scorecardresearch
Latest News

IPL 2020, CSK vs SRH Live Cricket Score: ജഡേജയുടെ 50, അത്ഭുതങ്ങൾ സംഭവിക്കാതെ അവസാന ഓവർ; ഒടുവിൽ ചെന്നൈക്ക് തോൽവി

ധോണി തിളങ്ങുകയും ജഡേജ അൻപത് തികയ്ക്കുകയും ചെയ്തെങ്കിലും മത്സരത്തിൽ വിജയം നേടാൻ ചെന്നൈക്ക് കഴിഞ്ഞില്ല

IPL 2020, CSK vs SRH Live Cricket Score: ജഡേജയുടെ 50, അത്ഭുതങ്ങൾ സംഭവിക്കാതെ അവസാന ഓവർ; ഒടുവിൽ ചെന്നൈക്ക് തോൽവി

ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ മത്സരത്തിൽ 165 റൺസിന്റെ വിജയലക്ഷ്യം നേടാനാവാതെ പരാജയപ്പെട്ട് ചെന്നൈ. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടിയപ്പോൾ ചെന്നൈക്ക നിശ്ചിത 20 ഓവറിൽ 157 റൺസ് മാത്രമാണ് നേടാനായത്.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ അധികം റൺസെടുക്കാതെ പിടിച്ചുകെട്ടാൻ ചെന്നൈക്ക് കഴിഞ്ഞെങ്കിലും അത് മുതലെടുക്കുന്നതിൽ ചെന്നൈ പരാജയപ്പെട്ടു. ഐപിഎല്ലിൽ സൺറൈസേഴ്സിന്റെ രണ്ടാം ജയമാണിത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണെടുത്തത്. മുൻനിര വിക്കറ്റുകൾ അതിവേഗം നഷ്ടമായ ഹൈദരാബാദിനുവേണ്ടി യുവതാരങ്ങളായ അഭിഷേക് ശർമയും പ്രിയം ഗാർഗും നടത്തിയ പ്രകടനമാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്.

ആദ്യ ഓവറിൽ തന്നെ ഓപ്പണർ ബെയർസ്റ്റോയെ പുറത്താക്കി ദീപക് ചാഹർ ചെന്നൈക്ക് ആധിപത്യം ഉറപ്പിച്ചു. ടീം സ്കോർ 50 കടക്കുന്നതിന് മുമ്പ് മനീഷ് പാണ്ഡെയെയും അടുത്തടുത്ത പന്തുകളിൽ വാർണറെയും വില്യംസണിനെയും നഷ്ടമായ ഹൈദരാബാദ് 11 ഓവറിൽ 69 റൺസെന്ന നിലയിലായിരുന്നു.

എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന അഭിഷേക് ശർമ – പ്രിയം ഗാർഗ് സഖ്യം ഹൈദരാബാദ് സ്കോർബോർഡ് ചലിപ്പിച്ചു. 24 പന്തിൽ 31 റൺസെടുത്ത അഭിഷേകിനെയും ദീപക് ചാഹർ പുറത്താക്കിയപ്പോൾ ക്രീസിൽ നിലയുറപ്പിച്ച് പ്രിയം ഗാർഗ് അർധസെഞ്ചുറി തികച്ച് പുറത്താകാതെ നിന്നു. 26 പന്തി 51 റൺസാണ് താരം അടിച്ചെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങുന്ന ചെന്നൈക്ക് തുടക്കത്തിൽ തന്നെ ഷെെയ്ൻ വാട്സന്റെ വിക്കറ്റ് നഷ്ടമായി. ആറ് പന്തിൽ നിന്ന് ഒരു റൺ മാത്രമാണ് വാട്സൺ നേടിയത്. പകരക്കാരനായിറങ്ങിയ അമ്പാട്ടി റായിഡു ഒമ്പത് പന്തിൽ നിന്ന് എട്ട് റൺസ് നേടി. ഡുപ്ലെസിസ് 19 പന്തിൽ നിന്ന് 22 റൺസ് നേടി പുറത്തായി. 5.6 ഓവറിലാണ് ഡുപ്ലസിസ് ഔട്ടായത്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എന്ന നിലയിലാണ് ഡുപ്ലസിസ് പുറത്ത് പോവുമ്പോൾ ചെന്നൈയുടെ സ്കോർ.

എട്ടാം ഓവർ കഴിഞ്ഞതിവ് പിറകേ കേദാർ ജാദവിന്റെ വിക്കറ്റും ചെന്നൈക്ക് നഷ്ടമായി. 10 പന്തിൽ നിന്ന് മൂന്ന് റൺസ് മാത്രമെടുത്ത് ജാദവ് പുറത്തുപോവുമ്പോൾ നാല് വിക്കറ്റിന് 42 റൺസെന്ന നിലയിലായിരുന്ന ചെന്നൈയെ നായകൻ ധോണിയുടെയും രവീന്ദ്ര ജഡേജയുടെയും കൂട്ടുകെട്ടാണ് മൂന്നക്കം കടത്തിയത്. എന്നാൽ അർദ്ധ സെഞ്ച്വറി തികച്ചതിന് പിറകേ ജഡേജ പുറത്തായത് ചെന്നൈക്ക് തിരിച്ചടിയായി. മത്സരത്തിൽ 35 പന്തിൽ നിന്ന് അർദ്ധ സെഞ്ച്വറി തികച്ച ജഡേജ നടരാജൻറെ പന്തിലാണ് പുറത്താവുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെന്ന നിലയിൽ ചെന്നൈക്ക് എത്താൻ കഴിഞ്ഞു.

മത്സരം അവസാന ഓവറിലേക്ക് കടന്നപ്പോൾ ജയിക്കാൻ 23 റൺസ് വേണമെന്ന നിലയിലായിരുന്ന ചെന്നൈ, ഓവറിലെ ആദ്യ പന്തിൽ രണ്ട് റൺസ് ഓടിയെടുത്തു. ഇനി അഞ്ച് പന്തിൽ നിന്ന് നേടേണ്ടത് 21 റൺസ്. ക്രീസിൽ നായകൻ ധോണിയും, സാം കറനും. അവസാന ഓവറിലെ രണ്ടാം പന്തിൽ നിന്ന് ധോണി ബൗണ്ടറി പായിച്ചപ്പോൾ ടീം വിജയത്തിൽ നിന്ന് 17 റൺസ് അകലെ, മുന്നിലുള്ളത് നാല് പന്തുകൾ.

ധോണി മാജിക്കിൽ സിക്സറുകളടിച്ച് ചെന്നൈ വിജയം നേടുമെന്ന് ആരാധകർക്കിടയിൽ പ്രതീക്ഷ വളർത്താൻ ധോണിയുടെ ബൗണ്ടറിക്ക് കഴിഞ്ഞെങ്കിലും തുടർന്നുള്ള പന്തുകളിൽ സിംഗിളുകൾ തന്നെ പിറന്നതോടെ ആ പ്രതീക്ഷയും തകർന്നു. 35 പന്തിൽ നിന്ന് 47 റൺസാണ് ധോണി നേടിയത്. സാം കറൺ അഞ്ച് പന്തിൽനിന്ന് 15 റൺസെടുത്തു.

 

മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് നായകൻ വാർണർ ചെന്നൈയെ ബോളിങ്ങിന് അയക്കുകയായിരുന്നു.മൂന്ന് മത്സരങ്ങളിൽ ഒരു ജയം മാത്രമുള്ള ഇരു ടീമുകളും പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരാണ്.

ടൂർണമെന്റിലെ നാലാം മത്സരത്തിൽ മൂന്ന് മാറ്റങ്ങളാണ് ചെന്നൈ വരുത്തിയിരിക്കുന്നത്. ഓപ്പണറായി പരാജയപ്പെട്ട മുരളി വിജയ്ക്ക് പകരം പരുക്ക് ഭേദമായ അമ്പാട്ടി റയ്ഡു ടീമിലേക്ക് മടങ്ങിയെത്തി. ഹെയ്സൽവുഡിന് പകരം സൂപ്പർ താരം ഡ്വെയ്ൻ ബ്രാവോ പ്ലെയിങ് ഇലവനിൽ ഇടംപിടിച്ചു. റുതുരാജിനെ പുറത്താക്കിയ ചെന്നൈ ഷാർദുൽ ഠാക്കൂറിന് അവസരം നൽകി.

സൺറൈസേഴ്സ് ഹൈദരാബാദ് പ്ലെയിങ് XI: ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ, മനീഷ് പാണ്ഡെ, കെയ്ൻ വില്യംസൺ, പ്രിയം ഗാർഗ്, എ സമദ്, അങ്കിത് ശർമ, റഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, ടി നടരാജൻ

ചെന്നൈ സൂപ്പർ കിങ്സ് പ്ലെയിങ് XI: ഷെയ്ൻ വാട്സൺ, ഫാഫ് ഡുപ്ലെസിസ്, അമ്പാട്ടി റയ്ഡു, കേദാർ ജാദവ്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ, സാം കറൺ, ദീപക് ചാഹർ, പിയൂഷ് ചൗള, ഷാർദുൽ ഠാക്കൂർ

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2020 live score csk vs srh live cricket score online match result score card