കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയതോടെ ക്രിക്കറ്റ് ആരാധകർ കൂടുതൽ നിരാശരാവുകയാണ്. കുട്ടിക്രിക്കറ്റിൽ വമ്പൻ പൂരമായ ഐപിഎൽ നടക്കുന്ന കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഏപ്രിൽ 14 വരെ 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിക്കുകയായിരുന്നു.

നേരത്തെ മാർച്ച് 29നായിരുന്നു ഐപിഎൽ 13-ാം പതിപ്പ് ആരംഭിക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വ്യാപനം തടയുന്നതിന് ഐപിഎൽ മാറ്റിവയ്ക്കുകയായിരുന്നു. ഏപ്രിൽ 15ന് ഐപിഎൽ തുടങ്ങാനായിരുന്നു ബിസിസിഐ നിശ്ചയിച്ചിരുന്നത്. എന്നാൽ ലോക്ക്ഡൗൺ നീട്ടുന്ന സാഹചര്യത്തിൽ ഐപിഎല്ലും അനിശ്ചിത കാലത്തേക്ക് മാറ്റിവയ്ക്കേണ്ട സാഹചര്യമാണുള്ളത്.

Also Read: പ്രണയത്തിനു പ്രായമില്ല; നെയ്‌മറിന്റെ അമ്മയുടെ പുതിയ ജീവിതപങ്കാളി ഇരുപത്തിരണ്ടുകാരൻ

ഇത്തവണ ഐപിഎൽ നടക്കുമോയെന്ന കാര്യത്തിൽ വരെ ആശങ്ക നിലനിൽക്കുന്നുണ്ട്. ടൂർണമെന്ര് സംഘടിപ്പിക്കണമെന്ന് തന്നെയാണ് ബിസിസിഐയും താരങ്ങളും ആരാധകരും ആഗ്രഹിക്കുന്നതെങ്കിലും പ്രത്യേക സാഹചര്യം പരിഗണിക്കേണ്ട ആവശ്യകതയുണ്ട്. മെയ് മൂന്നിന് ശേഷമുള്ള സർക്കാർ നിലപാടിൽ ആശ്രയിച്ചിരിക്കും ഐപിഎൽ 13-ാം പതിപ്പിന്റെ ഭാവി.

സീസൺ വെട്ടിച്ചുരുക്കുന്നതിനെക്കുറിച്ചും 2020 ന്റെ അവസാന പകുതിയിലേക്ക് മാറ്റുന്നതിനെക്കുറിച്ചും ബിസിസിഐ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ടൂർണമെന്റ് നടക്കാതെ വന്നാൽ ബിസിസിഐയ്ക്ക് 2,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ട്. അത് നികത്തുന്നതിന്, കളിക്കാരുടെ ശമ്പളം ഒരു പരിധിവരെ വെട്ടിക്കുറയ്ക്കേണ്ടിവരും.

Also Read: “ഐപിഎൽ അടച്ചിട്ടും നടത്താം, ടി20 ലോകകപ്പ് അങ്ങനെയല്ല”

മാര്‍ച്ച് 14-ന് ബിസിസിഐ ഐപിഎല്‍ ടീം ഉടമകളുമായി കൊറോണ വൈറസ് വ്യാപനത്തെ കുറിച്ചും ഈ സീസണില്‍ അത് ഉണ്ടാക്കാവുന്ന പ്രതിഫലനത്തെ കുറിച്ചും ചര്‍ച്ച നടത്തിയിരുന്നു. മത്സരങ്ങള്‍ വെട്ടിക്കുറച്ച് ഐപിഎല്‍ നടത്താന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തയ്യാറായിരുന്നു. 2009-ല്‍ 37 ദിവസത്തെ ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയില്‍ വച്ച് നടത്തിയത് പോലെ ബോര്‍ഡിന് നടത്താന്‍ കഴിയുമെന്ന് ഫ്രാഞ്ചൈസികള്‍ കരുതിയിരുന്നു. എങ്കിലും കാര്യങ്ങള്‍ നിരീക്ഷിച്ചശേഷം തീരുമാനം എടുക്കാമെന്ന നിലപാടിലായിരുന്നു ഗാംഗുലി.

രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 10,000 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 10,363 ആയി. 339 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇപ്പോൾ ചികിത്സയിലുള്ള 8,988 പേരാണ്. 1035 പേർക്ക് രോഗം ഭേദപ്പെട്ടു. രാജ്യത്ത് അതീവ ജാഗ്രത തുടരുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook