IPL 2020 – KKR vs SRH Live Score: ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആദ്യ ജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്താണ് കൊൽക്കത്ത പോയിന്റ് പട്ടികയിൽ അക്കൗണ്ട് ഓപ്പൺ ചെയ്തത്. ഹൈദരാബാദിനെ ചെറിയ സ്കോറിനൊതുക്കിയ ബോളർമാരുടെയും അർധസെഞ്ചുറി നേടിയ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെയും പ്രകടനമാണ് കൊൽക്കത്തൻ വിജയം അനായാസമാക്കിയത്. ഹൈദരാബാദ് ഉയർത്തിയ 143 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 12 പന്ത് ബാക്കി നിൽക്കെ കൊൽക്കത്ത മറികടന്നു.

തുടക്കത്തിൽ തന്നെ ഓപ്പണർ സുനിൽ നരെയ്നെ നഷ്ടമായ കൊൽക്കത്ത ഹൈദരാബാദിന്റെ വഴിക്കാണ് പോകുന്നതെന്ന് തോന്നിപ്പിച്ചു. അക്കൗണ്ട് തുറക്കാതെ തന്നെയുള്ള ദിനേശ് കാർത്തിക്കിന്റെ പുറത്താകലും ഇത് ശരിവയ്ക്കുന്നതായിരുന്നു. എന്നാൽ ക്രീസിൽ നിലയുറപ്പിച്ച ഗിൽ കൊൽക്കത്തയെ വിജയ തീരത്തിലേക്ക് നയിച്ചു. 26 റൺസുമായി നിതീഷ് റാണയും 38 റൺസുമായി ഒയിൻ മോർഗനും ഗില്ലിന് മികച്ച പിന്തുണ നൽകിയതോടെ കൊൽക്കത്തയ്ക്ക് ഏഴ് വിക്കറ്റ് ജയം.

നേരിട്ട 13 പന്തിൽ ആറ് ഫോറുൾപ്പടെയാണ് നിതീഷ് റാണ 26 റൺസ് നേടിയത്. 62 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 70 റൺസാണ് ഗിൽ നേടിയത്.

നേരത്തെ റൺറേറ്റ് നിയന്ത്രിക്കുന്നതോടൊപ്പം കൃത്യമായ ഇടവേളകളിൽ വിക്കറ്റും വീഴ്ത്തിയ പാറ്റ് കമ്മിൻസും സംഘവും 142 റൺസിനാണ് ഹൈദരാബാദിനെ ഒതുക്കിയത്. ഏഴ് ബോളർമാരെ പരീക്ഷിച്ച ദിനേശ് കാർത്തിക്കിന്റെ തന്ത്രം വിജയിച്ചു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത തീരുമാനം ശരിയെന്ന് തെളിയിക്കാൻ നായകൻ ഡേവിഡ് വാർണറിനുപോലും സാധിച്ചില്ല. ടീം സ്കോർ 24ൽ നിൽക്കെ അഞ്ച് റൺസെടുത്ത ഇംഗ്ലിഷ് ഓപ്പണർ ജോണി ബെയർസ്റ്റോ പുറത്തായി. ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും വർണർ ഇന്നിങ്സ് 36 റൺസിൽ അവസാനിച്ചു.

അതേസമയം മനീഷ് പാണ്ഡെ അർധസെഞ്ചുറിയുമായി ഹൈദരാബാദിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു. വ്യക്തിഗത മികവിനൊപ്പം മൂന്നാം വിക്കറ്റിൽ വൃദ്ധിമാൻ സാഹയ്ക്കൊപ്പം ചേർന്ന് മികച്ച് കൂട്ടുകെട്ട് സൃഷ്ടിക്കാനും പാണ്ഡെയ്ക്ക് സാധിച്ചു. 38 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും അടക്കം 51 റൺസാണ് താരം അടിച്ചെടുത്തത്.

അവസാന ഓവറുകളിൽ വൃദ്ധിമാൻ സാഹയും മുഹമ്മദ് നബിയും പൊരുതി നോക്കിയെങ്കിലും ഹൈദരാബാദ് ഇന്നിങ്സ് 142 റൺസിൽ അവസാനിച്ചു. മുഹമ്മദ് നബി 11 റൺസുമായി പുറത്താകാതെ നിന്നപ്പോൾ 30 റൺസെടുത്ത സാഹ അവസാന ഓവറിൽ റൺഔട്ട് ആയി. അഭിഷേക് ശർമ രണ്ട് റൺസെടുത്തു.

കൊൽക്കത്ത നൈറ്റ് റേഡേഴ്സ് പ്ലെയിങ് XI: ശുഭ്മാൻ ഗിൽ, സുനിൽ നരെയ്ൻ, നിതീഷ് റാണ, ദിനേശ് കാർത്തിക്, ഒയിൻ മോർഗൻ, ആന്ദ്രെ റസൽ, പാറ്റ് കമ്മിൻസ്, ശിവം മവി, കുൽദീപ് യാദവ്, കെ നാഗർകോട്ടി, വി ചക്രവർത്തി

സൺറൈസേഴ്സ് ഹൈദരാബാദ് പ്ലെയിങ് XI: ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ, മനീഷ് പാണ്ഡെ, പ്രിയം ഗാർഗ്, വൃദ്ധിമാൻ സാഹ, മുഹമ്മദ് നബി, എ ശർമ, റഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, സന്ദീപ് ശർമ, ടി നടരാജൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook