IPL 2020-DC vs KKR: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിന് ജയം. 59 റൺസിനാണ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഡൽഹിയെ കൊൽക്കത്ത പരാജയപ്പെടുത്തിയത്. കൊൽക്കത്തയുടെ 194 റൺസ് പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടാനെ സാധിച്ചുള്ളൂ. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് നേടിയിരുന്നു. നിതീഷ് റാണ-സുനിൽ നരെയ്ൻ കൂട്ടുക്കെട്ടാണ് കൊൽക്കത്തയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
ഡൽഹിക്ക് വേണ്ടി നായകൻ ശ്രേയസ് അയ്യർ 38 പന്തിൽ നിന്ന് 47 റൺസ് നേടി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത് 33 പന്തിൽ നിന്ന് 27 റൺസെടുത്തു. മറ്റാർക്കും ഡൽഹി ക്യാപിറ്റൽസിനുവേണ്ടി മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. കൊൽക്കത്തയ്ക്കുവേണ്ടി വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻസ് മൂന്നും ലോക്കി ഫെർഗൂസൻ ഒരു വിക്കറ്റും നേടി.
Read Also: ഇത്തവണ ഞങ്ങൾ വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ല; ധോണിയുടെ ദുഃഖം
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്ക് വേണ്ടി ഓപ്പണർ ബാറ്റ്സ്മാൻ നിതീഷ് റാണ 53 പന്തിൽ നിന്ന് 81 റൺസ് നേടി. 13 ഫോറും ഒരു സിക്സും അടങ്ങിയതാണ് റാണയുടെ വെടിക്കെട്ട് ഇന്നിങ്സ്. സുനിൽ നരെയ്ൻ 32 പന്തിൽ 64 റൺസ് നേടി. ആറ് ഫോറും നാല് സിക്സും സഹിതമാണ് നരെയ്ൻ അർധ സെഞ്ചുറി നേടിയത്. 42 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ കൊൽക്കത്തയെ മികച്ച സ്കോറിലേക്ക് എത്തിച്ചത് നിതീഷ് റാണ-സുനിൽ നരെയ്ൻ സഖ്യമാണ്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 115 റൺസിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയർത്തിയത്.
Read Also: ഇത്തവണ ഞങ്ങൾ വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ല; ധോണിയുടെ ദുഃഖം
ശുഭ്മാൻ ഗിൽ ( എട്ട് പന്തിൽ ഒൻപത്), രാഹുൽ ത്രിപതി ( 12 പന്തിൽ 13), ദിനേശ് കാർത്തിക് (ആറ് പന്തിൽ മൂന്ന്), ഓയിൻ മോർഗൻ ( ഒൻപത് പന്തിൽ 17) എന്നിവരുടെ വിക്കറ്റും കൊൽക്കത്തയ്ക്ക് നഷ്ടമായി. ഡൽഹിക്ക് വേണ്ടി ആൻറിച്ച് നോർജെ, കഗിസോ റബാഡ, മാർകസ് സ്റ്റോയ്നിസ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
ടോസ് ജയിച്ച ഡൽഹി ക്യാപിറ്റൽസ് നായകൻ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
കൊൽക്കത്ത ടീം: ശുഭ്മാൻ ഗിൽ, സുനിൽ നരെയ്ൻ, നിതീഷ് റാണ, രാഹുൽ ത്രിപതി, ഓയിൻ മോർഗൻ, ദിനേശ് കാർത്തിക്, പാറ്റ് കമ്മിൻസ്, ലോക്കി ഫെർഗൂസൻ, കമലേഷ് നാഗർകോട്ടി, പ്രസീദ് കൃഷ്ണ, വരുൺ ചക്രവർത്തി
ഡൽഹി ടീം: ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, മാർകസ് സ്റ്റോയ്നിസ്, ഷിമ്രോൺ ഹെറ്റ്മയർ, അക്ഷർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, കഗിസോ റബാഡ, തുഷാർ ദേശ്പാണ്ഡെ, ആൻറിച്ച് നോർജെ
നിലവിൽ പതിനൊന്ന് കളികളിൽ നിന്ന് ഏഴ് വിജയവുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ശ്രേയസ് അയ്യർ നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ്. പതിനൊന്ന് കളികളിൽ നിന്ന് ആറ് ജയവും അഞ്ച് തോൽവിയുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് കൊൽക്കത്ത.