scorecardresearch

IPL 2020 Live Score, RR vs KXIP: തീവെട്ടി തെവതിയ, സഞ്ജു ഷോ; കിങ്സിനെ വീഴ്ത്തി 'റോയൽ' രാജസ്ഥാൻ

മലയാളി താരം സഞ്ജു സാംസണിന്റെയും നായകൻ സ്മിത്തിന്റെയും പ്രതിനായകനിൽ നിന്ന് നായകനിലേക്ക് ഉയർന്ന തിവാട്ടിയയുടെയും ബാറ്റിങ് മികവിലാണ് രാജസ്ഥാൻ പഞ്ചാബ് ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം മറികടന്നത്

മലയാളി താരം സഞ്ജു സാംസണിന്റെയും നായകൻ സ്മിത്തിന്റെയും പ്രതിനായകനിൽ നിന്ന് നായകനിലേക്ക് ഉയർന്ന തിവാട്ടിയയുടെയും ബാറ്റിങ് മികവിലാണ് രാജസ്ഥാൻ പഞ്ചാബ് ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം മറികടന്നത്

author-image
Sports Desk
New Update
IPL 2020 Live Score, RR vs KXIP: തീവെട്ടി തെവതിയ, സഞ്ജു ഷോ; കിങ്സിനെ വീഴ്ത്തി 'റോയൽ' രാജസ്ഥാൻ

IPL 2020 Live Score, RR vs KXIP: ഇന്ത്യൻ പ്രീമിയർ ലീഗിലെ മറ്റൊരു ത്രസിപ്പിക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. മലയാളി താരം സഞ്ജു സാംസണിന്റെയും നായകൻ സ്മിത്തിന്റെയും പ്രതിനായകനിൽ നിന്ന് നായകനിലേക്ക് ഉയർന്ന തെവതിയയുടെയും ബാറ്റിങ് മികവിലാണ് രാജസ്ഥാൻ പഞ്ചാബ് ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം മറികടന്നത്. നാല് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം.

Advertisment

മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ ഓപ്പണർ ജോസ് ബട്‌ലറെ നഷ്ടമായ രാജസ്ഥാൻ റോയൽസിനു വേണ്ടി ഒരിക്കൽ കൂടി സ്‌മിത്ത് - സഞ്ജു കൂട്ടുകെട്ട് വിജയ പാത തെളിയിച്ചു. ഇത്തവണ അക്രമിച്ച് കളിച്ചത് സ്മിത്തായിരുന്നു. ആദ്യം അർധസെഞ്ചുറി തികച്ചതും നായകൻ തന്നെ. 27 പന്തിൽ രണ്ട് സിക്സും ഏഴ് ഫോറും അടക്കം 50 റൺസെടുത്ത് സ്‌മിത്ത് അർധശതകത്തിന് പിന്നാലെ കൂടാരം കയറി.

തകർപ്പനടികൾക്ക് നായകൻ നിയോഗിച്ച നാലാമൻ രാഹുൽ തെവതിയ തുടക്കത്തിൽ വൻ പരാജയമാകുന്നതായിരുന്നു കണ്ടത്. ഡോട്ട് ബോളുകൾ സൃഷ്ടിക്കുന്നതോടൊപ്പം റൺറേറ്റും കുത്തനെ താഴേക്ക് പതിക്കാൻ തെവതിയുടെ പ്രകടനം കാരണമായി. അപ്പോഴും പ്രതീക്ഷ നഷ്ടപ്പെടാതെ ഒരു വശത്ത് ബാറ്റ് വീശിയ സഞ്ജു ബൗണ്ടറികൾ കണ്ടെത്തിക്കൊണ്ടിരുന്നു. എന്നാൽ 17-ാം ഓവറിൽ 85 റൺസെടുത്ത സഞ്ജു പുറത്താകുമ്പോൾ രാജസ്ഥാന്റെ വിജയപ്രതീക്ഷകളും അവസാനിച്ചിരുന്നു.

അവിടെയാണ് പ്രതിനായകൻ നായകനാകുന്ന മുഹൂർത്തത്തിന് തുടക്കമാകുന്നതും. രണ്ട് ഫോറുകൾ പായിച്ച ഉത്തപ്പ ആ ഓവർ അവസാനിപ്പിക്കുമ്പോൾ തീവാട്ടിയായ്ക്ക് അറിയാമായിരുന്നു ഇനി തന്റെ ഊഴമാണെന്ന് കോട്ട്രൽ എറിഞ്ഞ 18-ാം ഓവറിൽ തെവതിയ പായിച്ചത് അഞ്ച് സിക്സ്. വിജയലക്ഷ്യം കുത്തനെ കുറച്ച തെവതിയ പിന്നാലെ അർധസെഞ്ചുറിയും തികച്ച് കളം വിട്ടു. രണ്ട് റൺസകലെയുള്ള വിജയം മറികടക്കാൻ പരാഗിനും സാധിച്ചില്ല. എന്നാൽ ആർച്ചറിനൊപ്പം ചേർന്ന ടോം കറൺ ആ വിജയവും സാധ്യമാക്കി.

Advertisment

മായങ്ക് അഗർവാളിന്റെ സെഞ്ചുറി മികവിലാണ് പഞ്ചാബ് കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയിരിക്കുന്നത്. അർധസെഞ്ചുറിയുമായി നായകൻ കെ.എൽ രാഹുലും മികച്ച പിന്തുണ നൽകിയതോടെ നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 223 റൺസാണ് പഞ്ചാബ് അടിച്ചെടുത്തത്.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത നായകൻ സ്റ്റീവ് സ്‌മിത്തിന്റെ തീരുമാനത്തോട് നീതിപുലർത്താൻ രാജസ്ഥാൻ ബോളർമാർക്കായില്ല. സാവധാനം തുടങ്ങിയ രാഹുലും മായങ്കും പവർ പ്ലേയിൽ ഗിയർ മാറി. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ രാഹുൽ തെവതിയ ഉൾപ്പടെ പേരുകേട്ട രാജസ്ഥാന്റെ ബോളിങ് നിര നിരന്തരം ബൗണ്ടറി കടക്കുന്ന കാഴ്ചയായിരുന്നു കണ്ടത്.

50 പന്തിൽ പത്ത് ഫോറും ഏഴ് സിക്സും അടക്കം 106 റൺസെടുത്ത മായങ്ക് ഒന്നാം വിക്കറ്റിൽ 183 റൺസിന്റെ കൂട്ടുകെട്ടാണ് കെ.എൽ രാഹുലിനൊപ്പം ചേർന്ന് സൃഷ്ടിച്ചത്. പതിവുപോലെ ക്രീസിൽ നിലയുറപ്പിച്ച് കളിച്ച നായകൻ രാഹുൽ 54 പന്തിൽ 69 റൺസ് നേടി. മൂന്നാമനായി ഇറങ്ങിയ ഗ്ലെൻ മാക്സ്‌വെല്ലും പിന്നാലെയെത്തിയ നിക്കോളാസ് പുറാനും അവസാന ഓവറിലും വെടിക്കെട്ട് തുടർന്നതോടെ പഞ്ചാബ് സ്കോർ അനായാസം 200 കടന്നു. മാക്സ്‌വെൽ 13 റൺസും പുറാൻ 25 റൺസുമെടുത്തു പുറത്താകാതെ നിന്നു.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തിയാണ് രാജസ്ഥാൻ രണ്ടാം മത്സരത്തിന് ഇറങ്ങുന്നതെങ്കിൽ കോഹ്ലിയുടെ ബാംഗ്ലൂരിനെ കീഴ്‌പ്പെടുത്തിയാണ് പഞ്ചാബിന്റെ വരവ്. ടീമിൽ രണ്ട് മാറ്റവുമായാണ് രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത്. ജോസ് ബട്ലറുടെ വരവ് ടീമിന് പ്രതീക്ഷ നൽകുന്നു.

കിങ്സ് ഇലവൻ പഞ്ചാബ് പ്ലെയിങ് XI: കെ.എൽ രാഹുൽ, മായങ്ക് അഗർവാൾ, നിക്കോളാസ് പൂറാൻ, ഗ്ലെൻ മാക്സ്‌വെൽ, കരുൺ നായർ, ജെയിംസ് നീഷാം, സർഫ്രാസ് ഖാൻ, മുരുഗൻ അശ്വിൻ, മുഹമ്മദ് ഷമി, ഷെൽട്ടൻ കോട്ട‌്രൽ, രവി ബിഷ്ണോയി.

രാജസ്ഥാൻ റോയൽസ് പ്ലെയിങ് XI: സ്റ്റീവ് സ്‌മിത്ത്, ജോസ് ബട്‌ലർ, സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ, റിയാൻ പരാഗ്, രാഹുൽ തെവതിയ, ടോം കറൺ, ജോഫ്ര ആർച്ചർ, ശ്രേയസ് ഗോപാൽ, അങ്കിത് രജ്പുത്, ജയ്ദേവ് ഉനദ്ഘട്ട്

Ipl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: