ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് എം.എസ്.ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്. എന്നാൽ, ഈ സീസണിൽ ആരാധകരെ മുഴുവൻ നിരാശപ്പെടുത്തിയിരിക്കുകയാണ് ഐപിഎല്ലിലെ മഞ്ഞപ്പട. ലീഗിലെ പകുതിയിലേറെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ പ്ലേ ഓഫ് സാധ്യത പോലും ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിദൂരത്താണ്.

ഈ സീസണിൽ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പത്ത് മത്സരങ്ങൾ പൂർത്തിയായി. പ്ലേ ഓഫിനു മുൻപ് ബാക്കിയുള്ള നാല് മത്സരങ്ങൾ മാത്രം. പത്ത് കളികളിൽ നിന്ന് മൂന്ന് ജയം മാത്രം സ്വന്തമുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്റ് പട്ടികയിൽ ഇപ്പോൾ ഏറ്റവും അവസാനമാണ്. ശേഷിക്കുന്ന നാല് മത്സരങ്ങളിൽ വലിയ മാർജിനോടെ ജയിച്ചാൽ പോലും ചെന്നൈ സൂപ്പര്‍ കിങ്‌സിന് കാര്യങ്ങൾ അനുകൂലമാകില്ല.

Read Also: മികച്ച തുടക്കത്തോടെ; ഐപിഎല്ലിൽ തിളങ്ങുന്ന പ്രകടനം കാഴ്ചവച്ച അഞ്ച് യുവ താരങ്ങൾ

ശേഷിക്കുന്ന നാല് മത്സരങ്ങളിലും ജയിച്ചാൽ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 14 പോയിന്റ് ആകും. എന്നാൽ, ഇതിനോടകം തന്നെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഡൽഹി ക്യാപിറ്റൽസിന് പത്ത് മത്സരങ്ങളിൽ നിന്ന് 14 പോയിന്റ് ഉണ്ട്. മാത്രമല്ല നാല് മത്സരങ്ങൾ ഇനിയും ശേഷിക്കുന്നു. ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ച ടീമാണ് ഡൽഹി.

പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ടീം രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസാണ്. ഒൻപത് മത്സരങ്ങളിൽ നിന്ന് ആറ് ജയവുമായി 12 പോയിന്റ് സ്വന്തമാക്കി കഴിഞ്ഞു മുംബൈ ഇന്ത്യൻസ്. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളിൽ ഒരെണ്ണത്തിലോ രണ്ടെണ്ണത്തിലോ ജയിച്ചാൽ തന്നെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കളിക്കും. ഇതേ അവസ്ഥയാണ് മൂന്നാം സ്ഥാനത്തുള്ള റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും. ഒൻപത് കളികളിൽ ആറ് ജയവുമായി 12 പോയിന്റുള്ള ബാംഗ്ലൂർ നെറ്റ് റൺ റേറ്റിന്റെ കാര്യത്തിൽ മാത്രമാണ് മുംബൈ ഇന്ത്യൻസിനേക്കാൾ താഴെ നിൽക്കുന്നത്. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളിൽ രണ്ടെണ്ണമെങ്കിലും ജയിച്ചാൽ തന്നെ ബാംഗ്ലൂരിന് 16 പോയിന്റാകും. പ്ലേ ഓഫിലെത്താൻ സാധ്യതയുള്ള മറ്റൊരു ടീം കോഹ്‌ലിപ്പട തന്നെ.

എന്നാൽ, നാലാം സ്ഥാനത്തേക്ക് വേണ്ടിയാണ് പോര് മുറുകുക. ഒൻപത് കളികളിൽ നിന്ന് പത്ത് പോയിന്റുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നാലാം സ്ഥാനത്താണ്. ഇന്ന് ആർസിബിയുമായാണ് കൊൽക്കത്തയുടെ പത്താം മത്സരം. ഈ മത്സരത്തിലെ ഫലം ഏറെ നിർണായകമാണ്. പ്ലേ ഓഫ് സാധ്യതകൾ ഉറപ്പിക്കാൻ കൊൽക്കത്തയ്‌ക്ക് ഇന്ന് ജയിക്കണം.

Read Also: അതീവ ക്ഷീണിതൻ, ഓടാൻ വയ്യ; പാടുപെട്ട് ധോണി, ആരാധകർ നിരാശയിൽ

ഇന്നലെ ഡൽഹി ക്യാപിറ്റൽസും കിങ്‌സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സിന് നിർണായകമായിരുന്നു. ഡൽഹി ക്യാപിറ്റൽസ് ജയിച്ചിരുന്നെങ്കിൽ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആശ്വസിക്കാൻ വകയുണ്ടായിരുന്നു. എന്നാൽ, ഡൽഹിയെ പഞ്ചാബ് തോൽപ്പിച്ചത് ചെന്നൈ സൂപ്പര്‍ കിങ്‌സിനും വൻ തിരിച്ചടിയായി. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലായിരുന്ന പഞ്ചാബ് ഡൽഹിക്കെതിരായ ജയത്തോടെ നില മെച്ചപ്പെടുത്തി. ഇത് ചെന്നൈ സൂപ്പര്‍ കിങ്സ്, സണ്‍റൈസേഴ്‌സ് ഹൈദരബാദ് തുടങ്ങിയ ടീമുകൾക്കെല്ലാം വൻ തിരിച്ചടിയായി.

2010 ലെ ഐപിഎല്ലിൽ 14 പോയിന്റ് മാത്രമായി പ്ലേ ഓഫിൽ കയറിയ ചരിത്രം ചെന്നൈ സൂപ്പര്‍ കിങ്‌സിനുണ്ട്. ആ സീസണിൽ ചെന്നൈ കിരീടം നേടുകയും ചെയ്‌തു. സമാന രീതിയിൽ 2014 ൽ മുംബൈ ഇന്ത്യൻസും വെറും 14 പോയിന്റ് മാത്രമായി പ്ലേ ഓഫിൽ കയറികൂടിയിട്ടുണ്ട്. എന്നാൽ, ഫൈനലിലേക്ക് എത്താൻ സാധിച്ചില്ല. 2010 ആവർത്തിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ചെന്നൈ ആരാധകരുടെ മനസിലുള്ളത്. ചെന്നൈയുടെ ശേഷിക്കുന്ന മത്സരങ്ങൾ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിങ്‌സ് ഇലവൻ പഞ്ചാബ് എന്നിവർക്കെതിരെയാണ്. നാല് ടീമുകളും ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്നവരാണ്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook