ന്യൂഡല്‍ഹി: കോവിഡ്-19 പകര്‍ച്ച വ്യാധി മൂലം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഈ വര്‍ഷം നടക്കാന്‍ സാധ്യതയില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇനിയും ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിസകളെ കുറിച്ചുള്ള ഇന്ത്യാ സര്‍ക്കാരിന്റേയും കായിക മന്ത്രാലയത്തിന്റെയും പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ബിസിസിഐ. രാജ്യ വ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 15-ന് അവസാനിച്ചശേഷം ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി ബിസിസിഐ ഔദ്യോഗികമായി ഇക്കാര്യം സംസാരിക്കും.

മാര്‍ച്ച് 29-ന് ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും ചൈന്നെ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഏറ്റുമുട്ടേണ്ടതായിരുന്നു. ഏപ്രില്‍ 15 വരെ ഇന്ത്യ എല്ലാ വിദേശ വിസകളും റദ്ദാക്കിയിരിക്കുകയാണ്. ഐപിഎല്‍ അടുത്തവര്‍ഷം നടക്കുകയാണെങ്കില്‍ കളിക്കാരുടെ മെഗാലേലം ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പകരം, നിലവിലെ അവസ്ഥ തുടരും. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് വേണമെങ്കില്‍ കളിക്കാരെ തിരഞ്ഞെടുക്കാം. അടുത്ത മെഗാലേലം നടക്കേണ്ടത് 2021-ല്‍ ആയിരുന്നു. മെഗാലേലത്തില്‍ ഫ്രാഞ്ചൈസികള്‍ക്ക് ഒരുപിടി താരങ്ങളെ നിലനിര്‍ത്താന്‍ കഴിയുമെങ്കിലും മറ്റുള്ളവരെ മറ്റു ടീമുകള്‍ക്കും ലേലം വിളിക്കാന്‍ അവസരം ലഭിക്കുന്നതിന് ലേല ചന്തയില്‍ വയ്‌ക്കേണ്ടതുണ്ട്.

Read Also: കോവിഡിൽ പകച്ച് ലോകം; മരണസംഖ്യ 30,000 കടന്നു, ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 1024 ആയി

”ഐപിഎല്‍ ഈ വര്‍ഷം നടക്കില്ല. അടുത്ത വര്‍ഷം നടക്കും. രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ആരും റിസ്‌ക് എടുക്കാന്‍ തയ്യാറല്ല. സ്റ്റേഡിയത്തില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് എടുക്കാന്‍ സാധിക്കുകയില്ല. ഐപിഎല്‍ അടുത്ത വര്‍ഷം നടത്തുന്നതാണ് ഉത്തമം. കൂടാതെ, മെഗാലേലവും ഉണ്ടാകില്ല. ഇന്ത്യ സര്‍ക്കാരിന്റെ അന്തിമ തീരുമാനം അറിഞ്ഞതിനുശേഷം ഞങ്ങള്‍ ഫ്രാഞ്ചൈസികളെ വിവരം അറിയിക്കും,” ഐപിഎല്‍ അഡ്മിനിസ്‌ട്രേഷനിലെ ഒരു വാര്‍ത്താ സ്രോതസ്സ് പറഞ്ഞു.

മാര്‍ച്ച് 14-ന് ബിസിസിഐ ഐപിഎല്‍ ടീം ഉടമകളുമായി കൊറോണ വൈറസ് വ്യാപനത്തെ കുറിച്ചും ഈ സീസണില്‍ അത് ഉണ്ടാക്കാവുന്ന പ്രതിഫലനത്തെ കുറിച്ചും ചര്‍ച്ച നടത്തിയിരുന്നു. മത്സരങ്ങള്‍ വെട്ടിക്കുറച്ച് ഐപിഎല്‍ നടത്താന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തയ്യാറായിരുന്നു. 2009-ല്‍ 37 ദിവസത്തെ ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയില്‍ വച്ച് നടത്തിയത് പോലെ ബോര്‍ഡിന് നടത്താന്‍ കഴിയുമെന്ന് ഫ്രാഞ്ചൈസികള്‍ കരുതിയിരുന്നു. എങ്കിലും കാര്യങ്ങള്‍ നിരീക്ഷിച്ചശേഷം തീരുമാനം എടുക്കാമെന്ന നിലപാടിലായിരുന്നു ഗാംഗുലി. സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

എങ്കിലും രാജ്യത്ത് സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ഇപ്പോള്‍ കോവിഡ്-19 രോഗികളുടെ എണ്ണം 1000 കവിഞ്ഞു. ടോക്കിയോ ഒളിംപിക്‌സ് മാറ്റിവയ്ക്കുകയും ലോകമെമ്പാടും അനവധി കായിക മത്സരങ്ങള്‍ റദ്ദാക്കുകയും ചെയ്ത അവസരത്തില്‍ ക്രിക്കറ്റ് കളിച്ച് അപകട സാധ്യതയുണ്ടാക്കാൻ ബോര്‍ഡ് തയ്യാറല്ല.

Read in English: IPL 2020 likely to be cancelled, no mega auctions next year

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook