അബുദാബി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മല്‍സരത്തില്‍ സിഎസ്‌കെയുടെ രവീന്ദ്ര ജഡേജ- ഫാഫ് ഡുപ്ലസി കൂട്ടുകെട്ട് സമ്മാനിച്ച വണ്ടർ ക്യാച്ചിൽ കോരിത്തരിച്ചിരിക്കുകയാണ് കാണികൾ. കൊല്‍ക്കത്തയുടെ സുനില്‍ നരെയ്‌നെ പുറത്താക്കാനാണ് ജഡേജ ബൗണ്ടറിലൈനില്‍ പറന്നുയർന്നത്. ബൗണ്ടറിയാവേണ്ടിയിരുന്ന പന്താണ് ഇരുവരും ചേര്‍ന്ന് കിടിലൻ വിക്കറ്റാക്കി മാറ്റിയത്.

കരണ്‍ ശര്‍മ്മയുടെ 11ാം ഓവറിലായിരുന്നു കാണികളെ അമ്പരപ്പിച്ച ക്യാച്ചിന്റെ പിറവി. ഓവറിലെ അവസാനത്തെ പന്ത് മിഡ് വിക്കറ്റിനും ലോങ് ഓണിനും ഇടയിലുള്ള ഗ്യാപ്പിലൂടെ നരെയ്ന്‍ ഉയര്‍ത്തിയടിച്ചു. മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ജഡേജ തന്റെ വലതു വശത്തേക്ക് ഓടിയ ശേഷം മുഴുനീളെ ഡൈവ് ചെയ്ത് പന്ത് കൈയ്ക്കുള്ളിലാക്കി.

Read More: IPL 2020-KKRvsCSK Live Cricket Score: തുടക്കം പതറിയ കൊൽക്കത്തയ്ക്ക് ചെന്നൈക്കെതിരേ 10 റൺസ് ജയം

എന്നാൽ കളി അവിടംകൊണ്ട് അവസാനിച്ചില്ല. ഈ ക്യാച്ച് പൂര്‍ത്തിയാക്കിയത് ബൗണ്ടറിലൈന്‍ ക്യാച്ചുകളുടെ അംബാസഡര്‍ ഫാഫ് ഡുപ്ലസിയാണ്. ഗ്രൗണ്ടില്‍ നിന്നും തെന്നിനീങ്ങിയ താരം ബൗണ്ടറി ലൈനില്‍ തൊടുമെന്ന് മനസ്സിലാക്കിയതോടെ വലതു കൈ കൊണ്ട് പന്ത് ലോങ് ഓണില്‍ തയ്യാറായി നിന്ന ഡുപ്ലെസിക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു. ഡുപ്ലസി ഇത് അനായാസം പിടികൂടിയതോടെ ക്യാച്ച് പൂര്‍ത്തിയാവുകയും ചെയ്തു.

എന്താണ് സംഭവിച്ചതെന്നു പോലും മനസിലാക്കാതെ ക്രീസിൽ നിന്ന് മടങ്ങുമ്പോൾ ഒമ്പത് പന്തിൽ 17 റൺസായിരുന്നു നരേൻ അടിച്ചുകൂട്ടിയത്.

മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ അവസാന പന്തില്‍ 167 റണ്‍സിന് പുറത്താവുകയായിരുന്നു. ഓപ്പണിങിലേക്ക് ആദ്യമായി പ്രൊമോഷന്‍ ലഭിച്ച രാഹുല്‍ ത്രിപാഠിയാണ് കെകെആറിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 51 പന്തുകളിൽ എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെടെ 81 റൺസാണ് രാഹുലിന്റെ സമ്പാദ്യം.

സിഎസ്‌കെയ്ക്കു വേണ്ടി ഡ്വയ്ന്‍ ബ്രാവോ മൂന്നും സാം കറെന്‍, ശര്‍ദ്ദുല്‍ താക്കൂര്‍, കാണ്‍ ശര്‍മ എന്നിവര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. എന്നാൽ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് മാത്രമാണ് നേടാനായത്.

ചെന്നൈക്ക് വേണ്ടി ഷെയ്ൻ വാട്സൺ അർദ്ധ സെഞ്ച്വറി നേടി. 40 പന്തിൽ നിന്നാണ് വാട്സൺ 50റൺസ് എടുത്ത് പുറത്തായത്. ഡുപ്ലസിസ് 17ഉം അമ്പാട്ടി റായുഡു 30ഉം നായകൺ ധോണി 11 റൺസ് നേടി. സാം കറൺ 17റൺസ് നേടി പുറത്തായി.രവീന്ദ്ര ജഡേജ പുറത്താകാതെ21 റൺസും കേദാർ ജാദവ് ഏഴ് റൺസും നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook