IPL 2020- KKR vs MI: കൊൽക്കത്ത നെെറ്റ് റെെഡേഴ്‌സിനെതിരായ മത്സരത്തിൽ മുംബെെ ഇന്ത്യൻസിന് എട്ട് വിക്കറ്റ് ജയം. കൊൽക്കത്ത ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 19 പന്തുകൾ ശേഷിക്കെ മുംബെെ മറികടന്നു. ഓപ്പണർ ബാറ്റ്‌സ്‌മാൻ ക്വിന്റൺ ഡി കോക്കിന്റെ മികച്ച ഇന്നിങ്‌സാണ് മുംബെെ ഇന്ത്യൻസിന് അനായാസ വിജയം സമ്മാനിച്ചത്.

ഡി കോക്ക് പുറത്താകാതെ 44 പന്തിൽ നിന്ന് 78 റൺസ് നേടി. ഒൻപത് ഫോറും മൂന്ന് സിക്‌സും അടങ്ങിയ വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു ഡി കോക്കിന്റേത്. 11 പന്തിൽ നിന്ന് 21 റൺസുമായി ഹാർദിക് പാണ്ഡ്യയുടെ പുറത്താകാതെ നിന്നു.

36 പന്തിൽ നിന്ന് 35 റൺസ് നേടിയ നായകൻ രോഹിത് ശർമ, പത്ത് പന്തിൽ നിന്ന് പത്ത് റൺസ് നേടിയ സൂര്യകുമാർ യാദവ് എന്നിവരുടെ വിക്കറ്റുകൾ മാത്രമാണ് മുംബെെ ഇന്ത്യൻസിന് നഷ്‌ടമായത്. രോഹിതും ഡി കോക്കും ചേർന്ന് ആദ്യ വിക്കറ്റിൽ 94 റൺസ് കൂട്ടുക്കെട്ട് സ്വന്തമാക്കി. രോഹിത് അഞ്ച് ഫോറും ഒരു സിക്‌സും നേടി.

കൊൽക്കത്തയ്‌ക്ക് വേണ്ടി വരുൺ ചക്രവർത്തി,​ ശിവം മാവി എന്നിവർ ഓരോ വിക്കറ്റ് നേടി.

ബോളിങ്ങിലും ബാറ്റിങ്ങിലും മുംബെെ ആധിപത്യം പുലർത്തി. ഒരിക്കൽ പോലും മുംബെെ ഇന്ത്യൻസിന് പ്രതിരോധം തീർക്കാൻ കൊൽക്കത്ത നെെറ്റ് റെെഡേഴ്‌സിന് സാധിച്ചില്ല.

ആദ്യം ബാറ്റ് ചെയ്‌ത കൊൽക്കത്ത നെെറ്റ് റെെഡേഴ്‌സിന് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടാനേ സാധിച്ചുള്ളൂ. മുൻനിര വിക്കറ്റുകൾ അതിവേഗം നഷ്‌ടപ്പെട്ട കൊൽക്കത്തയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത് പാറ്റ് കമ്മിൻസും നായകൻ ഓയിൻ മോർഗനുമാണ്.

കമ്മിൻസ് 36 പന്തിൽ നിന്ന് 53 റൺസ് നേടി പുറത്താകാതെ നിന്നു. അഞ്ച് ഫോറും രണ്ട് സിക്‌സും അടക്കമാണ് കമ്മിൻസ് അർധ സെഞ്ചുറി നേടിയത്. നായകൻ ഓയിൻ മോർഗൻ 29 പന്തിൽ നിന്ന് 39 റൺസ് നേടി (നോട്ട്‌ഔട്ട്), രണ്ട് ഫോറും രണ്ട് സിക്‌സും അടങ്ങിയതാണ് മോർഗന്റെ ഇന്നിങ്‌സ്. 61-5 എന്ന നിലയിൽ തകർന്നിടത്തു നിന്നാണ് കൊൽക്കത്ത 148 ലേക്ക് എത്തിയത്.

മുംബൈ ഇന്ത്യൻസിനുവേണ്ടി രാഹുൽ ചഹർ രണ്ട് വിക്കറ്റ് വീഴ്ത്തി. കോൾട്ടർ നൈല്‍, ട്രെന്റ് ബോൾട്ട്, ജസ്‌പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

പുതിയ നായകന്റെ കീഴിലാണ് കൊൽക്കത്ത കളത്തിലിറങ്ങിയത്. ഓയിൻ മോർഗനാണ് ഇനിയുള്ള മത്സരങ്ങളിൽ കൊൽക്കത്തയെ നയിക്കുക. ദിനേശ് കാർത്തിക് ക്യാപ്‌റ്റൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ഓയിൻ മോർഗൻ ക്യാപ്‌റ്റൻ സ്ഥാനത്തേക്ക് എത്തിയത്. ദിനേശ് കാർത്തിക് ടീമിൽ തുടരും.

അബുദാബിയിലാണ് മത്സരം നടന്നത്. ടോസ് ജയിച്ച കൊൽക്കത്ത നായകൻ മോർഗൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Read Also: കൊൽക്കത്തയ്‌ക്ക് പുതിയ ക്യാപ്‌റ്റൻ; നായകസ്ഥാനം ഒഴിയാനുള്ള കാരണം വെളിപ്പെടുത്തി കാർത്തിക്

ജയം തുടരാനാണ് മുംബെെ ഇന്ത്യൻസ് കളത്തിലിറങ്ങുന്നത്. ഡൽഹിയെ മറികടന്ന് ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനാണ് രോഹിത് ശർമയും സംഘവും ഇന്ന് പോരാടുന്നത്.

പ്ലേയിങ് ഇലവൻ

കൊൽക്കത്ത നെെറ്റ് റെെഡേഴ്‌സ്: രാഹുൽ ത്രിപതി, ശുഭ്‌മാൻ ഗിൽ, നിതീഷ് റാണ, ഓയിൻ മോർഗൻ (ക്യാപ്‌റ്റൻ), ദിനേശ് കാർത്തിക്, ആന്ദ്രെ റസൽ, ക്രിസ് ഗ്രീൻ, പാറ്റ് കമ്മിൻസ്, ശിവം മാവി, വരുൺ ചക്രവർത്തി, പ്രസീദ് കൃഷ്‌ണ

മുംബെെ ഇന്ത്യൻസ്: രോഹിത് ശർമ (ക്യാപ്‌റ്റൻ), ക്വിന്റൺ ഡി കോക്ക്, സുര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, കിറോൺ പൊള്ളാർഡ്, ക്രുണാൽ പാണ്ഡ്യ, രാഹുൽ ചഹർ, ട്രന്റ് ബോൾട്ട്, നഥാൻ കോൾട്ടർ-നെെൽ, ജസ്‌പ്രീത് ബുംറ

ഐപിഎൽ പോയിന്റ് പട്ടിക

ഐപിഎൽ പോയിന്റ് പട്ടികയിൽ എട്ട് കളികളിൽ നിന്ന് ആറ് വിജയവുമായി മുംബെെ ഇന്ത്യൻസ് ഒന്നാം സ്ഥാനത്താണ്. എട്ട് കളികളിൽ നിന്ന് നാല് വിജയമാണ് കൊൽക്കത്തയ്‌ക്കുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook