IPL 2020-RCB vs RR Live Cricket Score: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം ജയവുമായി കോഹ്‌ലിപ്പട. രാജസ്ഥാൻ റോയൽസിനെ എട്ട് വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പരാജയപ്പെടുത്തിയത്. രാജസ്ഥാൻ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കി നിൽക്കെ ബാംഗ്ലൂർ മറികടന്നു. സീസണിലെ രണ്ടാം അർധസെഞ്ചുറിയുമായി തിളങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും ഫോമിലേക്കെത്തിയ നായകൻ വിരാട് കോഹ്‌ലിയുടെയും ബാറ്റിങ് മികവിലാണ് ബ്ലാംഗ്ലൂർ അനായാസ ജയം സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ ആരോൺ ഫിഞ്ചിനെ നഷ്ടമായെങ്കിലും ക്രീസിൽ നിലയുറപ്പിച്ച ദേവ്ദത്തും കോഹ്‌ലിയും ചേർന്ന് ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 45 പന്തിൽ ആറ് ഫോറും ഒരു സിക്സുമടക്കം 63 റൺസ് നേടിയ ദേവ്ദത്തിനെ ജോഫ്രാ ആർച്ചർ പുറത്താക്കിയെങ്കിലും ബാംഗ്ലൂർ അന്നേരത്തേക്കും വിജയത്തിലേക്ക് അടുത്തിരുന്നു. ഡി വില്ലിയേഴ്സിനൊപ്പം ചേർന്ന് കോഹ്‌ലി വിജയലക്ഷ്യം മറികടന്നു. 53 പന്തിൽ 72 റൺസാണ് താരം അടിച്ചെടുത്തത്. ഏഴ് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്സ്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 154 റൺസ് അടിച്ചെടുത്തത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് മുൻനിര തകർന്നടിഞ്ഞതാണ് തിരിച്ചടിയായത്. മധ്യനിരയിൽ അരങ്ങേറ്റക്കാരൻ മഹിപാൽ ലോംറോർ നടത്തിയ രക്ഷാപ്രവർത്തനമാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്.

സിക്സും മൂന്ന് ഫോറും അടക്കം ജോസ് ബട്‌ലർ മികച്ച തുടക്കം സമ്മാനിച്ചെങ്കിലും ആദ്യ അഞ്ച് ഓവറിൽ തന്നെ മൂന്ന് മുൻനിര താരങ്ങളും കൂടാരം കയറി. 5 റൺസെടുത്ത് സ്‌മിത്തിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ 22 റൺസുമായി ബട്‌ലറും മടങ്ങി. സഞ്ജു സാംസണിന്റെ ഇന്നിങ്സ് നാല് റൺസിൽ അവസാനിച്ചു.

റോബിൻ ഉത്തപ്പ ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും റൺസ് കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. ചാഹലിന്റെ പന്തിൽ ഉദാനക്ക് ക്യാച്ച് നൽകി പുറത്തായ ഉത്തപ്പ 17 റൺസാണ് സംഭാവന ചെയ്തത്. റിയാൻ പരാഗിനും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. 16 റൺസെടുത്ത താരത്തെ ഉദാനയാണ് മടക്കിയത്. അരങ്ങേറ്റക്കാരൻ ലോംറോർ കൃത്യമായ ഇടവേളകളിൽ ബൗണ്ടറി പായിച്ചും ഓടിയെടത്തതുമായ റൺസാണ് രാജസ്ഥാന് തുണയായത്. അർധസെഞ്ചുറി മൂന്ന് റൺസകലെ താരം വീണെങ്കിലും രാജസ്ഥാൻ മൂന്നക്കം കടന്നിരുന്നു. അവസാന ഓവറിൽ തെവാതിയായും ജോഫ്ര ആർച്ചറും നടത്തിയ അക്രമണവും രാജസ്ഥാനെ 154 എന്ന സ്കോറിലേക്ക് എത്തിക്കുന്നതിൽ നിർണായകമായി. തെവാതിയ 12 പന്തിൽ 24 റൺസും ആർച്ചർ 10 പന്തിൽ 16 റൺസും നേടി.

ബാംഗ്ലൂരിന് വേണ്ടി യുസ്‌വേന്ദ്ര ചാഹൽ മൂന്ന് വിക്കറ്റും ഇസുറു ഉദാന രണ്ട് വിക്കറ്റും വീഴ്ത്തി. നവ്ദീപ് സൈനിക്കാണ് ഒരു വിക്കറ്റ്. നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങിയായിരുന്നു ചാഹലിന്റെ വിക്കറ്റ് കൊയ്ത്ത്.

ടീമിൽ ഒരു മാറ്റവുമായാണ് രാജസ്ഥാൻ ബാംഗ്ലൂരിനെതിരെയിറങ്ങുന്നത്. അങ്കിത് രാജ്പുത്തിന് പകരം മഹിപാൽ പിങ്ക് കുപ്പായത്തിലിറങ്ങും. അതേസമയം വിജയ ടീമിനെ നിലർത്തിയാണ് ബാംഗ്ലൂർ എത്തുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് വീതമുള്ള ഇരു ടീമുകളും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനമാണ് ലക്ഷ്യമിടുന്നത്.

രാജസ്ഥാൻ റോയൽസ് പ്ലെയിങ് XI: ജോസ് ബട്‌ലർ, സ്റ്റീവ് സ്‌മിത്ത്, സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ, റിയാൻ പരാഗ്, രാഹുൽ തിവാട്ടിയ, മോഹിപാൽ ലോംറോർ, ടോം കറൺ, ശ്രേയസ് ഗോപാൽ, ജോഫ്രാ ആർച്ചർ, ജയ്ദേവ് ഉനദ്ഘട്ട്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലെയിങ് XI: ദേവ്ദത്ത് പടിക്കൽ, ആരോൺ ഫിഞ്ച്, വിരാട് കോഹ്‌ലി, എബി ഡി വില്ലിയേഴ്സ്, ശിവം ദുബെ, ജിഎം സിങ്, വാഷിങ്ടൺ സുന്ദർ, ഇസുറു ഉദാന, നവ്ദീപ് സൈനി, ആദം സാമ്പ, യുസ്‌വേന്ദ്ര ചാഹൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook