IPL 2020-MI vs RR: ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ടിനു പലിശ സഹിതം കടംവീട്ടി ബെൻ സ്റ്റോക്സും സഞ്ജു സാംസണും. മുംബെെ ഇന്ത്യൻസ് ഉയർത്തിയ പടുകൂറ്റൻ വിജയലക്ഷ്യം രാജസ്ഥാൻ റോയൽസ് അനായാസം മറികടന്നു. മുംബെെയുടെ 195 റൺസ് 18.2 ഓവറിൽ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ റോയൽസ് മറികടക്കുകയായിരുന്നു, എട്ട് വിക്കറ്റ് വിജയം സ്വന്തമാക്കി. ബെൻ സ്റ്റോക്സ് സെഞ്ചുറി നേടിയപ്പോൾ സഞ്ജു സാംസൺ അർധ സെഞ്ചുറിയും സ്വന്തമാക്കി.
ബെൻ സ്റ്റോക്സും സഞ്ജു സാംസണും കളം നിറഞ്ഞു കളിച്ചപ്പോൾ മുംബെെ താരങ്ങൾ നോക്കുകുത്തികളായി. സ്റ്റോക്സും സഞ്ജുവും ചേർന്ന് മുംബെെ ബൗളര്മാരെ തലങ്ങും വിലങ്ങും അടിച്ചു. ബെൻ സ്റ്റോക്സ് 60 പന്തിൽ നിന്ന് 107 റൺസ് നേടി പുറത്താകാതെ നിന്നു. മൂന്ന് സിക്സും 14 ഫോറും സഹിതമാണ് സ്റ്റോക്സിന്റെ വെടിക്കെട്ട് ഇന്നിങ്സ്.
ഈ സീസണിൽ ഫോം കണ്ടെത്താൻ ഏറെ പ്രയാസപ്പെട്ട താരമായിരുന്നു സ്റ്റോക്സ്. രാജസ്ഥാൻ ആരാധകർ അടക്കം സ്റ്റോക്സിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ, എല്ലാ വിമർശനങ്ങൾക്കും ബാറ്റ് കൊണ്ട് മറുപടി കൊടുത്തിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോ കൂടിയായ സ്റ്റോക്സ്. വലിയ സ്കോർ പിന്തുടരുന്നതിന്റെ യാതൊരു സമ്മർദ്ദവും സ്റ്റോക്സിന്റെ മുഖത്തുണ്ടായിരുന്നില്ല. തുടക്കം മുതൽ ഒടുക്കം വരെ ഏറെ ആസ്വദിച്ചാണ് സ്റ്റോക്സ് ബാറ്റ് വീശിയത്. 97 റൺസിൽ നിൽക്കെ സിക്സ് പായിച്ചാണ് സ്റ്റോക്സ് സെഞ്ചുറി നേടിയത്, അതും 53 പന്ത് മാത്രം നേരിട്ട്.
സ്റ്റോക്സിനൊപ്പം സഞ്ജു സാംസണും മുംബെെക്ക് ഇരട്ട പ്രഹരമേൽപ്പിച്ചു. സഞ്ജു സാംസൺ 31 പന്തിൽ നിന്ന് 54 റൺസ് നേടി പുറത്താകാതെ നിന്നു. നാല് ഫോറും മൂന്ന് സിക്സും സഹിതമാണ് സഞ്ജു അർധ സെഞ്ചുറി നേടിയത്.
13 റൺസെടുത്ത റോബിൻ ഉത്തപ്പയുടെയും 11 റൺസെടുത്ത സ്റ്റീവ് സ്മിത്തിന്റെയും വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 195 റൺസ് നേടിയത്.
അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബെെ ഇന്ത്യൻസിന് മികച്ച സ്കോർ സമ്മാനിച്ചത്. രാജസ്ഥാനെ യാതൊരു ദയാദക്ഷിണ്യവുമില്ലാതെ ഹാർദിക് അടിച്ചോടിച്ചു. വെറും 21 പന്തുകളിൽ നിന്ന് ഹാർദിക് പുറത്താകാതെ നേടിയത് 60 റൺസ്. ഏഴ് സിക്സവും രണ്ട് ഫോറും സഹിതമാണ് പാണ്ഡ്യ 60 റൺസ് നേടിയത്.
രജ്പുത് എറിഞ്ഞ 18-ാം ഓവറിൽ ഹാർദിക് പാണ്ഡ്യ നാല് പടുകൂറ്റൻ സിക്സുകൾ പായിച്ചു. ഇതിൽ മൂന്നെണ്ണം തുടർച്ചയായി അതിർത്തി കടന്നു. അവസാന ഓവർ എറിയാനെത്തിയ കാർതിക് ത്യാഗിയും ഹാർദിക് പാണ്ഡ്യയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. മൂന്ന് സിക്സും രണ്ട് ഫോറും ഈ ഓവറിൽ ഹാർദിക് അടിച്ചെടുത്തു.
ഈ ഓവറിൽ തന്നെയാണ് ഹാർദിക് പാണ്ഡ്യ അർധ സെഞ്ചുറി നേടിയത്. അർധ സെഞ്ചുറി നേടുമ്പോൾ നോൺ സ്ട്രെെക്ക് എൻഡിൽ ബാറ്റുമായി നിൽക്കുന്നുണ്ടായിരുന്നത് സഹോദരൻ ക്രുണാൽ പാണ്ഡ്യയും. അർധ സെഞ്ചുറി നേടിയ അനിയനെ ക്രുണാൽ അഭിനന്ദിച്ചു.
താൻ ഏറെ ആസ്വദിച്ച ഇന്നിങ്സാണിതെന്ന് ബാറ്റിങ്ങിനു ശേഷം ഹാർദിക് പറഞ്ഞു. “ഇങ്ങനെയൊരു അവസരത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. പക്ഷേ, ഇത്ര കളികൾ കഴിഞ്ഞിട്ടും ആഗ്രഹിച്ചിരുന്ന സാഹചര്യം ഒത്തുവന്നില്ല. ഒരു സിക്സ് അടിച്ചുകഴിഞ്ഞാൽ പിന്നെ താളം ലഭിക്കും. തുടർച്ചയായി സിക്സുകൾ പറത്താൻ സാധിക്കും. അതാണ് എനിക്ക് ഇഷ്ടവും. ഇന്നത്തെ മത്സരത്തിൽ കൂടുതൽ ഷോട്ടുകളും ബാറ്റിന്റെ അടി ഭാഗത്താണ് കൊണ്ടത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ബാറ്റ് കൊണ്ടാണ് ഞാൻ ഇന്ന് കളിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ ഈ ബാറ്റ് ഉപയോഗിക്കുന്നു. ഇത്ര വലിയ സ്കോറിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല,” ഹാർദിക് പാണ്ഡ്യ പറഞ്ഞു.
മുംബൈയുടെ തുടക്കവും ഒടുക്കവും മികച്ചതായിരുന്നു. മധ്യ ഓവറുകളിൽ മാത്രമാണ് മുംബൈ പരുങ്ങലിലായത്.
മുംബൈ ഇന്ത്യന്സിനു വേണ്ടി സൂര്യകുമാർ യാദവ് 26 പന്തിൽ നിന്ന് 40 റൺസ് നേടി. നാല് ഫോറും ഒരു സിക്സും അടങ്ങുന്നതാണ് സൂര്യകുമാർ യാദവിന്റെ ഇന്നിങ്സ്. ഓപ്പണർ ബാറ്റ്സ്മാൻ ഇഷാൻ കിഷൻ 36 പന്തിൽ നിന്ന് 37 റൺസ് നേടി പുറത്തായി.
രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ, ശ്രേയാസ് ഗോപാൽ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ കാർത്തിക് ത്യാഗി ഒരു വിക്കറ്റ് സ്വന്തമാക്കി.