scorecardresearch

IPL 2020 Live Score, RR vs KKR: റോയൽസിനെ എറിഞ്ഞിട്ട് കൊൽക്കത്ത; യുവനിരയുടെ കരുത്തിൽ നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം

കൊൽക്കത്ത ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത ഓവറിൽ 137 റൺസെടുക്കാനെ കഴിഞ്ഞുള്ളു

കൊൽക്കത്ത ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത ഓവറിൽ 137 റൺസെടുക്കാനെ കഴിഞ്ഞുള്ളു

author-image
Sports Desk
New Update
IPL 2020 Live Score, RR vs KKR: റോയൽസിനെ എറിഞ്ഞിട്ട് കൊൽക്കത്ത; യുവനിരയുടെ കരുത്തിൽ നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം

IPL 2020 Live Score, RR vs KKR: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം ജയം പ്രതീക്ഷിച്ചിറങ്ങിയ രാജസ്ഥാന് കൊൽക്കത്തയ്ക്ക് മുന്നിൽ അടിതെറ്റി. 37 റൺസിനാണ് നൈറ്റ് റൈഡേഴ്സ് രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയത്. കൊൽക്കത്ത ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത ഓവറിൽ 137 റൺസെടുക്കാനെ കഴിഞ്ഞുള്ളു. കഴിഞ്ഞ രണ്ട് മത്സരത്തിലും 200 കടന്ന രാജസ്ഥാൻ ബാറ്റ്സ്മന്മാരെ പിടിച്ചുകെട്ടിയത് കൊൽക്കത്തയുടെ യുവ ഇന്ത്യൻ ബോളർമാരാണ്.

Advertisment

മറുപടി ബാറ്റിങ്ങിൽ രാജസ്ഥാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ നായകൻ സ്മിത്തും അഞ്ചാം ഓവറിൽ സഞ്ജുവും വീണതോടെ റോയൽസ് പതുങ്ങി. സ്മിത്ത് മൂന്ന് റൺസ് നേടിയപ്പോൾ സഞ്ജു എട്ട് റൺസ് കണ്ടെത്തി. ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും ജോസ് ബട്‌ലറുടെ ഇന്നിങ്സും 21 റൺസിൽ അവസാനിച്ചു. റോബിൻ ഉത്തപ്പ രണ്ട് റൺസിനും റിയാൻ പരാഗ് ഒരു റൺസിനും വീണതോടെ മധ്യനിരയും കൂപ്പുകുത്തി.

കഴിഞ്ഞ മത്സരത്തിൽ സിക്സർ മഴയുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച രാഹുൽ തിവാതിയുടെ ഇന്നിങ്സ് 14 റൺസിന് അവസാനിച്ചപ്പോൾ ശ്രേയസ് ഗോപൽ (5), ജോഫ്രാ ആർച്ചർ (6), ജയദേവ് ഉനദ്ഘട്ട് (9) എന്നിങ്ങനെ വാലറ്റവും കൂടാരം കയറി. 54 റൺസുമായി ടോം കറൺ പ്രതിരോധിച്ചെങ്കിലും തോൽവിയുടെ ആഘാതം കുറയ്ക്കാൻ മാത്രമാണ് അത് സഹായകമായത്.

കൊൽക്കത്തയ്ക്കുവേണ്ടി ശിവം മവി, കമലേഷ് നഗർകൊട്ടി, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് ഓവറിൽ 13 റൺസ് മാത്രം വഴങ്ങിയാണ് കമലേഷ് നഗർകൊട്ടി രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ഫീൽഡിങ്ങിലും മികച്ച പ്രകടനമായിരുന്നു നഗകൊട്ടിയുടേത്.

Advertisment

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണ് അടിച്ചെടുത്തത്. കൊൽക്കത്തയ്ക്ക് വേണ്ടി ശുഭ്മാൻ ഗില്ലും ഒയിൻ മോർഗനും ബാറ്റിങ്ങിൽ തിളങ്ങിയപ്പോൾ. രാജസ്ഥാൻ നിരയിൽ ജോഫ്രാ ആർച്ചറിന്റെ ബോളിങ് പ്രകടനവും കയ്യടി നേടി. നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ട് നിർണായക വിക്കറ്റുകളും ആർച്ചർ വീഴ്ത്തി.

ആദ്യ ഓവറിൽ ഒരു റൺസ് മാത്രം വിട്ടുകൊടുത്ത ആർച്ചർ കൊൽക്കത്തയ്ക്ക് സൂചന നൽകിയതാണ്. എന്നാൽ കൊൽക്കത്തയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയത് ഉനദ്ഘട്ടായിരുന്നു. 15 റൺസെടുത്ത സുനിൽ നരെയ്ന്റെ വിക്കറ്റിളക്കിയ ഉനദ്ഘട്ട് രാജസ്ഥാന് ആധിപത്യം നൽകി. പിന്നാലെ എത്തി ക്രീസിൽ നിലയുറപ്പിക്കുന്നതിനിടയിൽ നിതീഷ് റാണയെ രാഹുൽ തെവാതിയ റിയാൻ പരാഗിന്റെ കൈകളിൽ എത്തിച്ചു.

അർധസെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന ഓപ്പണർ ശുഭ്മാൻ ഗില്ലിനെ ടീം സ്കോർ 89ൽ വീഴ്ത്തിയ ആർച്ചർ വീണ്ടും രാജസ്ഥാന്റെ വില്ലാളിയായി. 34 പന്തിൽ 47 റൺസായിരുന്നു ഗില്ലിന്റെ സമ്പാദ്യം. തന്റെ മൂന്നാം ഓവറിൽ ദിനേശ് കാർത്തിക്കിനെയും ആർച്ചർ കൂടാരം കയറ്റിയതോടെ മധ്യനിര തകർച്ചയിലേക്ക് നീങ്ങി. ആദ്യ മൂന്ന് ഓവറിൽ ആർച്ചർ വഴങ്ങിയത് നാല് റൺസ് മാത്രമായിരുന്നു. തകർപ്പനടിക്ക് ശ്രമിക്കുന്നതിനിടെ ആന്ദ്രെ റസലിനെ അങ്കിത് ഉനദ്ഘട്ടിന്റെ കൈകളിൽ എത്തിച്ചു.

അവസാന ഓവറുകളിൽ ഒയിൻ മോർഗനും പാറ്റ് കമ്മിൻസും നടത്തിയ ചെറുത്തുനിൽപ്പാണ് കൊൽക്കത്തെയ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചതും പൊരുതാവുന്ന സ്കോറിലെത്തിച്ചതും. എന്നാൽ കമ്മിൻസ് ടാം കറണിന്റെ പന്തിൽ സഞ്ജുവിന് ക്യാച്ച് നൽകി മടങ്ങി. മോർഗൻ പുറത്താകാതെ 34 റൺസ് നേടി.

രാജസ്ഥാൻ റോയൽസ് പ്ലെയിങ് XI: സ്റ്റീവ് സ്‌മിത്ത്, ജോസ് ബട്‌ലർ, സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ, രാഹുൽ തെവാതിയ, റിയാൻ പരാഗ്, ടോം കറൺ, ശ്രേയസ് ഗോപാൽ, ജോഫ്ര ആർച്ചർ, അങ്കിത് രാജ്പുത്, ജയ്ദേവ് ഉനദ്ഘട്ട്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് XI: ശുഭ്മാൻ ഗിൽ, സുനിൽ നരെയ്ൻ, നിതീഷ് റാണ, ദിനേശ് കാർത്തിക്, ഒയിൻ മോർഗൻ, ആന്ദ്രെ റസൽ, പാറ്റ് കമ്മിൻസ്, ശിവം മവി, കുൽദീപ് യാദവ്, നഗർകൊട്ടി, വരുൺ ചക്രവർത്തി

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: