺസും നേടി. അവസാന ഓവറുകളിൽ ജോഫ്ര ആർച്ചറും ചെന്നൈ ബോളർമാരെ പഞ്ഞിക്കിട്ടതോടെ രാജസ്ഥാൻ കൂറ്റൻ സ്കോറിലെത്തുകയായിരുന്നു.

അരങ്ങേറ്റക്കാരൻ യശാസ്വി ജയ്സ്വാളായിരുന്നു നായകൻ സ്റ്റീവ് ‌സ്‌മിത്തിനൊപ്പം രാജസ്ഥാൻ ഇന്നിങ്സ് ഓപ്പൺ ചെയ്യാനെത്തിയത്. എന്നാൽ കൗമാരതാരം ക്രീസിൽ നിലയുറപ്പിക്കുന്നതിൽ പരാജയപ്പെട്ടു. ആറു റൺസെടുത്ത യശാസ്വി ജയ്സ്വാളിനെ ദീപക് ചാഹർ മൂന്നാം ഓവറിൽ തന്നെ പുറത്താക്കി.

പിന്നെയായിരുന്നു വെടിക്കെട്ടിന് തുടക്കമിട്ടത്. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു നിരന്തരം ബൗണ്ടറികൾ പായിക്കുകയും രാജസ്ഥാൻ ടീം സ്കോർ ഉയർത്തുകയും ചെയ്തു. 19 പന്തിലായിരുന്നു താരം അർധശതകം കടന്നത്. കൂട്ടിന് സ്‌മിത്തും ചേർന്നതോടെ രാജസ്ഥാൻ കൂറ്റൻ സ്കോറിലേക്ക് നീങ്ങി.

സാവധാനം തുടങ്ങിയ സഞ്ജു സാം കറനെതിരെയാണ് ഗിയർ മാറ്റിയത്. ഇംഗ്ലിഷ് താരത്തെ അടുത്തടുത്ത പന്തുകളിൽ ഫോറും സിക്സും പായിച്ച സഞ്ജു പിന്നാലെയെത്തിയ ദീപക് ചാഹറിനെയും ജഡേജയെയും ബൗണ്ടറി പായിച്ചു. എന്നാൽ സഞ്ജുവിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞത് ഇന്ത്യയുടെ ലോകകപ്പ് ഹീറോ പിയൂഷ് ചൗളയായിരുന്നു. ചൗള എറിഞ്ഞ എട്ടാം ഓവറിൽ മൂന്ന് സിക്സറുകളാണ് സഞ്ജു പായിച്ചത്.

അവിടെയും കഴിഞ്ഞില്ല അടുത്ത ഓവറുകളിലും ജഡേജയുടെയും പിയൂഷ് ചൗളയുടെയും പന്തുകൾ സഞ്ജുവിന്റെ ബാറ്റിൽ നിന്ന് വീണ്ടും ബൗണ്ടറിയിലേക്ക് പാഞ്ഞു. 32 പന്തുകളിൽ നിന്ന് 74 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഇതിൽ ഒമ്പത് സിക്സറുകളും ഒരു ഫോറും ഉൾപ്പെടുന്നു. ഐപിഎൽ ഈ സീസണിലെ അതിവേഗ അർധസെഞ്ചുറിയാണ് സഞ്ജു സ്വന്തമാക്കിയത്. എന്നാൽ ലുങ്കി എങ്കിഡിയുടെ പന്തിൽ ദീപക് ചാഹറിന് ക്യാച്ച് നൽകി താരം പുറത്താവുകയായിരുന്നു.

11 റൺസിന് ഒറു വിക്കറ്റെന്നടുത്ത് നിന്ന് രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന സ്മിത്ത് – സഞ്ജു സഖ്യം അതിവേഗം ടീം സ്കോർ ഉയർത്തി. 121 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് സൃഷ്ടിച്ചത്. എന്നാൽ സഞ്ജു പുറത്തായതോടെ രാജസ്ഥാൻ മധ്യനിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. അക്കൗണ്ട് തുറക്കാതെ ഡേവിഡ് മില്ലർ റൺഔട്ടായപ്പോൾ റോബിൻ ഉത്തപ്പ അഞ്ച് റൺസിനും രാഹുൽ തിവാട്ടിയ പത്ത് റൺസിനും റിയാൻ പരാഗ് ആറു റൺസിനും കൂടാരം കയറി.

അപ്പോഴും ക്രീസിൽ നിലയുറപ്പിച്ച സ്മിത്തിനും 19-ാം ഓവറിൽ അടിതെറ്റി. സാം കറണിന്റെ പന്തിൽ കേദാർ ജാദവിന് ക്യാച്ച് നൽകി നായകനും പുറത്തായതോടെ രാജസ്ഥാൻ ഇന്നിങ്സ് ഏതാണ്ട് അവസാനിച്ചെന്നാണ് ചെന്നൈ കരുതിയത്. എന്നാൽ ലുങ്കി എങ്കിഡി എറിഞ്ഞ അവസാന ഓവറിൽ നാല് സിക്സടക്കം 30 റൺസാണ് ആർച്ചറും ടോം കറനും ചേർന്ന് അടിച്ചെടുത്തത്. നാല് സിക്സറും പിറന്നത് ആർച്ചറുടെ ബാറ്റിൽ നിന്നായിരുന്നു.

ചെന്നൈയ്ക്ക് വേണ്ടി സാം കറൺ മൂന്ന് വിക്കറ്റ് വീഴ്ത്തി. ലുങ്കി എങ്കിഡി, ദാപക് ചാഹർ, പിയൂഷ് ചൗള എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

ചെന്നൈ സൂപ്പർ കിങ്സ് പ്ലെയിങ് XI: എം.എസ് ധോണി, ഷെയ്ൻ വാട്സൺ, മുരളി വിജയ്, ഫാഫ് ഡുപ്ലെസിസ്, റുതുരാജ് ഗെയ്ക്വാദ്, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, സാം കറൺ, ദീപക് ചാഹർ, ലുങ്കി എങ്കിഡി, പിയൂഷ് ചൗള

രാജസ്ഥാൻ റോയൽസ് പ്ലെയിങ് XI: സ്റ്റീവ് സ്‌മിത്ത്, സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ, യശാസ്വി ജയ്സ്വാൾ, ഡേവിഡ് മില്ലർ, റിയാൻ പരാഗ്, ടോം കറൺ, ശ്രേയസ് ഗോപാൽ, ജോഫ്രാ ആർച്ചർ, ജയ്ദേവ് ഉനദ്ഘട്ട്, രാഹുൽ തിവാട്ടിയ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook