IPL 2020, MIvsCSK Live Updates: ഓപ്പണർമാർ പരാജയപ്പെട്ടടുത്ത് മധ്യനിരയുടെ കരുത്തിൽ ഐപിഎൽ 13-ാം പതിപ്പിൽ ചെന്നൈയ്ക്ക് വിജയത്തുടക്കം. മുംബൈ ഇന്ത്യൻസിനെ അഞ്ച് വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. മുംബൈ ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നിൽക്കെ ചെന്നൈ മറികടന്നു. അർധസെഞ്ചുറി തികച്ച അമ്പാട്ടി റയ്ഡുവിന്റെയും ഫാഫ് ഡു പ്ലെസിസിന്റെയും ഇന്നിങ്സാണ് ചെന്നൈ ജയം അനായാസമാക്കിയത്.

സൗരഭ് തിവാരിയുടെ വെടിക്കെട്ട് മികവിൽ 162 റൺസാണ് മുംബൈ സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് തുടക്കം പിഴച്ചു. നാല് റൺസെടുത്ത ഷെയ്ൻ വാട്സണെ ആദ്യ ഓവറിൽ ട്രെന്റ് ബോൾട്ടും ഒരു റൺസെടുത്ത മുരളി വിജയ്‌യെ ജെയിംസ് പാറ്റിൻസണും വിക്കറ്റിന് മുന്നിൽ കുടുക്കി.

Also Read: ‘തിറുമ്പി വന്തിട്ടേണ് സൊല്ല്’; 437 ദിവസങ്ങൾക്ക് ശേഷം ‘സിങ്കം’ ലുക്കിൽ എം.എസ് ധോണി കളത്തിൽ

എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഡുപ്ലെസിസ് – റയ്ഡു സഖ്യം ക്രീസിൽ നിലയുറപ്പിച്ചു. സവധാനം ചെന്നൈ സ്കോർബോർഡ് ചലിപ്പിച്ച് തുടങ്ങിയ ഇരുവരും പിന്നീട് തകർത്തടിക്കാൻ തുടങ്ങുകയായിരുന്നു. മൂന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത സഖ്യം പൊളിച്ചത് രാഹുൽ ചാഹറായിരുന്നു. 71 റൺസെടുത്ത റയ്ഡുവിനെ രാഹുൽ പുറത്താക്കിയതിന് പിന്നാലെ ക്രീസിലെത്തിയ ജഡേജയെ ക്രുണാൽ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ചെന്നൈ ഒന്ന് പതറി.

അതേസമയം അഞ്ചാമനായി എത്തിയ സാം കറൺ ക്രുണാലിനെ അടുത്തടുത്ത പന്തുകളിൽ ബൗണ്ടറി പായിച്ചതോടെ വിജയലക്ഷ്യം ചുരുങ്ങി. അടുത്ത ഓവറിൽ ബുംറയെയും സിക്സർ പായിച്ച സാം വിജയറണ്ണും കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അനാവശ്യ ഷോട്ടിൽ പുറത്തായി. പിന്നെ ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന സുവർണ നിമിഷമായിരുന്നു. 437 ദിവസങ്ങൾക്ക് ശേഷം ധോണി വീണ്ടും ക്രീസിൽ.

ധോണിയെ സാക്ഷിയാക്കി അർധസെഞ്ചുറി തികച്ച ഡുപ്ലെസിസ് സ്ട്രൈക്ക് ധോണിക്ക് കൈമാറുമ്പോൾ വിജയലക്ഷ്യം അഞ്ച് റൺസ് അകലെ. നേരിട്ട ആദ്യ പന്തിൽ തന്നെ ധോണി പുറത്ത് എന്ന് അമ്പർ വിളിച്ചെങ്കിലും ഡിആർഎസിലൂടെ ധോണി വിധി തിരുത്തി. അടുത്ത ഓവറിലെ ആദ്യ പന്ത് ബൗണ്ടറി പായിച്ച ഡുപ്ലെസിസ് തന്നെ അടുത്ത പന്തിൽ വിജയ റണ്ണും കണ്ടെത്തി.

Also Read: അതിർത്തി കാക്കുന്ന കാവൽക്കാരൻ; മുംബൈ താരങ്ങളെ പുറത്താക്കാൻ ബൗണ്ടറിയിൽ ഡുപ്ലെസിസിന്റെ തകർപ്പൻ ക്യാച്ച്

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസ് അടിച്ചെടുത്തത്. മുംബൈ നിരയിൽ ബാറ്റെടുത്തവരെല്ലാം തകർത്തടിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റെടുത്ത് ചെന്നൈ മത്സരം നിയന്ത്രിക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്കുവേണ്ടി നായകൻ രോഹിത് ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ചു. ദീപക് ചാഹറെറിഞ്ഞ ആദ്യ ഓവറിൽ 12 റൺസാണ് ഡി കോക്കും രോഹിതും ചേർന്ന് അടിച്ചെടുത്തത്. ലുങ്കി എങ്കിഡിയെയും കടന്നാക്രമിച്ച ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് മുംബൈയ്ക്ക് സമ്മാനിച്ചത്. എന്നാൽ അഞ്ചാം ഓവറിൽ പിയൂഷ് ചൗളയെ പരീക്ഷിച്ച ധോണിയുടെ തന്ത്രം വിജയം കണ്ടു. നാലാം പന്തിൽ സാം കറന്റെ കൈകളിൽ രോഹിത്തിനെ എത്തിച്ച ചൗള ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചു.

അടുത്ത ഓവറിൽ സാം കറൺ ഡി കോക്കിനെയും പുറത്താക്കിയതോടെ മുംബൈയ്ക്ക് തിരിച്ചടിയായി. രോഹിത് 10 റൺസിനും ഡി കോക്ക് 33 റൺസിനുമാണ് പുറത്തായത്. എന്നാൽ ക്രീസിൽ നിലയുറപ്പിച്ച സൂര്യകുമാർ യാദവും സൗരഭ് തിവാരിയും മുംബൈ സ്കോർബോർഡ് ചലിപ്പിച്ചു. 11-ാം ഓവറിന്റെ അവസാന പന്തിൽ ദീപക് ചാഹറിന്റെ പന്ത് ഉയർത്തിയടിച്ച സൂര്യകുമാർ സാം കറന്റെ കൈകളിൽ അവസാനിച്ചു. ജഡേജയെ അടുത്തടുത്ത പന്തുകളിൽ സിക്സർ പായിച്ച ഹാർദിക് പാണ്ഡ്യയ്ക്കും ക്രീസിൽ നിലയുറപ്പിക്കാനായില്ല.

Also Read: IPL 2020, Chennai Super Kings Squad and Schedule: ചിന്നത്തലയില്ലെങ്കിലും തലയെടുപ്പോടെ ചെന്നൈ; ലക്ഷ്യം നാലാം കിരീടം

അർധസെഞ്ചുറിയിലേക്ക് കുതിച്ച സൗരഭ് തിവാരിയെയും 14 റൺസെടുത്ത ഹാർദിക് പാണ്ഡ്യയെയും ബൗണ്ടറിയിലെ തകർപ്പൻ ക്യാച്ചിലൂടെ ഫാഫ് ഡു പ്ലെസിസാണ് പുറത്തായത്. 31 പന്തിൽ 42 റൺസായിരുന്നു സൗരഭ് തിവാരിയുടെ സമ്പാദ്യം. അവസാന ഓവറുകളിൽ തകർത്തടിക്കാൻ ശ്രമിച്ച ക്രുണാൽ പാണ്ഡ്യയെയും കിറോൺ പൊള്ളാർഡിനെയും ലുങ്കി എങ്കിഡി നായകൻ ധോണിയുടെ കൈകളിൽ എത്തിച്ചതോടെ മുംബൈ കുതിപ്പ് പൂർണമായും പിടിച്ചുകെട്ടാൻ ചെന്നൈയ്ക്ക് സാധിച്ചു. പാറ്റിൻസണിനെയും ലുങ്കി പുറത്താക്കിയപ്പോൾ നേരിട്ട ആദ്യ പന്തിൽ തന്നെ ട്രെന്റ് ബോൾട്ടിനെ ദീപക് ചാഹർ മടക്കി. ഇതോടെ മുംബൈ ഇന്നിങ്സ് 162 റൺസിൽ അവസാനിച്ചു.

ചെന്നൈയ്ക്ക് വേണ്ടി ലുങ്കി എങ്കിഡി മൂന്ന് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ രവീന്ദ്ര ജഡേജ,ദീപക് ചാഹർ എന്നിവർ രണ്ടും സാം കറൺ, പിയൂഷ് ചൗള എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ചെന്നൈ സൂപ്പർ കിങ്സ് പ്ലെയിങ് ഇലവൻ: മുരളി വിജയ്, ഷെയ്ൻ വാട്സൺ, ഫാഫ് ഡുപ്ലെസിസ്, അമ്പാട്ടി റയ്ഡു, കേദാർ ജാദവ്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, സാം കുറൺ, ദീപക് ചാഹർ, പിയൂഷ് ചൗള, ലുങ്കി എങ്കിഡി

മുംബൈ ഇന്ത്യൻസ് പ്ലെയിങ് ഇലവൻ: ക്വിന്റൻ ഡി കോക്ക്, രോഹിത് ശർമ, സൂര്യകുമാർ യോദവ്, എസ് തിവാരി, ക്രുണാൽ പാണ്ഡ്യ, ഹാർദിക് പാണ്ഡ്യ, കിറോൺ പൊള്ളാർഡ്, ജെയിംസ് പറ്റിൻസൺ, രാഹുൽ ചാഹർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook