scorecardresearch

IPL 2020-KKR vs KXIP: മാസ് ഡാ...,ബോസ് ഡാ...,അഴിഞ്ഞാടി ഗെയ്‌ൽ, കൊൽക്കത്ത അടപടലം

IPL 2020-KKR vs KXIP: കൊൽക്കത്തയെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് കിങ്‌സ് ഇലവൻ പഞ്ചാബ്

IPL 2020-KKR vs KXIP: കൊൽക്കത്തയെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് കിങ്‌സ് ഇലവൻ പഞ്ചാബ്

author-image
Sports Desk
New Update
Chris Gayle

IPL 2020-KKR vs KXIP: സ്ഥിരതയോടെ ബാറ്റ് വീശി മന്ദീപ് സിങ്, സ്വതസിദ്ധമായ ശെെലിയിൽ ബൗളര്‍മാരെ പ്രഹരിച്ച് ക്രിസ് ഗെയ്‌ൽ, അവസാന ഓവറുകളിൽ റൺനിരക്ക് പിടിച്ചുനിർത്തി ബൗളിങ് നിര...ഏറെ നിർണായകമായ മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബ് കൊൽക്കത്ത നെെറ്റ് റെെഡേഴ്‌സിനെ പരാജയപ്പെടുത്തി.

Advertisment

എട്ട് വിക്കറ്റ് വിജയമാണ് പഞ്ചാബ് കൊൽക്കത്തയ്‌ക്കെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത കൊൽക്കത്തയുടെ 149 റൺസ് ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്‌ടപ്പെടുത്തി കിങ്‌സ് ഇലവൻ പഞ്ചാബ് മറികടന്നു. ഓപ്പണർ ബാറ്റ്‌സ്‌മാൻ മന്ദീപ് സിങും വെടിക്കെട്ട് ബാറ്റ്‌സ്‌മാൻ ക്രിസ് ഗെയ്‌ലും പഞ്ചാബിന് വേണ്ടി അർധ സെഞ്ചുറി നേടി.

Read Also: മുംബൈ ഇന്ത്യൻസിന് ഞെട്ടൽ; രോഹിത് ശർമ ഐപിഎല്ലിൽ നിന്ന് പുറത്ത്

56 പന്തിൽ നിന്ന് എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 66 റൺസെടുത്ത മന്ദീപ് സിങ് പുറത്താകാതെ നിന്നു. വെറും 29 പന്തിൽ നിന്ന് അഞ്ച് സിക്‌സും രണ്ട് ഫോറും സഹിതം ക്രിസ് ഗെയ്‌ൽ അടിച്ചുകൂട്ടിയത് 51 റൺസ്. ജയിക്കാൻ മൂന്ന് റൺസ് കൂടി വേണ്ട സമയത്താണ് ഗെയ്‌ൽ പുറത്തായത്. നായകൻ കെ.എൽ.രാഹുൽ 25 പന്തിൽ നിന്ന് 28 റൺസെടുത്ത് പുറത്തായി.

Advertisment

Image ക്രിസ് ഗെയ്‌ലും മന്ദീപും ബാറ്റിങ്ങിനിടെ

വൻ തകർച്ചയിൽ നിന്നു കരകയറിയാണ് കൊൽക്കത്ത നെെറ്റ് റെെഡേഴ്‌സ് ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിയത്. ആദ്യം ബാറ്റ് ചെയ്‌ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്‌ടത്തിലാണ് 149 റൺസ് നേടിയത്.

കൊൽക്കത്തയ്‌ക്ക് പത്ത് റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്‌ടമായെങ്കിലും ഓപ്പണർ ബാറ്റ്‌സ്‌മാൻ ശുഭ്‌മാൻ ഗിൽ നടത്തിയ രക്ഷാപ്രവർത്തനം തുണയായി. ഗിൽ കൊൽക്കത്തയ്‌ക്ക് വേണ്ടി അർധ സെഞ്ചുറി നേടി. 45 പന്തിൽ നിന്ന് 57 റൺസ് നേടിയാണ് ഗിൽ പുറത്തായത്. മൂന്ന് ഫോറും നാല് സിക്‌സും സഹിതമാണ് ഗിൽ 57 റൺസ് നേടിയത്.

ആദ്യ ഓവറിൽ തന്നെ നിതീഷ് റാണയെ മടക്കി ഗ്ലെൻ മാക്സ്‌വെൽ ആദ്യ പ്രഹരം നൽകിയതിന് പിന്നാലെ രണ്ടാം ഓവറിൽ രാഹുൽ ത്രിപാഠിയെയും (7 റൺസ്) ദിനേശ് കാർത്തിക്കിനെയും (0 റൺസ്) ഷമി പുറത്താക്കി. പിന്നീട് നായകൻ ഓയിൻ മോർഗനും ശുഭ്‌മാൻ ഗില്ലും ചേർന്ന് കൊൽക്കത്തയുടെ സ്‌കോർ ബോർഡ് അതിവേഗം ചലിപ്പിച്ചു. 25 പന്തിൽ നിന്ന് 40 റൺസ് നേടിയ ശേഷമാണ് മോഗനെ കൊൽക്കത്തയ്‌ക്ക് നഷ്‌ടപ്പെട്ടത്. അഞ്ച് ഫോറും രണ്ട് സിക്‌സും അടങ്ങിയതായിരുന്നു മോർഗന്റെ ഇന്നിങ്‌സ്.

ടോസ് ജയിച്ച കിങ്‌സ് ഇലവൻ പഞ്ചാബ് നായകൻ കെ.എൽ.രാഹുൽ കൊൽക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

Image കൊൽക്കത്ത നായകൻ ഓയിൻ മോർഗൻ

ഇന്നത്തെ മിന്നുന്ന ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യത നിലനിർത്തി. 12 മത്സരങ്ങളിൽ ആറ് കളികൾ ജയിച്ച പഞ്ചാബ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി. അതേസമയം ഇന്നത്തെ തോൽവി കൊൽക്കത്തയ്‌ക്ക് തിരിച്ചടിയായി. 12 കളികളിൽ ആറ് ജയവും ആറ് തോൽവിയുമുള്ള കൊൽക്കത്ത പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുനിന്ന് അഞ്ചിലേക്ക് കൂപ്പുകുത്തി. ശേഷിക്കുന്ന രണ്ട് കളികൾ ഇരു ടീമുകൾക്കും ഇനി നിർണായകം.

പ്ലേയിങ് ഇലവൻ

കൊൽക്കത്ത: ശുഭ്‌മാൻ ഗിൽ, നിതീഷ് റാണ, രാഹുൽ ത്രിപാഠി, ദിനേശ് കാർത്തിക്, ഓയിൻ മോർഗൻ, സുനിൽ നരെയ്‌ൻ, പാറ്റ് കമ്മിൻസ്, ലോക്കി ഫെർഗൂസൻ, കമലേഷ് നാഗർകോട്ടി, പ്രസീദ് കൃഷ്‌ണ, വരുൺ ചക്രവർത്തി

പഞ്ചാബ്: കെ.എൽ.രാഹുൽ, മന്ദീപ് സിങ്, ക്രിസ് ഗെയ്‌ൽ, നിക്കോളാസ് പൂറാൻ, ഗ്ലെൻ മാക്‌സ്‌വെൽ, ദീപക് ഹൂഡ, ക്രിസ് ജോർദാൻ, മുരുകൻ അശ്വിൻ, രവി ബിഷോണി, മൊഹമ്മദ് ഷമി, അർഷ്‌ദീപ് സിങ്

Kolkata Knight Riders Kings Eleven Punjab Ipl 2020

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: