IPL 2020-MI vs SRH: മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി സൺറൈസേഴ്സ് ഹൈദരബാദ് പ്ലേ ഓഫിൽ പ്രവേശിച്ചു. പോയിന്റ് പട്ടികയിൽ മൂന്നാമതായാണ് ഹൈദരബാദ് പ്ലേ ഓഫിൽ കയറിയത്. മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയതും നെറ്റ് റൺ റേറ്റിലെ വർധനവും ഹൈദരബാദിന് തുണയായി. നാലാം സ്ഥാനത്തായിരുന്ന കൊൽക്കത്ത അഞ്ചാം സ്ഥാനത്തേക്കും മൂന്നാം സ്ഥാനത്തായിരുന്ന ബാംഗ്ലൂർ നാലാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
നാളെ ഐപിഎല്ലിൽ മത്സരങ്ങളില്ല. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസും രണ്ടാം സ്ഥാനത്തുള്ള ഡൽഹി ക്യാപിറ്റൽസും നവംബർ അഞ്ചിന് ആദ്യ പ്ലേ ഓഫ് മത്സരത്തിൽ ഏറ്റുമുട്ടും. ഈ മത്സരത്തിൽ വിജയിക്കുന്നവർ നേരിട്ട് ഫൈനലിൽ പ്രവേശിക്കും. നവംബർ ആറിന് നടക്കുന്ന പ്ലേ ഓഫിലെ രണ്ടാം മത്സരത്തിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ഹൈദരബാദിന് എതിരാളികൾ നാലാം സ്ഥാനത്തുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഈ മത്സരത്തിൽ തോൽക്കുന്നവർ ഐപിഎല്ലിൽ നിന്ന് പുറത്താകും. നവംബർ ഏഴിന് ഐപിഎൽ മത്സരങ്ങളില്ല. നവംബർ എട്ടിന് മുംബൈ-ഡൽഹി മത്സരത്തിൽ തോറ്റ ടീം ഹൈദരബാദ്-ബാംഗ്ലൂർ മത്സരത്തിലെ വിജയികളെ നേരിടും. ഈ മത്സരത്തിൽ വിജയിക്കുന്നവർ പ്ലേ ഓഫിലെ ആദ്യ മത്സരത്തിൽ (നവംബർ അഞ്ചിലെ) വിജയിച്ച ടീമുമായി ഐപിഎൽ 13-ാം സീസണിന്റെ ഫൈനൽ കളിക്കും.
മുംബൈ ഇന്ത്യൻസിനെതിരെ മികച്ച വിജയം
കരുത്തരായ മുംബൈ ഇന്ത്യൻസിനെതിരെ മികച്ച വിജയം നേടിയാണ് ഡേവിഡ് വാർണറും സംഘവും ഐപിഎൽ പ്ലേ ഓഫിലേക്ക് പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 149 റൺസ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരബാദ് 17.1 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ഇത് മറികടന്നു. സൺറൈസേഴ്സ് ഹൈദരബാദിനുവേണ്ടി ഓപ്പണർമാരായ വൃദ്ധിമാൻ സാഹ, നായകൻ ഡേവിഡ് വാർണർ എന്നിവർ അർധ സെഞ്ചുറി നേടി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടി.
ആദ്യം മുതലേ തുടരെ തുടരെ വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ മുംബൈ ഇന്ത്യൻസിനു അവസാന ഓവറുകളിൽ കിറോൺ പൊള്ളാർഡ് നടത്തിയ മിന്നൽ വെടിക്കെട്ടാണ് തുണയായത്. 25 പന്തിൽ നിന്ന് നാല് സിക്സും രണ്ട് ഫോറുമായി 41 റൺസ് നേടിയാണ് പൊള്ളാർഡ് പുറത്തായത്.
സൂര്യകുമാർ യാദവ് (29 പന്തിൽ നിന്ന് 36), ഇഷാൻ കിഷൻ (30 പന്തിൽ നിന്ന് 33) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ക്വിന്റൺ ഡി കോക്ക് 13 പന്തിൽ നിന്ന് 25 റൺസ് നേടി പുറത്തായി. കഴിഞ്ഞ നാല് മത്സരങ്ങളിൽ പരുക്ക് മൂലം കളിക്കാതിരുന്ന രോഹിത് ശർമ ഇന്ന് കളത്തിലിറങ്ങി. എന്നാൽ, ഓപ്പണറായി ഇറങ്ങിയ രോഹിത്തിന് ഏഴ് പന്തിൽ നിന്ന് നാല് റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.
ഹൈദരബാദിന് വേണ്ടി സന്ദീപ് ശർമ മൂന്ന് വിക്കറ്റുകൾ നേടി. ജേസൺ ഹോൾഡർ, ഷഹബാദ് നദീം എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടിയപ്പോൾ റാഷിദ് ഖാൻ ഒരു വിക്കറ്റും സ്വന്തമാക്കി. ജസ്പ്രീത് ബുംറ, ട്രന്റ് ബോൾട്ട്, ഹാർദിക് പാണ്ഡ്യ തുടങ്ങിയ പ്രമുഖ താരങ്ങൾ ഇല്ലാതെയാണ് മുംബൈ ഇന്ത്യൻസ് കളിക്കാനിറങ്ങിയത്.
ടോസ് ലഭിച്ച ഹെെദരബാദ് മുംബെെ ഇന്ത്യൻസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
പോയിന്റ് പട്ടിക
14 കളികളിൽ നിന്ന് ഒൻപത് വിജയവും അഞ്ച് തോൽവിയുമായി 18 പോയിന്റോടെ മുംബൈ ഇന്ത്യൻസ് ഒന്നാം സ്ഥാനത്ത്. 14 കളികളിൽ നിന്ന് എട്ട് ജയവും ആറ് തോൽവിയുമായി ഡൽഹി ക്യാപിറ്റൽസ് രണ്ടാം സ്ഥാനത്ത്. 14 കളികളിൽ നിന്ന് ഏഴ് ജയവും ഏഴ് തോൽവിയുമുള്ള സൺറൈസേഴ്സ് ഹൈദരബാദും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും യഥാക്രമം മൂന്നും നാലും സ്ഥാനത്ത്. നെറ്റ് റൺ റേറ്റിൽ സൺറൈസേഴ്സ് ഹൈദരബാദ് ബാംഗ്ലൂരിനെ മറികടന്നു. 14 കളികളിൽ നിന്ന് ഏഴ് ജയം ഉണ്ടെങ്കിലും നെറ്റ് റൺറേറ്റ് കുറവായതിനാൽ കൊൽക്കത്ത അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 14 കളികളിൽ നിന്ന് ആറ് ജയവും എട്ട് തോൽവിയുമുള്ള കിങ്സ് ഇലവൻ പഞ്ചാബ്, ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾ യഥാക്രമം ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിൽ.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook