IPL 2020: ഇന്ത്യയുടെ മുതിര്‍ന്ന സ്പിന്നറായ രവിചന്ദ്ര അശ്വിനെ ഐപിഎല്ലില്‍ മങ്കാദിങ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനായ റിക്കി പോണ്ടിങ് പറഞ്ഞു. പന്തെറിയുന്നതിനായി ബൗളര്‍ ഓടിയെത്തുമ്പോള്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ക്രീസില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ബാറ്റ്‌സ്മാനെ ബൗളര്‍ റണ്ണൗട്ടാക്കുന്ന രീതിയിലാണ് മങ്കാദിങ്. ഇന്ത്യന്‍ താരം വിനു മങ്കാദാണ് ഈ രീതി ആദ്യമായി പരീക്ഷിച്ചത്.
അശ്വിനും ഈ വിവാദ പുറത്താക്കല്‍ പ്രയോഗിക്കാറുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റാനായിരുന്ന അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റ്‌സ്മാനായ ജോസ് ബട്‌ലറെ മങ്കാദിങിലൂടെ പുറത്താക്കിയിരുന്നു.
Read Also: സി എസ് കെ ആരാധകര്‍ക്ക് ധോണിയും ഞാനും ഷോലെയിലെ ജയ്‌യും വീരും പോലെ: സുരേഷ് റെയ്‌ന
യുഎഇയില്‍ സെപ്തംബര്‍ 19-ന് ആരംഭിക്കുന്ന ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടിയാണ് അശ്വിന്‍ കളിക്കുന്നത്. കളിയുടെ നിയമങ്ങള്‍ക്ക് എതിരല്ലെന്ന് പറഞ്ഞ് അദ്ദേഹം തന്റെ പ്രവര്‍ത്തിയെ ന്യായീകരിക്കുന്നു.
എന്നാല്‍ ഈ രീതി കളിയുടെ ആത്മാവിനുള്ളില്‍ ഉള്ളതല്ലെന്നാണ് റിക്കി പോണ്ടിങ്ങിന്റെ അഭിപ്രായം. ഐപിഎല്ലില്‍ തന്റെ ടീം ഇത് ഉപയോഗിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
അശ്വിനുമായി ഇക്കാര്യം സംസാരിക്കുമെന്നും അദ്ദേഹവുമായി ആദ്യം സംസാരിക്കുന്ന കാര്യം ഇതായിരിക്കുമെന്നും പോണ്ടിങ് പറഞ്ഞു. “അദ്ദേഹവുമായുള്ള ഒരു ദുഷ്‌കരമായ സംഭാഷണം ആയിരിക്കുമത്. ഇപ്പോഴും തിരിഞ്ഞ് നോക്കുമ്പോള്‍ മങ്കാദിങ് നിയമപരമാണെന്നും അത് ചെയ്യാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞേക്കാം,” പോണ്ടിങ് പറഞ്ഞു.
Read in English: Ricky Ponting says he won’t allow Ashwin to use ‘Mankading’ for Delhi Capitals