ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ സ്ഥാനക്കാരുടെ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി മുംബൈ. 163 വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻസ് നിശ്ചിത 20 ഓവർ അവസാനിക്കാൻ രണ്ട് പന്ത് മാത്രം അവശേഷിക്കവേ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 166 റൺസാണ് മുംബൈ നേടിയത്.
മുംബൈക്ക് വേണ്ടി ഡികോക്കും സൂര്യകുമാർ യാദവും അർദ്ധ സെഞ്ച്വറി നേടി. ഡികോക്ക് 36 പന്തിൽ നിന്നും യാദവ് 32 പന്തിൽ നിന്നും 53 റൺസ് നേടി. മൂന്ന് സിക്സറും നാല് ബൗണ്ടറിയും അടങ്ങുന്നതാണ് ഡികോക്കിന്റെ ഇന്നിങ്സ്. യാദവ് ഒരു സിക്സറും ആറ് ഫോറും നേടി.
നായകനും ഓപ്പണറുമായ രോഹിത് ശർമ 12 പന്തിൽ നിന്ന് അഞ്ച് റൺസ് മാത്രം നേടി പുറത്തായിരുന്നു. ഇഷാൻ കിഷൻ 15 പന്തിൽ നിന്ന് 28 റൺസ് നേടി. കീരൺ പൊള്ളാഡ് 11ഉം കൃണാൽ പാണ്ഡ്യ 12ഉം റൺസെടുത്തു.
ഡൽഹിക്ക് വേണ്ടി റബാദ രണ്ട് വിക്കറ്റെടുത്തു. അക്ഷർ പട്ടേലും അശ്വിനും ഓപോ വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസ് അടിച്ചെടുത്തത്. അർധസെഞ്ചുറി നേടിയ മുതിർന്ന താരം ശിഖർ ധവാന്റെയും വെടിക്കെട്ട് പ്രകടനവുമായി തിളങ്ങിയ നായകൻ ശ്രേയസ് അയ്യരുടെയും പ്രകടനമാണ് ഡൽഹിക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
ആദ്യ അഞ്ച് ഓവറിൽ തന്നെ രണ്ട് മുൻനിര വിക്കറ്റുകൾ നഷ്ടമായ ഡൽഹിയുടെ പ്രതീക്ഷകൾ സജീവമാക്കിയത് മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ശിഖർ ധവാൻ – ശ്രേയസ് അയ്യർ സഖ്യമാണ്. സാവധാനം തുടങ്ങിയ ഇരുവരും അതിവേഗം സ്കോർബോർഡ് ചലിപ്പിച്ചു. 33 പന്തിൽ അഞ്ച് ഫോറടക്കം 42 റൺസ് നേടിയ ശ്രേയസിനെ ക്രുണാൽ പാണ്ഡ്യ പുറത്താക്കുമ്പോൾ ധവാൻ അർധസെഞ്ചുറി തികച്ചിരുന്നു.
എന്നാൽ അഞ്ചാമനായി എത്തിയ മാർക്കസിന് കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. 13 റൺസെടുത്ത താരം റൺഔട്ടാവുകയായിരുന്നു. 52 പന്തിൽ ആറു ഫോറും ഒരു സിക്സുമടക്കം ധവാൻ 69 റൺസെടുത്തപ്പോൾ അലക്സ് ക്യാരെയും 14 റൺസുമായി പുറത്താകാതെ നിന്നു.
ഡൽഹി ക്യാപിറ്റൽസ് പ്ലെയിങ് XI: പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, അജിങ്ക്യ രഹാനെ, അലക്സ് ക്യാരെ, മാർക്കസ് സ്റ്റൊയിനിസ്, അക്സർ പട്ടേൽ, ഹാർദിക് പട്ടേൽ, ആർ അശ്വിൻ, കഗിസോ റബാഡ, എ നോഷെ
മുംബൈ ഇന്ത്യൻസ് പ്ലെയിങ് XI: ക്വിന്റൻ ഡി കോക്ക്, രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ക്രുണാൽ പാണ്ഡ്യ, ഹാർദിക് പാണ്ഡ്യ, കിറോൺ പൊള്ളാർഡ്, ജെയിംസ് പാറ്റിൻസൺ, രാഹുൽ ചാഹർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ