ഇന്ത്യൻ പ്രീമിയർ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്തി കിങ്സ് ഇലവൻ പഞ്ചാബ്. തുടർച്ചയായി മൂന്ന് കളികൾ ജയിച്ച് മികച്ച പ്രകടനം നടത്തിവരികയായിരുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എട്ട് വിക്കറ്റിനു തോൽപ്പിച്ചു. ആർസിബി ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് സ്വന്തമാക്കി. അവസാന ഓവറിലെ അവസാന പന്തിൽ സിക്സർ പറത്തിയാണ് നിക്കോളാസ് പൂറാൻ പഞ്ചാബിന്റെ വിജയറൺ നേടിയത്. അവസാന പന്തിൽ പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത് ഒരു റൺ മാത്രമായിരുന്നു.
നായകൻ കെ.എൽ.രാഹുലും ഈ സീസണിലെ ആദ്യ മത്സരത്തിനു ഇറങ്ങിയ ക്രിസ് ഗെയ്ലുമാണ് പഞ്ചാബിന് മികച്ച വിജയം സമ്മാനിച്ചത്.
ഓപ്പണറായി ഇറങ്ങിയ രാഹുൽ 49 പന്തിൽ നിന്ന് പുറത്താകാതെ 61 റൺസ് നേടി. അഞ്ച് സിക്സും ഒരു ഫോറും അടങ്ങിയതാണ് പഞ്ചാബ് നായകന്റെ ഇന്നിങ്സ്. ഐപിഎൽ 13-ാം സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്താനും രാഹുലിന് സാധിച്ചു. കെ.എൽ.രാഹുൽ പുറത്താകാതെ നിന്നു.
രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ കെ.എൽ.രാഹുലിനൊപ്പം ചേർന്ന് ക്രിസ് ഗെയ്ൽ മികച്ച പ്രകടനം നടത്തി. ഇന്നിങ്സിന്റെ തുടക്കം വളരെ പതുക്കെയായിരുന്നെങ്കിലും പിന്നീട് കൂറ്റൻ അടികളും ഗെയ്ലിന്റെ ബാറ്റിൽ നിന്നു പിറന്നു. 45 പന്തിൽ നിന്ന് അഞ്ച് സിക്സും ഒരു ഫോറും അടക്കം 53 റൺസാണ് ഗെയ്ൽ നേടിയത്.
Read Also; ഡി വില്ലിയേഴ്സിനെ ബാറ്റിങ് ഓർഡറിൽ താഴേക്കിറക്കി; കോഹ്ലിക്ക് വിമർശനം
രാഹുലും മായങ്ക് അഗർവാളും ചേർന്ന് 78 റൺസിന്റെ ഒന്നാം വിക്കറ്റ് പാട്ണർഷിപ്പ് സ്വന്തമാക്കി. എട്ടാം ഓവറിലെ അവസാന പന്തിൽ യുസ്വേന്ദ്ര ചഹലാണ് മായങ്ക് അഗർവാളിനെ പുറത്താക്കിയത്. അപ്പോഴേക്കും പഞ്ചാബ് വിജയത്തിലേക്ക് അടുത്തിരുന്നു. 25 പന്തിൽ നിന്ന് 45 റൺസെടുത്താണ് മായങ്ക് പുറത്തായത്. നാല് ഫോറും മൂന്ന് സിക്സറും അടങ്ങിയ ഇന്നിങ്സായിരുന്നു മായങ്ക് അഗർവാളിന്റേത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബാംഗ്ലൂരിനുവേണ്ടി നായകൻ വിരാട് കോഹ്ലി നടത്തിയ പ്രകടനമാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടാനെ ബാംഗ്ലൂരിന് സാധിച്ചുള്ളൂ. നായകൻ വിരാട് കോഹ്ലിയുടെ ഇന്നിങ്സാണ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. കോഹ്ലി 39 പന്തിൽ 48 റൺസ് നേടി. മൂന്ന് ഫോറുകൾ മാത്രമാണ് ബാംഗ്ലൂർ നായകന് നേടാൻ സാധിച്ചത്.
ബാംഗ്ലൂരിനുവേണ്ടി ഓപ്പണർമാരായ ആരോൺ ഫിഞ്ചും (20 റൺസ്) ദേവ്ദത്ത് പടിക്കലും (18 റൺസ്) ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. എന്നാൽ കൂടുതൽ റൺസ് കണ്ടെത്താൻ ഇരുവർക്കും സാധിച്ചില്ല. ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തിയ കോഹ്ലി ഓൾറൗണ്ടർമാരായ വാഷിങ്ടൺ സുന്ദറിനെയും ശിവം ദുബെയും മുന്നെ ഇറക്കിയ കോഹ്ലിക്ക് വേണ്ട പിന്തുണ നൽകി ഇരുവർക്കും സാധിച്ചില്ല. വാഷിങ്ടൺ 13 റൺസിനും ശിവം ദുബെ 23 റൺസിനും പുറത്തായി.
അതേസമയം ക്രീസിൽ നിലയുറപ്പിച്ച വിരാട് കോഹ്ലി കൃത്യമായി ബാംഗ്ലൂർ സ്കോർബോർഡ് ഉയർത്തി. എബി ഡി വില്ലിയേഴ്സിന് (2) ഇന്നും തിളങ്ങാൻ സാധിച്ചില്ല.
കിങ്സ് ഇലവൻ പഞ്ചാബ് പ്ലെയിങ് XI: കെ.എൽ രാഹുൽ, മായങ്ക് അഗർവാൾ, ക്രിസ് ഗെയ്ൽ, നിക്കോളാസ് പുറാൻ, ഗ്ലെൻ മാക്സ്വെൽ, ദീപക് ഹൂഡ, ക്രിസ് ജോർദാൻ, മുരുഖൻ അശ്വിൻ, മുഹമ്മദ് ഷമി, രവി ബിഷ്ണോയ്, എ സിങ്
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലെയിങ് XI: ആരോൺ ഫിഞ്ച്, ദേവ്ദത്ത് പടിക്കൽ, വിരാട് കോഹ്ലി, എബി ഡി വില്ലിയേഴ്സ്, വാഷിങ്ടൺ സുന്ദർ, ശിവം ദുബെ, ഇസുറു ഉദാന, ക്രിസ് മോറിസ്, മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി, യുസ്വേന്ദ്ര ചാഹൽ