മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നിന്ന് അത്ര ശുഭകരമായ വാർത്തകളല്ല പുറത്ത് വരുന്നത്. ദക്ഷിണാഫ്രിക്കൻ താരങ്ങൾ ടീമിനൊപ്പം ചേരാൻ വൈകുമെന്നതിനൊപ്പം ശ്രീലങ്കൻ പേസർ ലസിത് മലിംഗയെയും ടൂർണമെന്റിന്റെ തുടക്കത്തിൽ മുംബൈയ്ക്ക് നഷ്ടമാകും. മത്സരങ്ങൾക്കായി ഇന്ന് മുംബൈയിലേക്ക് പുറപ്പെട്ട മുംബൈ ടീമിനൊപ്പം മലിംഗ ഉണ്ടായിരുന്നില്ല.

ലസിത് മലിംഗയുടെ പിതാവ് വരും ആഴ്ചകളിൽ തന്നെ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും അതിനാൽ താരം കുടുംബത്തോടൊപ്പമാണെന്നുമാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഇപ്പോൾ താരത്തിന് ടീമിനൊപ്പം ചേരാൻ സാധിക്കില്ല. ഇപ്പോൾ യുഎഇയിലെത്തിയാലും തിരിച്ച് ശ്രീലങ്കയിലേക്ക് വരുമ്പോൾ 14 ദിവസത്തെ ക്വാറന്റൈനിൽ പോകേണ്ടി വരും. അതിനാൽ തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ താരത്തിനൊപ്പം ടീമിനൊപ്പം വീണ്ടും ചേരാനും സാധിക്കില്ല.

കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിനെ കിരീടത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് മലിംഗ. രാജ്യത്തിനായി ഏറ്റവും കൂടുതൽ ഏകദിന വിക്കറ്റുകൾ നേടിയ മൂന്നാമത്തെ താരമായ മലിംഗയാണ് ടി20യിൽ നൂറു വിക്കറ്റെന്ന അപൂർവ്വ നേട്ടവും സ്വന്തമാക്കിയിരുന്നു.

അതേസമയം മുംബൈ ഇന്ത്യൻസ് ടീം അംഗങ്ങൾ ഇന്ന് യുഎഇയിലെത്തി. രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ ഉൾപ്പടെയുള്ള താരങ്ങളാണ് മുംബൈയിൽ നിന്നും യുഎഇയിലേക്ക് തിരിച്ചത്. കുടുംബത്തോടൊപ്പമാണ് രോഹിത് യുഎഇയിലെത്തിയത്. ഇവിടെ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം മാത്രമായിരിക്കും താരങ്ങൾ പരിശീലനത്തിനിറങ്ങുക. ഇതിനിടയിൽ മൂന്ന് തവണ കോവിഡ് പരിശോധനയും നടത്തേണ്ടതുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook