ഇന്ത്യൻ പ്രീമിയർ ലീഗിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെന്നൈ ക്യാമ്പിൽ നിന്ന് ആശങ്കയുടെ വാർത്ത. ഇന്ത്യൻ താരമുൾപ്പടെ ചെന്നൈ ടീമിലെ ഒന്നിലധികം താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ താരങ്ങളുടെ പേര് പുറത്ത് വിട്ടിട്ടില്ല. ഈ സാഹചര്യത്തിൽ എംഎസ് ധോണി നയിക്കുന്ന ചെന്നൈ ടീമിന്റെ ക്വാറന്റൈൻ കാലാവധി നീട്ടി എന്നാണ് റിപ്പോർട്ടുകൾ.
ടൂർണമെന്റിന് മുന്നോടിയായി താരങ്ങൾ ചെന്നൈയിലെത്തി പരിശീലനം നടത്തിയിരുന്നു. ഇതിന് ശേഷം ധോണി, റെയ്ന, ജഡേജ ഉൾപ്പടെയുള്ള മുതിർന്ന താരങ്ങൾ ഒന്നിച്ചാണ് ദുബായിലേക്ക് പുറപ്പെട്ടത്. ദുബായിലെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ബിസിസിഐയുടെ കോവിഡ് ചട്ടം അനുസരിച്ച് ഏഴ് ദിവസം കൂടി ടീം നിരീക്ഷണത്തിൽ തുടരേണ്ടതുണ്ട്.
Also Read: IPL 2020: സാമൂഹിക അകലം ഉറപ്പാക്കാൻ താരങ്ങൾക്ക് ബ്ലൂടൂത്ത് ബാൻഡ്
“അടുത്തിടെ ഇന്ത്യയ്ക്കുവേണ്ടി കളിച്ച ഒരു വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബോളർക്കും സ്റ്റാഫ് അംഗങ്ങൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നമുക്കറിയാവുന്നിടത്തോളം, സിഎസ്കെ മാനേജ്മെന്റിന്റെ മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാളും ഭാര്യയും അവരുടെ സോഷ്യൽ മീഡിയ ടീമിലെ രണ്ട് അംഗങ്ങളെങ്കിലും കോവിഡ് -19 പോസിറ്റീവ് ആണ്,” ചെന്നൈയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
Also Read: ‘സാഹചര്യങ്ങൾ മാറിയേക്കാം, ലക്ഷ്യങ്ങളല്ല’; വിരാട് കോഹ്ലിയുടെ വർക്ക്ഔട്ട് വീഡിയോ ഏറ്റെടുത്ത് ആരാധകർ
അതേസമയം ടൂർണമെന്റിന്റെ ഭാഗമാകുന്ന താരങ്ങളെല്ലാം ബ്ലൂടൂത്ത് ബാൻഡ് ധരിക്കണം. താരങ്ങൾക്ക് മാത്രമല്ല അവരുടെ കുടുംബാംഗങ്ങൾക്കും ബാൻഡ് നിർബന്ധമാണ്. പ്രത്യേക ബ്ലൂടൂത്ത് ബാൻഡ് കയ്യിൽ ധരിക്കുന്നതിലൂടെ സാമൂഹിക അകലം ഉറപ്പാക്കാൻ സാധിക്കും. രണ്ട് മീറ്റർ അകലം പാലിക്കാതെ വരുന്ന സാഹചര്യത്തിൽ ബാൻഡിലെ അലറാം ശബ്ദം പുറപ്പെടുവിക്കും. ദിവസത്തിന്റെ മുഴുവൻ സമയവും ധരിക്കേണ്ട ബാൻഡുകൾ കിടക്കുന്നതിന് മുമ്പ് മാത്രമേ അഴിക്കാൻ പാടുള്ളു.