ഡൽഹി – പഞ്ചാബ് പോരാട്ടത്തിൽ മൂന്നാമനായി ഇറങ്ങിയ കരുൺ നായരെയും വിൻഡീസ് വെടിക്കെട്ട് താരം നിക്കോളാസ് പൂരാനെയും തന്റെ ആദ്യ ഓവറിൽ തന്നെ കൂടാരം കയറ്റിയാണ് ആർ അശ്വിൻ താരമയത്. പഞ്ചാബ് ഇന്നിങ്സിന്റെ അടിത്തറയിളക്കുന്നതായിരുന്നു ആ വിക്കറ്റുകൾ. എന്നാൽ താരത്തിന്റെ ആഘോഷം അധികം നീണ്ടില്ല അതേ ഓവറിന്റെ അവസാന പന്തിൽ ഡൈവ് ചെയ്യാനുള്ള ശ്രമത്തിൽ താരത്തിന് പരുക്കേറ്റു. കരഞ്ഞുകൊണ്ട് വൈദ്യസഹായം തേടിയ അശ്വിൻ പിന്നീട് കളിച്ചതുമില്ല.
Also Read: IPL 2020- SRHvsRCB: ഐപിഎല്ലിൽ ഇന്ന് ഹൈദരാബാദ് ബാംഗ്ലൂരിനെതിരെ; വിജയത്തുടക്കത്തിന് കോഹ്‌ലിപ്പട
ഗ്ലെൻ മാക്സ്‌വെൽ സിങ്കിളിനായി തട്ടിയിട്ട പന്തിൽ റൺസ് ഒഴിവാക്കുന്നതിനുവേണ്ടിയാണ് അശ്വിൻ ഡൈവ് ചെയ്തത്. ഇടംതോൾ കുത്തി വീണ താരത്തിന് സാരമായി തന്നെ പരുക്കേറ്റു. അസഹനീയമായ വേദനയാൽ കരഞ്ഞ കണ്ണുമായി കൂടാരം കയറിയ താരം ചികിത്സ തേടി. താരത്തിന് പകരം അജിങ്ക്യ രഹാനെയാണ് ഫീൽഡ് ചെയ്യാനെത്തിയത്.
Also Read: ആദ്യം ബാറ്റുകൊണ്ട് പിന്നെ പന്തുകൊണ്ട്; ഡൽഹിയുടെ തലവര മാറ്റിയെഴുതിയ സ്റ്റോയിനിസ്
അതേസമയം പരുക്ക് ആദ്യം കരുതിയതുപോലെ അത്ര ഗുരുതരമല്ലെന്നും അശ്വിൻ ഉടൻ തന്നെ മടങ്ങിയെത്തുമെന്നും നായകൻ ശ്രേയസ് അയ്യർ പറഞ്ഞു. താൻ അടുത്ത മത്സരത്തിന് തയ്യാറാണെന്ന് അശ്വിൻ അറിയിച്ചെങ്കിലും ഫിസിയോയുടെ തീരുമാനം നിർണായകമാകും.
Also Read: പണ്ടേ തോൽക്കേണ്ട മത്സരം സൂപ്പർ ഓവർ വരെയെത്തിച്ച മായങ്ക് മാജിക്കൽ ഇന്നിങ്സ്
കഴിഞ്ഞ സീസണിൽ താൻ നായകനായിരുന്ന കിങ്സ് ഇലവൻ പഞ്ചാബിനെതിരെ ഇത്തവണ ഡൽഹിയിലെത്തിയ അശ്വിൻ ആദ്യ പന്തിൽ തന്നെ വിക്കറ്റെടുത്തു. ആറാം ഓവറിൽ ശ്രേയസ് അശ്വിനെ പന്തേൽപ്പിക്കുമ്പോൾ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തിൽ 33 റൺസെന്ന നിലയിലായിരുന്നു. ആദ്യ പന്തിൽ തന്നെ കരുൺ നായരെ പുറത്താക്കിയ അഞ്ചാം പന്തിൽ നിക്കോളാസ് പൂരാനെയും വീഴ്ത്തി. ഓവറിൽ ആകെ രണ്ട് റൺസ് മാത്രമാണ് താരം വഴങ്ങിയത്.
Also Read: IPL 2020-DC vs KXIP: സ്റ്റോയിനിസിന്റെ ഷോക്കിൽ അടിതെറ്റി പഞ്ചാബ്; സൂപ്പർ ഓവറിൽ ഡൽഹിക്ക് ജയം
അതേസമയം വാശിയേറിയ പോരാട്ടത്തിൽ സൂപ്പർ ഓവറാണ് വിജയികളെ നിശ്ചയിച്ചത്. നിശ്ചിത ഓവറിൽ ഇരു ടീമുകളും 157 റൺസ് സ്വന്തമാക്കിയതോടെ മത്സരം സമനിലയിലാകുകയായിരുന്നു. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്യാനെത്തിയ പഞ്ചാബ് നായകനെ രണ്ടാം പന്തിൽ പുറത്താക്കിയ കഗിസോ റബാഡ ഡൽഹിക്ക് മേൽക്കൈ നൽകി. അടുത്ത പന്തിൽ പൂറന്റെ കുറ്റി തെറിപ്പിച്ച് വിജയലക്ഷ്യം മൂന്നിലേക്ക് ചുരുക്കി. ഡൽഹിക്കായി കളത്തിലിറങ്ങിയ പന്തിനും ശ്രേയസിനും കാര്യങ്ങൾ എളുപ്പമായിരുന്നു. രണ്ട് പന്തിൽ മൂന്ന് റൺസ് നേടി ഡൽഹി ജയം ഉറപ്പിച്ചു.