scorecardresearch
Latest News

IPL 2020- KKR vs RCB: ബോളിങ്ങിലും കരുത്ത് കാട്ടി ബാംഗ്ലൂർ; കൊൽക്കത്തക്കെതിരെ 82 റൺസ് ജയം

IPL 2020- KKR vs RCB: പോയിന്റ് നിലയിൽ ബാംഗ്ലൂർ മൂന്നാം സ്ഥാനത്തെത്തി

IPL 2020- KKR vs RCB: ബോളിങ്ങിലും കരുത്ത് കാട്ടി ബാംഗ്ലൂർ; കൊൽക്കത്തക്കെതിരെ 82 റൺസ് ജയം

IPL 2020- KKR vs RCB: ഷാർജ: ഐപിഎല്ലിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 82 റൺസിന് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ലക്ഷ്യമിട്ടിറങ്ങിയ കൊൽക്കത്തയ്ക്ക് മുന്നിൽ 195 റൺസ് വിജയലക്ഷ്യമായിരുന്നു ബാംഗ്ലൂർ ഒരുക്കിയത്. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ബാംഗ്ലൂർ ഈ സ്കോർ സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് മാത്രമാണ് നേടാനായത്.

കൊൽക്കത്തയ്ക്ക് വേണ്ടി ശുഭ്മാൻ ഗിൽ മാത്രമാണ് ഭേദപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവച്ചത്. ഗിൽ 25 പന്തിൽ നിന്ന് 34 റൺസ് നേടി. ആന്ദ്രേ റസൽ 10 പന്തിൽ നിന്ന് 16 റൺസ് നേടിയെങ്കിലും പെട്ടെന്ന് പുറത്തായി. രാഹുൽ ത്രിപാഠി 22 പന്തിൽ നിന്ന് 16 റൺസ് നേടി. മറ്റാർക്കും സ്കോർ രണ്ടക്കം തികയ്ക്കാനായില്ല.

ബാംഗ്ലൂരിനു വേണ്ടി ക്രിസ് മോറിസും, യൂസ്വേന്ദ്ര ചാഹലും, വാഷിങ്ടൺ സുന്ദറും മികച്ച ബോളിങ് പ്രതിരോധം കാഴ്ച വച്ചു. ക്രിസ് മോറിസ് നാല് ഓവറിൽ 17 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. ചാഹൽ നാല് ഓവറിൽ 12 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി.  സുന്ദർ നാല് ഓവറിൽ 20 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി,ഇസുറു ഉദാന എന്നിവർ ഓരോ വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 194 റൺസ് അടിച്ചെടുത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബാംഗ്ലൂരിന് വേണ്ടി എന്നാൽ ഓപ്പണർമാർ മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആരോൺ ഫിഞ്ചും ദേവ്ദത്ത് പടിക്കലും തകർത്തടിച്ചതോടെ കൊൽക്കത്തൻ ബോളർമാർ തുടക്കത്തിൽ വെള്ളം കുടിച്ചു. അവസാന ഓവറുകളിൽ എബി ഡി വില്ലിയേഴ്സും വെടിക്കെട്ട് തീർത്തതോടെ ബാംഗ്ലൂർ കൂറ്റൻ സ്കോറിലേക്ക് കുതിച്ചു.

ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ സഖ്യം പൊളിച്ചത് ആന്ദ്രെ റസലായിരുന്നു. 32 റൺസെടുത്ത പടിക്കലിന്റെ വിക്കറ്റിളക്കിയ റസൽ കൊൽക്കത്തയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. അധികം വൈകാതെ ആരോൺ ഫിഞ്ചും വീണു. അർധസെഞ്ചുറിക്ക് മൂന്ന് റൺസകലെ പ്രസീദാണ് ഓസിസ് താരത്തെ പുറത്താക്കിയത്. 37 പന്തിൽ നാല് ഫോറും ഒരു സിക്സുമടക്കമാണ് താരം 47 റൺസ് സ്വന്തമാക്കിയത്.

മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന വിരാട് കോഹ്‌ലിയും എബി ഡി വില്ലിയേഴ്സും തുടക്കത്തിൽ പതുങ്ങിയെങ്കിലും ഡി വില്ലിയേഴ്സ് അതിവേഗം ഗിയർ മാറി. പാറ്റ് കമ്മിൻസും ആന്ദ്രെ റസലും കമലേഷ് നഗർകൊട്ടിയുമെല്ലാം ഡി വില്ലിയേഴ്സിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞു. 33 പന്തിൽ 73 റൺസ് നേടിയ ഡി വില്ലിയേഴ്സിനൊപ്പം നായകൻ കോഹ്‌ലിയും 33 റൺസുമായി മികച്ച പിന്തുണ നൽകി.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലെയിങ് XI: ദേവ്ദത്ത് പടിക്കൽ, ആരോൺ ഫിഞ്ച്, വിരാട് കോഹ്‌ലി, എബി ഡി വില്ലിയേഴ്സ്, വാഷിങ്ടൺ സുന്ദർ, ശിവം ദുബെ, ഇസുറു ഉദാന, ക്രിസ് മോറിസ്, മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി, യുസ്‌വേന്ദ്ര ചാഹൽ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് XI: ശുഭ്മാൻ ഗിൽ, ടി ബന്റൻ, നിതീഷ് റാണ, ദിനേശ് കാർത്തിക്, ഒയിൻ മോർഗൻ, രാഹുൽ ത്രിപാഠി, ആന്ദ്രെ റസൽ, പാറ്റ് കമ്മിൻസ്, കമലേഷ് നഗർകൊട്ടി, പി കൃഷ്ണ, വരുൺ ചക്രവർത്തി

പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്ന കൊൽക്കത്ത ഈ പരാജയത്തോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏഴ് കളികളിൽ നാലെണ്ണത്തിൽ കൊൽക്കത്ത വിജയിച്ചു. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത് നിന്ന് ബാംഗ്ലൂർ മൂന്നാം സ്ഥാനത്തെത്തി. ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയം സ്വന്തമാക്കി.

Read Also: പന്ത് സ്റ്റംപിൽ കൊണ്ടു, തെവാതിയ ക്രീസിന് പുറത്ത്; പക്ഷേ, ഔട്ടല്ല

നായകൻ കോഹ്‌ലി ഫോമിലേക്ക് ഉയർന്നത് ബാംഗ്ലൂരിന് ഏറെ പ്രതീക്ഷ നൽകിയിരുന്നു. മലയാളി താരം ദേവ്‌ദത്ത് പടിക്കൽ, ദക്ഷിണാഫ്രിക്കൻ താരം എബി ഡി വില്ലിയേഴ്‌സ് തുടങ്ങിയവർ കൂടി ബാറ്റിങ്ങിൽ മികച്ച പ്രകടനം നടത്തിയാൽ ബാംഗ്ലൂരിന് കാര്യങ്ങൾ എളുപ്പമാകും. ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസ് ബോളിങ്ങിൽ ബാംഗ്ലൂരിന് കരുത്ത് പകരുന്നു.

മോശം പ്രകടനത്തിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് കൊൽക്കത്ത. പഞ്ചാബിനെതിരായ മത്സരത്തിൽ നാടകീയ വിജയമാണ് കൊൽക്കത്ത നേടിയത്. നായകൻ ദിനേശ് കാർത്തിക് മികച്ച ഫോമിലേക്ക് ഉയർന്നിട്ടുണ്ട്. വിൻഡീസ് താരം ആന്ദ്രെ റസലിന്റെ പരുക്കാണ് കൊൽക്കത്തയ്‌ക്ക് ഏറ്റവും വലിയ തിരിച്ചടിയാകുന്നത്. ശുഭ്‌മാൻ ഗിൽ ബാറ്റിങ് നിരയിൽ കൊൽക്കത്തയ്‌ക്ക് കരുത്തേകുന്നു.

Read Also: കൊമ്പുകോർത്ത് തെവാതിയയും ഖലീൽ അഹമ്മദും; ഇടപെട്ട് വാർണർ, വീഡിയോ

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2020 kkr vs rcb cricket score online match result scorecard