ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം പതിപ്പിലേക്ക് എത്തുമ്പോഴും ടീമുകളിൽ മലയാളി സാനിധ്യം ഒട്ടും കുറവല്ല. കോഹ്‌ലിയുടെ ബാംഗ്ലൂരിലും ധോണിയുടെ ചെന്നൈയിലുമെല്ലാം മലയാളി താരങ്ങളുണ്ട്. എന്നാൽ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസിനൊപ്പം മാത്രം മലയാളികൾ ആരുമില്ല. ഐപിഎൽ പതിമൂന്നാം പതിപ്പിൽ ഒരു പാതിമലയാളി പോലും ഇടംപിടിക്കാതെ പോയ ഏക ടീമും മുംബൈയാണ്. ഇത്തവണ ടൂർണമെന്റിൽ തിളങ്ങാനൊരുങ്ങുന്ന മലയാളി താരങ്ങൾ ആരൊക്കെയെന്ന് നോക്കാം,

സഞ്ജു സാംസൺ (രാജസ്ഥാൻ റോയൽസ്) – ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2013 സീസൺ മുതൽ ടൂർണമെന്റിന്റെ ഭാഗമാണ് സഞ്ജു സാംസൺ എന്ന തിരുവനന്തപുരം സ്വദേശി. കൊൽക്കത്തയിലൂടെ ഐപിഎല്ലിൽ എത്തിയ സഞ്ജു ആദ്യമായി പാഡണിയുന്നത് രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ്. രാഹുൽ ദ്രാവിഡിന്റെ പ്രിയപ്പെട്ട ശിഷ്യനായ സഞ്ജു പിന്നീട് രാജസ്ഥാന്റെയും അഭിവാജ്യഘടകമായി മാറി. രാജസ്ഥാൻ രണ്ട് വർഷത്തെ വിലക്ക് നേരട്ടപ്പോൾ ഡൽഹിയിലെത്തിയ സഞ്ജുവിനെ തിരിച്ചുവരവിലും ടീം ഒപ്പം കൂട്ടി. 2018ൽ എട്ട് കോടി രൂപയ്ക്കാണ് രാജസ്ഥാൻ സഞ്ജുവിനെ സ്വന്തമാക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും സെഞ്ചുറി നേടിയ സഞ്ജു ഇത്തവണയും രാജസ്ഥാന്റെ വിശ്വസ്തനാണ്.

Also Read: IPL 2020-When and Where to watch MI vs CSK match, Live Streaming: മുംബൈ-ചെന്നൈ പോരാട്ടം എപ്പോൾ എവിടെ കാണാം?

സന്ദീപ് വാര്യർ (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്) – ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തിന് ശേഷമാണ് സന്ദീപ് വാര്യരെന്ന തൃശൂർ സ്വദേശി ഐപിഎൽ പതിമൂന്നാം സീസണിന്റെ വേദിയിലെത്തുന്നത്. 2019ൽ ഷാരൂഖ് ഖാന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ താരത്തെ ഈ സീസണിലും ടീം നിലനിർത്തിയിരുന്നു. കഴിഞ്ഞ സീസണിൽ കുറച്ച് അവസരങ്ങൾ മാത്രമാണ് ലഭിച്ചതെങ്കിലും കിട്ടിയവസരം മുതലെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. അത് തന്നെയാണ് കൊൽക്കത്ത സന്ദീപിനെ നിലനിർത്താനും കാരണം.

കെ.എം ആസിഫ് (ചെന്നൈ സൂപ്പർ കിങ്സ്) – ഐപിഎല്ലിലെ മറ്റൊരു മലയാളി പേസറാണ് കെ.എം ആസിഫ്. മലപ്പുറം എടവണ്ണ സ്വദേശിയായ ആസിഫ് കഴിഞ്ഞ സീസണിലാണ് രഞ്ജിയിൽ കേരളത്തിനുവേണ്ടി അരങ്ങേറ്റം കുറിക്കുന്നതെങ്കിലും 2018 മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമാണ്. യുഎഇയിലെ സ്ലോ പിച്ചിൽ താളം കണ്ടെത്താനായാൽ പേസർമാരുടെ അഭാവം വലയ്ക്കുന്ന ചെന്നൈയുടെ പ്ലെയിങ് ഇലവനിൽ ആസിഫുമുണ്ടാകും.

Also Read: IPL 2020: കണക്കുകൂട്ടി ചെന്നൈ, വിജയത്തുടക്കത്തിന് മുംബൈ; ഐപിഎല്ലിൽ ഇന്ന് തീപാറും പോരാട്ടം

ബേസിൽ തമ്പി (സൺറൈസേഴ്സ് ഹൈദരാബാദ്) – ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന്റെ മിന്നും താരമായ ബേസിൽ തമ്പി 2017 മുതൽ ഐപിഎല്ലിലുണ്ട്. ഗുജറാത്ത് ലയൺസിലൂടെ ഐപിഎൽ അരങ്ങേറ്റം കുറിച്ച താരം മികച്ച പ്രകടനത്തോടെ ആ വർഷത്തെ എമേർജിങ് പ്ലെയർ പുരസ്കാരവും സ്വന്തമാക്കി. 2018ലാണ് താരം സൺറൈസേഴ്സ് ഹൈദരാബിദിലെത്തുന്നത്.

പാതിമലയാളികൾ

മേൽപറഞ്ഞവർക്കൊപ്പം ഇന്ത്യൻ പ്രീമിയർ ലീഗിലെ ശ്രദ്ധേയ സാനിധ്യമായ പലർക്കും കേരളവുമായി അടുത്ത ബന്ധമാണുള്ളത്. ഡൽഹി ക്യാപിറ്റൽസ് നായകൻ കൂടിയായ യുവതാരം ശ്രേയസ് അയ്യരുടെ കുടുംബവേരുകൾ തൃശൂർ ജില്ലയിലാണ്. മുതിർന്ന ഇന്ത്യൻ താരം റോബിൻ ഉത്തപ്പയും പാതി മലയാളിയാണ്. ഏറെക്കാലം കൊൽക്കത്തയ്ക്കുവേണ്ടി കളിച്ച താരം ഇത്തവണ രാജസ്ഥാന്റെ ഭാഗമാണ്.

Also Read: IPL 2020: ഇവരെ കരുതിയിരിക്കുക; ഐപിഎല്ലിൽ അത്ഭുതം സൃഷ്ടിക്കാൻ പോകുന്ന യുവനിര, കൂട്ടത്തിൽ ഒരു മലയാളിയും

കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ മലയാളി സാനിധ്യം ദേവ്ദത്ത് പടിക്കലാണ്. അണ്ടർ 19 ലോകകപ്പിലുൾപ്പെട തിളങ്ങിയ താരം കഴിഞ്ഞ വർഷം ആഭ്യന്തര ക്രിക്കറ്റിൽ കർണാടകത്തിന് വേണ്ടിയും മിന്നും പ്രകടനമാണ് പുറത്തെടുത്തത്. കർണാടകത്തിന് വേണ്ടിയാണ് കളിക്കുന്നതെങ്കിലും ജന്മം കൊണ്ട് മലയാളിയാണ് ദേവ്ദത്ത്. എടപ്പാളാണ് സ്വദേശം.കിങ്സ് ഇലവൻ പഞ്ചാബിനുവേണ്ടി കളിക്കുന്ന കരുൺ നായരുടെയും ജനനം കേരളത്തിലാണ്. ആലപ്പുഴ സ്വദേശിയായ കരുണും ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്കുവേണ്ടിയാണ് കളിക്കുന്നത്. ടെസ്റ്റിൽ ഇന്ത്യൻ കുപ്പായത്തിൽ ട്രിപ്പിൾ സെഞ്ചുറിയടക്കം സ്വന്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook