ലോക്ക്ഡൗണ്‍ സമയത്ത് ബാറ്റിങ് കഴിവുകള്‍ നശിച്ചു പോകുന്നതായി ദുസ്വപ്‌നങ്ങള്‍ കണ്ടിരുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍. എന്നാല്‍ ലോക്ക്ഡൗണിലെ അഞ്ച് മാസങ്ങള്‍ അദ്ദേഹത്തെ ഭൂതകാലത്തിലേക്ക് തിരിഞ്ഞു നോക്കാനും സഹായിച്ചു. എന്തൊക്കെ കാര്യങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് ചിന്തിക്കാനും സാധിച്ചു. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായ രാഹുല്‍ ഐപിഎല്ലിന് യുഎഇയിലേക്ക് തിരിക്കും മുമ്പ് ദി ഇന്ത്യന്‍ എക്‌സ്പ്രസുമായി സംസാരിക്കുകയായിരുന്നു.

ക്രിക്കറ്റില്‍ നിന്നൊരു ഇടവേളയായും വളരെ അത്യാവശ്യമായ വിശ്രമമായും ലോക്ക്ഡൗണിനെ തുടക്കത്തില്‍ കണ്ടുവെന്നും എന്നാല്‍ ഒരു മാസം കഴിഞ്ഞ് ലോക്ക്ഡൗണ്‍ നീട്ടിയപ്പോള്‍ പുറത്ത് പോകാനും പരിശീലനം നടത്താനും ബുദ്ധിമുട്ടിയെന്ന് അദ്ദേഹം പറഞ്ഞു. “പക്ഷേ, പാവപ്പെട്ടവര്‍ കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍ എന്റെ ബുദ്ധിമുട്ടുകള്‍ ഒന്നുമല്ലെന്ന തിരിച്ചറിവുണ്ടായി. എനിക്ക് ലഭിച്ച സൗഭാഗ്യങ്ങളില്‍ നന്ദിയുള്ളവനായി,” അദ്ദേഹം പറഞ്ഞു.

Read Also: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഫെബ്രുവരിയിൽ ഇന്ത്യയിൽ, പിറകേ ഐപിഎൽ 2021

“താന്‍ മടിയനായിപ്പോകുമോയെന്ന പേടിയും ലോക്ക്ഡൗണ്‍ കാലത്തുണ്ടായി. അതിനാല്‍ വീട്ടില്‍ തന്നെ പരിശീലനം ആരംഭിച്ചു. ഇഷ്ടമുള്ള സമയത്ത് ഉണരാമെന്നും മടിയന്‍ ആകുന്നത് താന്‍ അര്‍ഹിക്കുന്നുവെന്നും തുടക്കത്തില്‍ ചിന്തിച്ചു. പരിശീലനം നടത്തിയില്ലെങ്കില്‍ പോലും തനിക്കത് അംഗീകരിക്കാന്‍ ആകുമായിരുന്നു. കാരണം, വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ച ഇടവേളയാണ്. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞതോടെ, വീട്ടില്‍ ഒരു പ്രത്യേക സമയം പരിശീലനം നടത്താന്‍ തീരുമാനിച്ചു. മിക്ക ദിവസങ്ങളിലും അതില്‍ ഉറച്ചു നിന്നു. ടിവി കണ്ട് സമയം പാഴാക്കാന്‍ ആഗ്രഹമില്ലായിരുന്നു. ഭക്ഷണം പാചകം ചെയ്തു, പട്ടിയേയും കൊണ്ട് നടക്കാന്‍ പോയി. എന്റെ ബ്രാന്‍ഡിനുവേണ്ടി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു,” താരം തന്റെ ലോക്ക്ഡൗണ്‍ വിശേഷങ്ങള്‍ പറഞ്ഞു.

“ക്രിക്കറ്റിലേക്ക് തിരിച്ചു വരുമ്പോള്‍ തനിക്ക് പന്തിന്റെ ലൈനും ലെങ്തും മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തു സംഭവിക്കുമെന്നുള്ള ദുസ്വപ്‌നം കണ്ട് ചില രാത്രികളില്‍ ഞെട്ടി ഉണര്‍ന്നിട്ടുണ്ട്. പഴയത് പോലെ കവര്‍ ഡ്രൈവ് പായിക്കാന്‍ സാധിച്ചില്ലെങ്കിലോ എന്ന പേടിയും ഉണ്ടായി.”

പരിശീലനത്തിലേക്ക് തിരിച്ചു വന്നപ്പോള്‍ ആദ്യം മോശമായിട്ടാണ് ബാറ്റ് ചെയ്തത്. മൂന്ന് സെഷനുകള്‍ക്കുശേഷമാണ് മെച്ചപ്പെട്ടതായി തോന്നിയെന്നും അതില്‍ സന്തോഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Read in English: KL Rahul: I had nightmares… What if I don’t have the same cover drive as before

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook