ഇന്ത്യൻ പ്രീമിയർ ലീഗിന്രെ പ്രാഥമിക ഘട്ടം ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുകയാണ്. പത്ത് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ പ്ലേ ഓഫ് സാധ്യതകൾ ചെന്നൈ ഒഴികെ മറ്റെല്ല ടീമുകൾക്കും ഇപ്പോഴും സജീവമാണ്. ആദ്യ ഏഴ് മത്സരങ്ങളിൽ ആറും പരാജയപ്പെട്ട പഞ്ചാബ് തുടർച്ചയായ കൊൽക്കത്തയ്ക്കെതിരായ തകർപ്പൻ വിജയമുൾപ്പടെ അഞ്ച് ജയങ്ങളുമായി ലീഗിലേക്ക് മടങ്ങിയെത്തിയപ്പോൾ പോയിന്റ് പട്ടികയിൽ പിന്നിലാണെങ്കിലും ഹൈദരാബാദിനും രാജസ്ഥാനും ഇനിയും പ്ലേ ഓഫിലെത്താൻ സാധിച്ചേക്കും. അതിന് മറ്റ് ടീമുകളുടെ മത്സരഫലങ്ങൾക്കായും കാത്തിരിക്കണമെന്ന് മാത്രം.

പോയിന്റ് പട്ടികയിൽ മുന്നിൽ നിലവിലെ ചാംപ്യന്മാരായ മുംബൈ തന്നെ. 11 മത്സരങ്ങളിൽ ഏഴും ജയിച്ച മുംബൈയുടെ അക്കൗണ്ടിൽ 14 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഡൽഹിക്കും മൂന്നാം സ്ഥാനത്തുള്ള ബാംഗ്ലൂരിനും അത്ര തന്നെ പോയിന്റുണ്ടെങ്കിലും റൺശരാശരിയിൽ മുംബൈയാണ് മുന്നിൽ. ആകെ 11 മത്സരങ്ങളാണ് മൂന്ന് ടീമുകളും കളിച്ചത്.

കൊൽക്കത്തയ്ക്കെതിരായ ജയത്തോടെ പഞ്ചാബും ആദ്യ നാലിൽ ഇടംപിടിച്ചു. ശക്തമായ തിരിച്ചുവരവാണ് ലീഗിൽ പഞ്ചാബ് നടത്തിയത്. 12 കളികളിൽ നിന്ന് 12 പോയിന്റാണ് പഞ്ചാബിന്റെ സമ്പാദ്യം. അത്രതന്നെ പോയിന്റുമായി കൊൽക്കത്ത അഞ്ചാം സ്ഥാനത്തും. പത്ത് പോയിന്റുള്ള രാജസ്ഥാൻ ആറാം സ്ഥാനത്തുമാണ്. എട്ട് പോയിന്റുള്ള ഹൈദരാബാദും ചെന്നൈയുമാണ് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാർ. അതേസമയം പ്ലേ ഓഫ് എന്ന മോഹങ്ങൾ അവസാനിച്ചത് ചെന്നൈയുടെ മാത്രമാണ്. ഹൈദരാബാദിന് ഇനിയുമൊരു മടങ്ങിവരവ് സാധ്യമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

റൺവേട്ടക്കാരിൽ പഞ്ചാബ് നായകൻ കെ.എൽ രാഹുലാണ് മുന്നിൽ. 12 മത്സരങ്ങളിൽ നിന്ന് ഈ പഞ്ചാബ് ഓപ്പണർ സ്വന്തമാക്കിയത് 595 റൺസാണ്. ഇതിൽ ഒരു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. കഴിഞ്ഞ രണ്ട് കളികളിലും സെഞ്ചുറിയുമായി തിളങ്ങിയ ധവാൻ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. 471 റൺസാണ് താരത്തിന്റെ സമ്പാദ്യം. 415 റൺസുമായി വിരാട് കോഹ്‌ലിയും 401 റൺസുമായി ഡുപ്ലെസിസും 398 റൺസ് സ്വന്തമാക്കിയ മായങ്ക് അഗർവാളുമാണ് ആദ്യ അഞ്ചിലെ മറ്റ് താരങ്ങൾ.

ബോളർമാരിൽ ഡൽഹിയുടെ ദക്ഷിണാഫ്രിക്കൻ താരം കഗിസോ റബാഡ ആധിപത്യം തുടരുന്നു. 11 കളികളിൽ നിന്ന് 23 പേരെയാണ് റബാഡ ഇതുവരെ പുറത്താക്കിയത്. രണ്ടാം സ്ഥാനത്തുള്ള മുഹമ്മദ് ഷമിയുടെ അക്കൗണ്ടിൽ 20 വിക്കറ്റുകളുണ്ട്. ജോഫ്ര ആർച്ചർ, ജസ്പ്രീത് ബുംറ എന്നിവർ 17 വിക്കറ്റുകൾ കൊയ്തപ്പോൾ ഇന്ത്യൻ സ്‌പിന്നർ യുസ്‌വേന്ദ്ര ചാഹൽ ലീഗിൽ ഇതുവരെ 16 വിക്കറ്റുകൾ വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook