IPL 2020- KKR vs SRH : സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ സൺറെെസേഴ്‌സ് ഹെെദരബാദിനെ തോൽപ്പിച്ച് കൊൽക്കത്ത നെെറ്റ് റെെഡേഴ്‌സ്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്‌ത സൺറെെസേഴ്‌സ് ഹെെദരബാദ് നേടിയത് രണ്ട് റൺസ് മാത്രം. രണ്ടാമത് ബാറ്റ് ചെയ്യാൻ എത്തിയ കൊൽക്കത്ത നാല് പന്തിൽ വിക്കറ്റ് നഷ്‌ടപ്പെടാതെ ഇത് മറികടന്നു. സൂപ്പർ ഓവറിൽ വെറും മൂന്ന് പന്തിൽ രണ്ട് റൺ മാത്രമാണ് ഹെെദരബാദ് നേടിയത്. രണ്ട് വിക്കറ്റുകൾ ഹെെദരബാദിന് നഷ്‌ടപ്പെട്ടു. സൂപ്പർ ഓവറിൽ രണ്ട് വിക്കറ്റുകൾ മാത്രമാണ് ഒരു ടീമിനുള്ളത്.

കൊൽക്കത്തയ്‌ക്ക് വേണ്ടി സൂപ്പർ ഓവർ എറിയാനെത്തിയത് ഫെർഗൂസനാണ്. ആദ്യ പന്തിൽ തന്നെ ഹൈദരബാദ് നായകൻ ഡേവിഡ് വാർണറെ ഫെർഗൂസൻ പുറത്താക്കി. രണ്ടാം പന്തിൽ ഹൈദരബാദിനു വേണ്ടി സമദ് രണ്ട് റൺ നേടി. മൂന്നാം പന്തിൽ സമദും പുറത്ത്! അതോടെ ഹൈദരബാദിന്റെ ഇന്നിങ്‌സ് അവസാനിച്ചു.

ആസ്വദിച്ചുള്ള ബാറ്റിങ്, സമ്മർദ്ദങ്ങളില്ല; ശിഖർ ധവാൻ കൈയടി അർഹിക്കുന്നു

നായകൻ ഓയിൻ മോർഗൻ, വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ ദിനേശ് കാർത്തിക് എന്നിവരാണ് കൊൽക്കത്തയ്‌ക്ക് വേണ്ടി ബാറ്റ് ചെയ്യാൻ എത്തിയത്. ഹെെദരബാദിനുവേണ്ടി സൂപ്പർ ഓവർ എറിഞ്ഞത് റാഷിദ് ഖാനും. ആദ്യ പന്തിൽ റൺസൊന്നും എടുത്തില്ല. രണ്ടാം പന്തിൽ മോർഗൻ ഒരു റൺ നേടി. മൂന്നാം പന്ത് നേരിട്ടത് ദിനേശ് കാർത്തിക്, റൺസൊന്നും നേടാൻ സാധിച്ചില്ല. നാലാം പന്തിൽ രണ്ട് റൺസ് നേടിയതോടെ മത്സരം കൊൽക്കത്ത വിജയിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ഉയർത്തിയ 163 റൺസിനൊപ്പം എത്താനേ ഹെെദരബാദിനു സാധിച്ചുള്ളൂ. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഹെെദരബാദ് കൊൽക്കത്തയുടെ സ്‌കോറിനൊപ്പം എത്തിയത്. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീളുകയായിരുന്നു. അവസാന ഓവറിൽ 18 റൺസായിരുന്നു സൺറെെസേഴ്‌സിനു വേണ്ടിയിരുന്നത്. മൂന്ന് ഫോർ അടക്കം 17 റൺസ് നേടാൻ അവർക്ക് സാധിച്ചു. നായകൻ വാർണർ കൊൽക്കത്തയുടെ അവസാന ഓവർ എറിയാനെത്തിയ റസലിനെ തുടർച്ചയായി മൂന്ന് തവണ ഫോർ പായിച്ചു. എന്നാൽ, റസലിന്റെ അവസാന പന്തിൽ ഹെെദരബാദിനു ജയിക്കാൻ വേണ്ടിയിരുന്നത് രണ്ട് റൺ. ഒരു റൺ മാത്രമാണ് ഹെെദരബാദ് നേടിയത്. ഇതോടെ മത്സരം സമനിലയായി.

ഹൈദരബാദിനുവേണ്ടി നായകൻ ഡേവിഡ് വാർണർ ( 33 പന്തിൽ പുറത്താകാതെ 47), ബെയർസ്റ്റോ (28 പന്തിൽ നിന്ന് 36), കെയ്‌ൻ വില്യംസൺ (19 പന്തിൽ 29), അബ്‌ദുൾ സമദ് (15 പന്തിൽ 23) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. കൊൽക്കത്തയ്‌ക്ക് വേണ്ടി ഫെർഗൂസൻ മൂന്നും വരുൺ ചക്രവർത്തി, പാറ്റ് കമ്മിൻസ്, ശിവം മാവി എന്നിവർ ഓരോ വിക്കറ്റും നേടി.

ടോസ് ജയിച്ച ഹെെദരബാദ് നായകൻ ഡേവിഡ് വാർണർ കൊൽക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ ഹെെദരബാദ് 163 റൺസ് നേടി. കൊൽക്കത്തയ്‌ക്ക് വേണ്ടി നായകൻ ഓയിൻ മോർഗനും ദിനേശ് കാർത്തിക്കും മികച്ച പ്രകടനം നടത്തി. ദിനേശ് കാർത്തിക് പുറത്താകാതെ 14 പന്തിൽ നിന്ന് 29 റൺസ് നേടി. രണ്ട് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതാണ് ഇന്നിങ്സ്. ഓയിൻ മോർഗൻ 23 പന്തിൽ നിന്ന് 34 റൺസ് നേടി. അവസാന പന്തിൽ പുറത്തായി.

Read Also: ഇതാണ് ക്രിക്കറ്റിന്റെ ബ്യൂട്ടി; കാണാതെ പോകരുത് ഈ രംഗങ്ങൾ, വീഡിയോ

ഓപ്പണർമാരായ ശുഭ്‌മാൻ ഗിൽ 37 പന്തിൽ നിന്ന് 36 റൺസും രാഹുൽ ത്രിപാഠി 16 പന്തിൽ നിന്ന് 23 റൺസും നേടി. നിതീഷ് റാണ 20 പന്തിൽനിന്ന് 29 റൺസ് നേടി. ആന്ദ്രേ റസൽ 11 പന്തിൽ നിന്ന് ഒൻപത് റൺസെടുത്ത് പുറത്തായി. ഹൈദരാബാദിനു വേണ്ടി നടരാജൻ രണ്ടും വിജയ് ശങ്കർ, റാഷിദ്ഖാൻ, ബേസിൽ തമ്പി എന്നിവർ ഓരോ വിക്കറ്റും നേടി.

ഐപിഎൽ പോയിന്റ് പട്ടികയിൽ ഒൻപത് കളികളിൽ നിന്ന് അഞ്ച് ജയവും നാല് തോൽവിയുമായി നാലാം സ്ഥാനത്താണ് കൊൽക്കത്ത. ഒൻപത് കളികളിൽ നിന്ന് മൂന്ന് ജയവും ആറ് തോൽവിയുമുള്ള ഹൈദരബാദ് അഞ്ചാം സ്ഥാനത്താണ്.

പ്ലേയിങ് ഇലവൻ

കൊൽക്കത്ത: രാഹുൽ ത്രിപതി, ശുഭ്‌മാൻ ഗിൽ, നിതീഷ് റാണ്, ദിനേശ് കാർത്തിക്, ഓയിൻ മോർഗൻ, ആന്ദ്രെ റസൽ, പാറ്റ് കമ്മിൻസ്, ശിവം മാവി, കുൽദീപ് യാദവ്, ലോക്കി ഫെർഗൂസൻ, വരുൺ ചക്രവർത്തി

ഹൈദരബാദ്: ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ, മനീഷ് പാണ്ഡെ, കെയ്‌ൻ വില്യംസൺ, പ്രിയം ഗാർഗ്, വിജയ് ശങ്കർ, അബ്ദുൾ സമദ്, റാഷിദ് ഖാൻ, സന്ദീപ് ശർമ, ടി.നടരാജൻ, ബേസിൽ തമ്പി

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook