ഐപിഎല്ലിൽ പുതിയ റെക്കോർഡിട്ട് ഇന്ത്യയുടെ ജസ്‌പ്രീത് ബുംറ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്.

പ്ലേ ഓഫ് ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് മുംബെെ ഇന്ത്യൻസ് താരം ജസ്‌പ്രീത് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്. ഡൽഹിക്കെതിരായ മത്സരത്തിൽ നാല് വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. ഇതോടെ ഈ സീസണിലെ ബുംറയുടെ ആകെ വിക്കറ്റുകൾ 27 ആയി. ഈ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരവും ബുംറയാണ്. ഡൽഹിയുടെ കഗിസോ റബാദയാണ് 25 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്ത്.

Read Also: വിരാടിന്റെ ജന്മദിനം ആഘോഷമാക്കി അനുഷ്ക; വീഡിയോ

ഇന്ത്യയുടെ ഭുവനേശ്വർ കുമാർ 2017  ഐപിഎൽ സീസണിൽ സൺറെെസേഴ്‌സ് ഹെെദരബാദിന് വേണ്ടി 26 വിക്കറ്റുകൾ നേടിയിരുന്നു. ഈ റെക്കോർഡാണ് ബുംറ ഇന്നലെ മറികടന്നത്. 2013 ൽ ഹർഭജൻ സിങ് 23 വിക്കറ്റും 2017 ൽ ജയദേവ് ഉനദ്‌കട്ട് 24 വിക്കറ്റും നേടിയിരുന്നു. ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ ടോപ്പ് ത്രീയില്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റുള്ള ബൗളര്‍ ബുംറയാണ്. 6.71 ആണ് അദ്ദേഹത്തിന്റെ ബൗളിങ് ഇക്കോണമി. 14 ഇന്നിങ്‌സുകളിലായി 56 ഓവര്‍ ബൗള്‍ ചെയ്ത ബുംറ 376 റണ്‍സിനാണ് 27 വിക്കറ്റുകള്‍ നേടിയത്. ഡൽഹിക്കെതിരായ മത്സരത്തിൽ നാലോവറില്‍ ഒരു മെയ്‌ഡനുൾപ്പെടെ 14 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തിയത്. ഫെെനലിൽ മുംബെെയുടെ തുറുപ്പുചീട്ട് ബുംറ തന്നെയായിരിക്കും.

ബുംറ മികച്ച ഫോമിൽ പന്തെറിയുമ്പോൾ അത് ഇന്ത്യയ്‌ക്കും ആശ്വാസമാണ്. ഐപിഎല്ലിനു പിന്നാലെ ഓസീസ് പര്യടനത്തിനു തയ്യാറായിരിക്കുന്ന ഇന്ത്യ ബുംറയുടെ കരുത്തിലാണ് വിശ്വസമർപ്പിക്കുന്നത്. റൺസ് വിട്ടുകൊടുക്കുന്നതിലെ പിശുക്കും വിക്കറ്റ് വീഴ്‌ത്തുന്നതിലെ മിടുക്കും ബുംറയെ ഇന്ത്യയുടെ വജ്രായുധമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook