ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം പതിപ്പാണ് 2020ൽ ഏറ്റവുമധികം കാത്തിരുന്ന കായിക ഇവന്റുകളിൽ ഒന്ന്. കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവയ്ക്കുകയും പിന്നീട് കടൽ കടന്ന് യുഎഇയിലെത്തുകയും ചെയ്ത ഐപിഎൽ ലക്ഷകണക്കിന് ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിനാണ് വിരാമമിട്ടത്. സെപ്റ്റംബർ 19നായിരുന്നു ഐപിഎൽ പതിമൂന്നാം സീസണിന്റെ ഉദ്ഘാടന മത്സരം. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണർഅപ്പുകളായ ചെന്നൈ സൂപ്പർ കിങ്സും ഏറ്റുമുട്ടിയ വാശിയേറിയ പോരാട്ടം ആ കാത്തിരിപ്പിനുള്ള ഏറ്റവും വലിയ പ്രതിഫലം കൂടിയായിരുന്നു.
Also Read: ആദ്യ മത്സരത്തിന് രാജസ്ഥാൻ, രണ്ടാം ജയത്തിന് ചെന്നൈ; ഐപിഎല്ലിൽ ഇന്ന്
കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ ഇത്തവണ കാണികൾക്ക് പ്രവേശനമില്ല. അതിനാൽ ഗ്യാലറിക്ക് പുറത്തല്ല വീടുകളിൽ ടിവികൾക്ക് മുന്നിൽ മാത്രമാണ് ഇത്തവണ കാണികളുടെ ആവേശം. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ട ടീമുകൾക്കും താരങ്ങൾക്കും പിന്തുണ അറിയിക്കുന്നതിൽ ഒരടി പോലും പിന്നോട്ട് പോകാൻ ആരാധകരും തയ്യാറല്ലായിരുന്നു. ഇത് റെക്കോർഡ് പ്രേക്ഷകരെയാണ് അന്നേദിവസം ടിവിക്ക് മുന്നിൽ എത്തിച്ചത്. ഏകദേശം 20 കോടിയിലധികം ജനങ്ങൾ അന്ന് ടിവിയിലൂടെ മാത്രം മത്സരം കണ്ടു.
Also Read: മുഖം ചുവന്നു, ഒന്നും മിണ്ടിയില്ല; ചഹറിന്റെ മിസ് ഫീൽഡിൽ നിരാശനായി ധോണി, വീഡിയോ
ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. “ഡ്രീം11ഐപിഎൽ ഉദ്ഘാടന മത്സരം പുതിയൊരു റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നു. ബർക്(BARC) കണക്കുകൾ പ്രകാരം 20 കോടിയിലധികം പേരാണ് മത്സരം കണ്ടത്. ലോകത്ത് ഒരു ലീഗിന്റെ ഉദ്ഘാടന മത്സരത്തിലെ ഏറ്റവും വലിയ കാണികളുടെ എണ്ണം. മറ്റൊരു ലീഗിന്റെയും ഉദ്ഘാടന മത്സരത്തിൽ ഇത്രയധികം പ്രേക്ഷകരുണ്ടായിട്ടില്ല,” ജയ് ഷാ ട്വിറ്ററിൽ കുറിച്ചു.
Also Read: യുവരാജിനെയും സേവാഗിനെയും പോലെ; ആർസിബിയുടെ ഹീറോയായ ദേവ്‌ദത്ത് പടിക്കൽ ആരാണ്?
മുംബൈ ഇന്ത്യൻസിനെ അഞ്ച് വിക്കറ്റിനാണ് ചെന്നൈ മത്സരത്തിൽ പരാജയപ്പെടുത്തിയത്. മുംബൈ ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നിൽക്കെ ചെന്നൈ മറികടന്നു. അർധസെഞ്ചുറി തികച്ച അമ്പാട്ടി റയ്ഡുവിന്റെയും ഫാഫ് ഡു പ്ലെസിസിന്റെയും ഇന്നിങ്സാണ് ചെന്നൈ ജയം അനായാസമാക്കിയത്.