IPL 2020-RCB vs CSK: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ചെന്നെെ സൂപ്പർ കിങ്സിന് ജയം. എട്ട് വിക്കറ്റ് വിജയമാണ് ചെന്നെെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആർസിബിയുടെ 145 റൺസ് 18.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ചെന്നെെ മറികടന്നു.
ഓപ്പണർ ബാറ്റ്സ്മാൻ റുതുരാജ് ഗെയ്ക്വാഡിന്റെ അർധ സെഞ്ചുറിയാണ് സൂപ്പർ കിങ്സിന് വിജയം സമ്മാനിച്ചത്. 51 പന്തിൽ നിന്ന് 65 റൺസ് നേടി ഗെയ്ക്വാഡ് പുറത്താകാതെ നിന്നു. മൂന്ന് സിക്സും നാല് ഫോറും അടങ്ങിയതായിരുന്നു ഗെയ്ക്വാഡിന്റെ ഇന്നിങ്സ്. 27 പന്തിൽ നിന്ന് 39 റൺസ് നേടിയ അമ്പാട്ടി റായിഡു സൂപ്പർ കിങ്സിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. മൂന്ന് സിക്സും രണ്ട് ഫോറും അടങ്ങിയതായിരുന്നു റായിഡുവിന്റെ ഇന്നിങ്സ്. ഫാഫ് ഡു പ്ലെസിസ് 13 പന്തിൽ നിന്ന് 25 റൺസ് നേടി പുറത്തായി. നായകൻ എം.എസ്.ധോണി 21 പന്തിൽ നിന്ന് 19 റൺസുമായി പുറത്താകാതെ നിന്നു.
ബാംഗ്ലൂരിനുവേണ്ടി ക്രിസ് മോറിസ്, യുസ്വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 145 റൺസ് നേടിയത്. നായകൻ വിരാട് കോഹ്ലി ആർസിബിക്കായി അർധ സെഞ്ചുറി നേടി. 43 പന്തിൽ നിന്ന് ഒരു ഫോറും ഒരു സിക്സും സഹിതമാണ് കോഹ്ലി അർധ സെഞ്ചുറി നേടിയത്.
എബി ഡി വില്ലിയേഴ്സ് 36 പന്തിൽ നിന്ന് നാല് ഫോർ സഹിതം 39 റൺസ് നേടി കോഹ്ലിക്ക് മികച്ച പിന്തുണ നൽകി. ഇരുവരും മൂന്നാം വിക്കറ്റിൽ 82 റൺസിന്റെ കൂട്ടുക്കെട്ട് പടുത്തുയർത്തി. ഓപ്പണർമാരായ ദേവ്ദത്ത് പടിക്കൽ ( 21 പന്തിൽ നിന്ന് 22), ആരോൺ ഫിഞ്ച് ( 11 പന്തിൽ നിന്ന് 15) എന്നിവരും ആർസിബി നിരയിൽ രണ്ടക്കം കണ്ടു. മൊയീൻ അലി ( രണ്ട് പന്തിൽ ഒരു റൺ), ക്രിസ് മോറിസ് ( അഞ്ച് പന്തിൽ നിന്ന് രണ്ട്) എന്നിവരുടെ വിക്കറ്റുകളും ആർസിബിക്ക് നഷ്ടമായി. രണ്ട് റൺസുമായി ഗുർകീറത് സിങ് മന്നും അഞ്ച് റൺസുമായി വാഷിങ്ടൺ സുന്ദറും പുറത്താകാതെ നിന്നു.
Read Also: രാഹുൽ ചിരിച്ചു, പ്രീതി തുള്ളിച്ചാടി; നാടകീയ മത്സരത്തിൽ പഞ്ചോടെ പഞ്ചാബ്
ചെന്നൈ ബൗളര്മാർ ബാംഗ്ലൂർ ബാറ്റിങ് നിരയെ പിടിച്ചുകെട്ടി. കോഹ്ലിയും ഡി വില്ലിയേഴ്സും ഏറെസമയം ക്രീസിൽ ചെലവഴിച്ചപ്പോഴും റൺ ഒഴുക്ക് തടയാൻ സാധിച്ചിടത്താണ് ചെന്നൈ സൂപ്പർ കിങ്സ് കഴിവ് തെളിയിച്ചത്. സാം കറാൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ദീപക് ചഹർ രണ്ടും മിച്ചൽ സാന്റ്നർ ഒരു വിക്കറ്റും വീഴ്ത്തി. മൂന്ന് ഓവറിൽ നിന്ന് 19 റൺസ് മാത്രമാണ് കറാൻ വിട്ടുകൊടുത്തത്. സാന്റ്നർ നാല് ഓവറിൽ നിന്ന് വിട്ടുകൊടുത്തത് 23 റൺസ് മാത്രം. ഫാഫ് ഡു പ്ലെസിസിന്റെ മികച്ച ഫീൽഡിങ് ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ട് ക്യാച്ചുകളാണ് ഡു പ്ലെസിസ് നേടിയത്.
ഐപിഎൽ പോയിന്റ് പട്ടികയിൽ 12 കളികളിൽ നിന്ന് നാല് ജയവും എട്ട് തോൽവിയുമായി അവസാന സ്ഥാനത്താണ് ചെന്നെെ സൂപ്പർ കിങ്സ്. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ അസ്തമിച്ച ചെന്നെെയ്ക്ക് ഇത് ആശ്വാസ ജയമാണ്. അതേസമയം, 11 കളികളിൽ നിന്ന് ഏഴ് ജയവും നാല് തോൽവിയുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.
എന്തുകൊണ്ട് പച്ച ജഴ്സി ?
ഇന്ന് ചെന്നെെ സൂപ്പർ കിങ്സിനെതിരെ ദുബായിൽ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പച്ച ജഴ്സിയിലാണ് കളിച്ചത്. 2011 മുതൽ എല്ലാ സീസണിലും ഒരു മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പച്ച ജഴ്സി അണിഞ്ഞാണ് കളത്തിലിറങ്ങുക. എല്ലാ സീസണിലും ബാംഗ്ലൂർ താരങ്ങൾ ഒരു മത്സരത്തിൽ പച്ച ജഴ്സി അണിഞ്ഞ് കളത്തിലിറങ്ങാൻ കാരണമുണ്ട്. ‘ഗോ ഗ്രീൻ’ പദ്ധതിയുടെ പ്രചാരണാർത്ഥമാണ് സീസണിലെ ഒരു മത്സരം പച്ച ജഴ്സി അണിഞ്ഞ് കളിക്കാൻ ആർസിബി താരങ്ങൾ തീരുമാനിച്ചതി. മരങ്ങൾ വച്ചുപിടിപ്പിക്കുക, മരങ്ങൾ സംരക്ഷിക്കുക, പ്രകൃതിയെ സംരക്ഷിക്കുക തുടങ്ങിയ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. കഴിഞ്ഞ വർഷം ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് ബാംഗ്ലൂർ താരങ്ങൾ പച്ച ജഴ്സിയണിഞ്ഞ് കളിച്ചത്. 2018 ൽ രാജസ്ഥാൻ റോയൽസിനെതിരെയായിരുന്നു പച്ച ജഴ്സിയണിഞ്ഞ മത്സരം.
ചെന്നെെ സൂപ്പർ കിങ്സ് പ്ലേയിങ് ഇലവൻ
റുതുരാജ് ഗെയ്ക്വാഡ്, ഫാഫ് ഡു പ്ലെസിസ്, അമ്പാട്ടി റായിഡു, എൻ.ജഗദീശൻ, എം.എസ്.ധോണി, സാം കറാൻ, രവീന്ദ്ര ജഡേജ, മിച്ചൽ സാന്റ്നർ, ദീപക് ചഹർ, ഇമ്രാൻ താഹിർ, മൊനു കുമാർ
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേയിങ് ഇലവൻ
ദേവ്ദത്ത് പടിക്കൽ, ആരോൺ ഫിഞ്ച്, വിരാട് കോഹ്ലി, എബി ഡി വില്ലിയേഴ്സ്, മൊയീൻ അലി, ഗുർകീറത് സിങ് മൻ, ക്രിസ് മോറിസ്, വാഷിങ്ടൺ സുന്ദർ, നവ്ദീപ് സൈനി, മൊഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹൽ