മൂന്ന് തവണ ചാംപ്യന്മാരായ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ പതിമൂന്നാം സീസണിനും വിജയത്തോടെ തുടക്കം കുറിച്ചിരുന്നു. ഉദ്ഘാടന മത്സരത്തിൽ മുംബൈയെ പരാജയപ്പെടുത്തിയ ചെന്നൈ രണ്ടാം മത്സരത്തിന് ഇന്നിറങ്ങും. സ്റ്റീവ് സ്മിത്ത് നയിക്കുന്ന രാജസ്ഥാൻ റോയൽസാണ് ചെന്നൈയുടെ എതിരാളികൾ.
പതിവുപോലെ പരിചയസമ്പന്നരോടൊപ്പം മികച്ച ഒരുപിടി യുവതാരങ്ങളുമായി എത്തുന്ന രാജസ്ഥാൻ ഇത്തവണ കിരീടസാധ്യതകളിൽ സജീവമാണ്. എന്നാൽ സൂപ്പർ താരങ്ങളായ ബെൻ സ്റ്റോക്സിന്റെയും ജോസ് ബട്‌ലറുടെയും അഭാവം രാജസ്ഥാന് തിരിച്ചടിയാണ്. വ്യക്തിപരമായ കാരണങ്ങളാൽ ന്യൂസിലൻഡിലുള്ള ബെൻ സ്റ്റോക്സ് ഇതുവരെ ടീമിനൊപ്പം ചേർന്നട്ടില്ല. ജോസ് ബട്‌ലർ ക്വാറന്റൈനിലാണ്.
അതേസമയം സൂപ്പർ താരങ്ങളുടെ അഭാവത്തിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിക്കുന്ന ഒരുപിടി യുവതാരങ്ങൾ രാജസ്ഥാനൊപ്പമുണ്ട്. സഞ്ജു സാംസണും, ശ്രേയസ് ഗോപാൽ, യശാസ്വി ജയ്സ്വാൾ എന്നിങ്ങനെയുള്ള താരങ്ങളിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. ഒപ്പം നായകൻ സ്റ്റീവ് സ്മിത്ത്, മുതിർന്ന താരം റോബിൻ ഉത്തപ്പ, ജോഫ്രാ ആർച്ചർ എന്നിവരും എത്തുന്നതോടെ രാജസ്ഥാൻ ശരിക്കും റോയൽസാകും.
Also Read: പൊടിപൊടിച്ച് പടിക്കൽ; ഐപിഎൽ അരങ്ങേറ്റത്തിൽ അർധസെഞ്ചുറിയുമായി മലയാളി താരം ദേവ്ദത്ത്
ബട്‌ലറിന്റെ അഭാവത്തിൽ ജയ്സ്വാൾ ഓപ്പണറാകുമ്പോൾ സഞ്ജുവിനെ വിക്കറ്റിന് പിന്നിലും പ്രതീക്ഷിക്കാം. റോബിൻ ഉത്തപ്പയായിരിക്കും മറ്റൊരു ഓപ്പണർ. സ്റ്റീവ് സ്മിത്ത് നയിക്കുന്ന മധ്യനിരയിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാൻ സാധിക്കുന്ന റിയാൻ പരാഗും ശ്രേയസ് ഗോപലും നിർണായക സാനിധ്യമാണ്. ഒപ്പം എന്തിനുംപോന്ന ഡേവിഡ് മില്ലറും. ജോഫ്ര ആർച്ചർ നയിക്കുന്ന ബോളിങ് നിരയിൽ മായങ്ക് മാർഖണ്ഡെയ്ക്കായിരിക്കും സ്‌പിന്നിന്റെ ചുമതല.
രാജസ്ഥാൻ റോയൽ സാധ്യത XI: റോബിൻ ഉത്തപ്പ, യശാസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ, സ്റ്റീവ് സ്‌മിത്ത്, റിയാൻ പരാഗ്, ഡേവിഡ് മില്ലർ, ശ്രേയസ് ഗോപാൽ, ടോം കറൺ, ജോഫ്രാ ആർച്ചർ, ജയ്ദേവ് ഉനദ്കട്ട്, മായങ്ക് മാർഖണ്ഡെ.
Also Read: IPL 2020-SRH vs RCB: ജയത്തോടെ തുടങ്ങി കോഹ്‌ലിപ്പട; ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന്റെ ജയം 10 റൺസിന്
മുംബൈയുടെ പേരുകേട്ട ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയ ബോളേഴ്സിൽ തന്നെയാണ് ചെന്നൈയുടെ പ്രതീക്ഷ. മുരളി വിജയ് ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും ഒരിക്കൽ കൂടി ടീമിലിടം പിടിച്ചേക്കും. അമ്പാട്ടി റയ്ഡുവും ഫാഫ് ഡുപ്ലെസിസും ധോണിയും അടങ്ങുന്ന മധ്യനിരയും വെടിക്കെട്ട് തീർക്കാൻ സാധിക്കുന്ന ഓൾറൗണ്ടർമാരായ ജഡേജയും സാം കറനുംഉൾപ്പെടുന്ന പാനലും ചെന്നൈയുടെ വിജയപ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്നു. പിയൂഷ് ചൗള നയിക്കുന്ന ബോളിങ് നിരയിൽ മാറ്റമില്ലെങ്കിലും മുരളി വിജയ്ക്ക് പകരം റുതുരാജ് ഗയ്ക്വാദിന്റെ കണ്ടാലും അത്ഭുതമില്ല.
ചെന്നൈ സൂപ്പർ കിങ്സ് സാധ്യത XI: ഷെയ്ൻ വാട്സൺ, മുരളി വിജയ്, ഫാഫ് ഡുപ്ലെസിസ്, അമ്പാട്ടി റയ്ഡു, എംഎസ് ധോണി, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, സാം കറൺ, ദീപക് ചാഹർ, പിയൂഷ് ചൗള, ലുങ്കി എങ്കിഡി.