ന്യൂഡൽഹി: ഇന്ത്യൻ പ്രിമീയർ ലീഗ് പോരാട്ടങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബാറ്റിങ് ലൈൻഅപ്പിലെ പ്രധാന താരം സുരേഷ് റെയ്നയെ നഷ്ടമായതിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തിരിച്ചടി. മുതിർന്ന സ്‌പിന്നർ ഹർഭജൻ സിങ്ങും ഇത്തവണത്തെ മത്സരങ്ങളിൽ ഭാഗമാകില്ല. വ്യക്തിപരമായ കാരണങ്ങളാൽ ഇത്തവണത്തെ ഐപിഎൽ ഉപേക്ഷിക്കുന്നതായി ഹർഭജൻ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതുകൊണ്ട് വീട്ടുകാർക്കൊപ്പം സമയം ചെലവഴിക്കുകയാണെന്നും താരം പറഞ്ഞു.

Also Read: അത്തരം വാർത്തകൾ വസ്തുതാവിരുദ്ധം; 12.5 കോടി ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോയെന്ന് റെയ്ന

കഴിഞ്ഞയാഴ്ചയാണ് മത്സരങ്ങൾക്കായി ടീമിനൊപ്പം ദുബായിയിലേക്ക് തിരിച്ച റെയ്ന ക്വാറന്റൈൻ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ നാട്ടിലേക്ക് മടങ്ങിയത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണ് താരം നാട്ടിലേക്ക് മടങ്ങിയതെന്നായിരുന്നു ക്ലബ്ബിന്റെ വിശദീകരണം. ‘ഐപിഎൽ സീസൺ പൂർണമായും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം തീർത്തും വ്യക്തിപരമാണ്. കുടുംബത്തിനു വേണ്ടിയാണ് ഞാൻ തിരികെ പോന്നത്. എന്റെ കുടുംബവുമായി ബന്ധപ്പെട്ട് അടിയന്തരമായി കൈകാര്യം ചെയ്യേണ്ട ചില പ്രശ്നങ്ങളുണ്ടായിരുന്നു.’ റെയ്ന പറഞ്ഞു.

Also Read: മുംബൈ ഇന്ത്യൻസിന് തിരിച്ചടി; ലസിത് മലിംഗ എത്തില്ല, ഓസ്ട്രേലിയയിൽ നിന്ന് പകരക്കാരനെ കണ്ടെത്തി ടീം

സുരേഷ് റെയ്നയുടെ അടുത്ത ബന്ധുക്കൾക്കു നേരെ കവർച്ചാ സംഘം നടത്തിയ ആക്രമണമാണ് റെയ്നയെ തിരികെ നാട്ടിലെത്തിച്ചത്. ഈ ആക്രമണത്തിൽ തന്റെ അമ്മാവനും ബന്ധുവും കൊല്ലപ്പെട്ടുവെന്നും താരം പിന്നീട് വ്യക്തമാക്കിയിരുന്നു.

“പഞ്ചാബിലുള്ള എന്റെ കുടുംബത്തിൽ സംഭവിച്ചത് അതിഭയാനകമായ കാര്യമാണ്. അമ്മാവൻ കൊല്ലപ്പെട്ടു. എന്റെ അമ്മായിയും മറ്റ് ബന്ധുക്കളും ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. നിർഭാഗ്യവശാൽ ഒരു ബന്ധുവും ഇന്നലെ മരിച്ചു,” റെയ്ന ട്വിറ്ററിൽ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook