scorecardresearch
Latest News

IPL 2020-KXIP vs SRH: രാഹുൽ ചിരിച്ചു, പ്രീതി തുള്ളിച്ചാടി; നാടകീയ മത്സരത്തിൽ പഞ്ചോടെ പഞ്ചാബ്

IPL 2020-KXIP vs SRH: 19.5 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടാനെ സൺറെെസേഴ്‌സിന് സാധിച്ചുള്ളൂ

IPL 2020-KXIP vs SRH: അവസാനം വരെ നാടകീയത നിറഞ്ഞുനിന്ന മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിന് വിജയം. സൺറെെസേഴ്‌സ് ഹെെദരബാദിനെ 12 റൺസിനാണ് പഞ്ചാബ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് ഉയർത്തിയ 126 റൺസ് പിന്തുടർന്ന ഹെെദരബാദിന് താളംതെറ്റി. അവസാന ഓവറിൽ ഒരു പന്ത് ബാക്കിനിൽക്കെ ഹെെദരബാദിനെ പഞ്ചാബ് ഓൾഔട്ടാക്കി. 19.5 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടാനെ സൺറെെസേഴ്‌സിന് സാധിച്ചുള്ളൂ. ആദ്യം ബാറ്റ് ചെയ്‌ത കിങ്‌സ് ഇലവൻ പഞ്ചാബ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ നേടിയത് 126 റൺസ് മാത്രം.

താരതമ്യേന ചെറിയ സ്‌കോർ ആയിരുന്നിട്ടും തുടക്കം മുതൽ പഞ്ചാബ് പ്രതിരോധിച്ചു കളിച്ചു. ബോളിങ് മികവും ഫീൽഡിങ്ങിലെ കൃത്യതയുമാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. ക്രിസ് ജോർദാൻ, അർഷ്‌ദീപ് സിങ് എന്നിവരാണ് മത്സരം പഞ്ചാബിന് അനുകൂലമാക്കിയത്. അവസാന അഞ്ച് ഓവറുകളിൽ തുടരെ തുടരെ ഹെെദരബാദിന് വിക്കറ്റുകൾ നഷ്ടമായി. 100/4 എന്ന നിലയിൽ നിന്നാണ് ഹെെദരബാദ് 114 ന് ഓൾഔട്ടാകുന്ന നിലയിലേക്ക് എത്തിയത്. ക്രിസ് ജോർദാനും അർഷ്‌ദീപ് സിങ്ങും മൂന്ന് വീതം വിക്കറ്റുകൾ വീഴ്‌ത്തി. 19-ാം ഓവറിൽ ക്രിസ് ജോർദാൻ വിട്ടുകൊടുത്തത് വെറും മൂന്ന് റൺസ് മാത്രം, രണ്ട് വിക്കറ്റും വീഴ്‌ത്തി. ഇതോടെ കളി പഞ്ചാബിന് അനുകൂലമാകുന്ന തരത്തിലേക്ക് നീങ്ങി. ഗാലറിയിലിരുന്ന് കിങ്‌സ് ഇലവൻ പഞ്ചാബ് ടീം ഉടമ പ്രീതി സിന്റ തുള്ളിച്ചാടാൻ തുടങ്ങി.

അവസാന ഓവറിൽ അർഷ്‌ദീപ് സിങ് ഹെെദരബാദിന്റെ പതനം പൂർത്തിയാക്കി. അവസാന ഓവറിൽ ഹെെദരബാദിനു ജയിക്കാൻ വേണ്ടിയിരുന്നത് 14 റൺസായിരുന്നു. അർഷ്ദീപിന്റെ ആദ്യ പന്തിൽ പ്രിയം ഗാർഗ് സിംഗിൾ നേടി. രണ്ടാം പന്തിൽ സന്ദീപ് ശർമ പുറത്ത്. മൂന്നാം പന്തിൽ പ്രിയം ഗാർഗിനെയും അർഷ്‌ദീപ് കൂടാരം കയറ്റി. നാലാം പന്ത് നേരിട്ട ഖലീൽ അഹമ്മദിനു റൺസൊന്നും നേടാൻ സാധിച്ചില്ല. അഞ്ചാം പന്തിൽ ഖലീൽ അഹമ്മദും പുറത്ത് ! സമ്മർദത്തിൽ നിന്നിരുന്ന പഞ്ചാബ് നായകൻ കെ.എൽ.രാഹുൽ വിജയച്ചിരി പാസാക്കി. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുനിന്നിരുന്ന ടീം ഐപിഎൽ ആരാധകരെ മുഴുവൻ ഞെട്ടിച്ച് പ്ലേ ഓഫിനോട് അടുക്കുന്ന കാഴ്‌ചയാണ് ഇന്ന് കണ്ടത്.

പഞ്ചാബ് ബാറ്റിങ് നിരയിൽ നിക്കോളാസ് പൂറാൻ ഒഴികെ ആരും 30 റൺസിനു മുകളിൽ നേടിയില്ല. പൂറാൻ പുറത്താകാതെ 28 പന്തിൽ നിന്ന് 32 റൺസ് നേടി. കെ.എൽ.രാഹുൽ ( 27 പന്തിൽ 27 റൺസ്), മൻദീപ് സിങ് ( 14 പന്തിൽ 17), ക്രിസ് ഗെയ്‌ൽ (20 പന്തിൽ 20), ഗ്ലെൻ മാക്‌സ്‌വെൽ (13 പന്തിൽ 12), ദീപക് ഹൂഡ (പൂജ്യം), ക്രിസ് ജോർദാൻ ( 12 പന്തിൽ ഏഴ്), മുരുകൻ അശ്വിൻ ( നാല് പന്തിൽ നാല്) എന്നിവരുടെ വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്.

സൺറെെസേഴ്‌സ് ഹെെദരബാദിനുവേണ്ടി സന്ദീപ് ശർമ, ജേസൻ ഹോൾഡർ, റാഷിദ് ഖാൻ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2020 kxip vs srh live updates score card