ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ സാധിക്കാതെ പോയ രോഹിത് ശർമയ്ക്ക് മൂന്ന് ആഴ്ചയോളം വിശ്രമം വേണ്ടിവരുമെന്ന് റിപ്പോർട്ട്. ഇതോടെ രോഹിത് ശർമയ്ക്ക് തുടർന്നുള്ള ഐപിഎൽ മത്സരങ്ങൾ നഷ്ടമാകുമെന്ന് ഉറപ്പായി.
രണ്ടോ മൂന്നോ ആഴ്ച പൂർണ വിശ്രമം വേണമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഫിസിയോ തെറാപ്പിസ്റ്റ് നിതിൻ പട്ടേൽ പറയുന്നത്. വളരെ വിശമായ ഒരു മെഡിക്കൽ റിപ്പോർട്ട് ടീം സെലക്ടേഴ്സിനു മുന്നിൽ നിതിൻ പട്ടേൽ സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിലാണ് രോഹിത് മൂന്ന് ആഴ്ചയോളം ചികിത്സയിൽ കഴിയേണ്ടിവരുമെന്ന് വ്യക്തമാക്കുന്നത്. ടീം ഫിസിയോ റിപ്പോർട്ട് പരിഗണിച്ചാണ് ഓസ്ട്രേലിയൻ പര്യടനത്തിൽ നിന്ന് രോഹിത്തിനെ ഒഴിവാക്കിയിരിക്കുന്നത്.
Read Also: രോഹിത് ശർമയ്ക്ക് എന്തുപറ്റി ? ഇന്ത്യൻ ക്രിക്കറ്റിലെ പുകമറ, ചോദ്യങ്ങളുമായി ആരാധകർ
അതേസമയം, രോഹിത്തിന്റെ ഫിറ്റ്നസ് നിരന്തരം നിരീക്ഷിക്കാനാണ് ബിസിസിഐയുടെ തീരുമാനം. കളിക്കാൻ പാകത്തിനു ഫിറ്റ്നസിൽ എന്തെങ്കിലും പുരോഗതിയുണ്ടായാൽ രോഹിത് ശർമയെ ഓസ്ട്രേലിയയിലേക്ക് വിളിക്കാനുള്ള കാര്യവും ആലോചനയിലാണ്.
ഐപിഎല്ലിൽ രോഹിത്തിന്റെ ടീമായ മുംബൈ ഇന്ത്യൻസ് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു. പ്ലേ ഓഫിലെ നിർണായക മത്സരങ്ങളിൽ രോഹിത് ശർമയില്ലാതെ മുംബൈയ്ക്ക് ഇറങ്ങേണ്ടിവരും.
ഇന്ത്യൻ ടീം ഫിസിയോ നിതിൻ പട്ടേൽ രോഹിത്തിന്റെ പരുക്ക് സംബന്ധിച്ചുള്ള റിപ്പോർട്ട് വിദഗ്ധരായ മറ്റ് രണ്ട് ഡോക്ടർമാരെയും കാണിച്ചു. ഈ ഡോക്ടർമാരും മൂന്ന് ആഴ്ച രോഹിത് വിശ്രമിക്കണമെന്ന നിർദേശം മുന്നോട്ടുവച്ചതായി ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കുന്നു. സുനിൽ ജോഷിയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ പാനൽ ഈ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് രോഹിത്തിനെ ഓസ്ട്രേലിയൻ പര്യടനത്തിൽ നിന്നു മാറ്റിനിർത്തിയിരിക്കുന്നത്.
Read Also: ജന്മദിനം കളറാക്കി വാർണർ; കളമറിഞ്ഞ് കളിച്ച് സാഹ, കിടിലൻ കൂട്ടുക്കെട്ട്
അതേസമയം, ഓസ്ട്രേലിയൻ പര്യടനത്തിൽ നിന്ന് രോഹിത്തിനെ ഒഴിവാക്കി, ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ രോഹിത് കളിക്കില്ല തുടങ്ങിയ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് മുംബൈ ഇന്ത്യൻസിന്റെ ഒരു ട്വീറ്റ് വരുന്നത്. രോഹിത് പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ചിത്രമാണ് മുംബൈ പങ്കുവച്ചത്. രോഹിത്തിന്റെ പരിശീലന വീഡിയോയും മുംബൈ പങ്കുവച്ചിരുന്നു. ഇത് കായികലോകത്ത് ഏറെ ചർച്ചയായി. പരുക്കിനെ തുടർന്ന് ഡിസംബറിലെ മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയ രോഹിത് ഇപ്പോൾ പരിശീലനം നടത്തുന്ന വീഡിയോ ഏറെ ചോദ്യങ്ങൾ ഉന്നയിക്കുന്നു.
രോഹിത് ശർമയ്ക്ക് എപ്പോൾ ബാറ്റിങ് പരിശീലനം പുനരാരംഭിക്കാൻ സാധിക്കുമെന്നതിനെ കുറിച്ച് തങ്ങൾക്ക് യാതൊരു സൂചനയും നൽകാൻ സാധിക്കില്ലെന്ന് സെലക്ഷൻ കമ്മിറ്റിയും ഇന്ത്യൻ ബോർഡും പറയുന്നു. ഒക്ടോബർ 18 നാണ് രോഹിത്തിന് പരുക്ക് പറ്റിയതെന്നും അദ്ദേഹം ചികിത്സയിൽ തുടരുകയാണെന്നും ഇന്ത്യൻ ബോർഡ് കൂട്ടിച്ചേർത്തു.
ബിസിസിഐക്കെതിരെ ഒളിയമ്പെയ്ത് സുനിൽ ഗവാസ്കർ ഇന്നലെ രംഗത്തെത്തിയിരുന്നു. രോഹിത്തിന് എന്ത് സംഭവിച്ചു എന്ന് വ്യക്തമാക്കണമെന്ന് ഗവാസ്കർ ആവശ്യപ്പെട്ടു.
“ഒന്നര മാസം കഴിഞ്ഞുള്ള ടെസ്റ്റ് മത്സരങ്ങളെ കുറിച്ചാണ് നമ്മൾ ഇപ്പോൾ സംസാരിക്കുന്നത്. ഒന്നരമാസം കഴിഞ്ഞുള്ള പരമ്പരയിൽ നിന്ന് രോഹിത്തിനെ ഒഴിവാക്കിയിരിക്കുന്നു. പരുക്കാണ് കാരണം. എന്നാൽ, രോഹിത് നെറ്റ്സിൽ പരിശീലിക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നു. എന്ത് തരം പരുക്കാണ് രോഹിത്തിന് സംഭവിച്ചിട്ടുള്ളത്. സത്യസന്ധമായി പറഞ്ഞാൽ എനിക്ക് അറിയില്ല എന്തുതരം പരുക്കാണിതെന്ന്. എനിക്ക് തോന്നുന്നു ഇവിടെ ചില കാര്യങ്ങളിൽ സുതാര്യത കുറവുണ്ട്. രോഹിത്തുമായി എന്താണ് പ്രശ്നമെന്ന് അറിയാൻ എല്ലാവർക്കും അവകാശമുണ്ട്. ഇതിലെ സത്യസന്ധമായ വസ്തുത അറിയാൻ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്ക് അവകാശമുണ്ട്. കഴിഞ്ഞ രണ്ട് കളികളിലായി പരുക്ക് മൂലം പുറത്തിരിക്കുന്ന പഞ്ചാബ് ഓപ്പണർ മായങ്ക് അഗർവാൾ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള മൂന്ന് ടീമിലുമുണ്ടല്ലോ !” ഗവാസ്കർ പറഞ്ഞു.