അബുദാബി: ഇന്ത്യൻ പ്രിമീയർ ലീഗിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ചെന്നൈ ക്യാമ്പിൽ നിന്ന് അത്ര ശുഭകരമായ വാർത്തകളല്ല കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തുവരുന്നത്. ദീപക് ചാഹർ ഉൾപ്പടെ പത്തിലധികം ടീം അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ചിന്നത്തല സുരേഷ് റെയ്നയുടെ അപ്രതീക്ഷിത മടക്കവും ടീമിന് തിരിച്ചടിയായി. എന്നാൽ ആരാധകരുടെ പ്രതീക്ഷകൾ സജീവമാക്കുകയാണ് വിദേശതാരങ്ങളുടെ കടന്നുവരവ്.
ദക്ഷിണാഫ്രിക്കൻ നായകനും ചെന്നൈ ബാറ്റിങ് നിരയിലെ ഒഴിച്ച് നിർത്താനാകാത്ത സാനിധ്യവുമായ ഫാഫ് ഡുപ്ലെസിസും പ്രൊട്ടിയാസ് പേസർ ലുങ്കി എങ്കിഡിയുമാണ് ടീമിനൊപ്പം ചേർന്നത്. ചൊവ്വാഴ്ച പുലർച്ചയോടെയാണ് ദക്ഷിണാഫ്രിക്കൻ സംഘം യുഎഇയിലെത്തിയത്. ഇവർക്കൊപ്പം ഡൽഹി ക്യാപിറ്റൽസിനുവേണ്ടി കളിക്കുന്ന ദക്ഷിണാഫ്രിക്കയുടെ മിന്നും പേസർ കഗിസോ റബാഡയും യുഎഇയിലെത്തിയിട്ടുണ്ട്.
Also Read: എന്റെ കുടുംബത്തിന് സംഭവിച്ചത് അതിഭയാനകമായ കാര്യം; മൗനം വെടിഞ്ഞ് സുരേഷ് റെയ്ന
കോവിഡ് വ്യാപനത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ച ഇന്ത്യൻ പ്രിമീയർ ലീഗ് ഇന്ത്യയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് യുഎഇയിലേക്ക് മാറ്റിയത്. സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ടൂർണമെന്റ് ദുബായ്, അബുദാബി, ഷാർജ എന്നീ മൂന്ന് വേദികളിലായാണ് സംഘടിപ്പിക്കപ്പെടുന്നത്. നവംബർ 10നാണ് കലാശ പോരാട്ടം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എത്ര വിദേശ താരങ്ങൾ ടീമിനൊപ്പം ചേരുമെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ സാധിച്ചട്ടില്ല. നേരത്തെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഭാഗമായ ക്രിസ് മോറിസ്, എ ബി ഡിവില്ലിയേഴ്സ്, സ്റ്റെയിൻ എന്നീ താരങ്ങൾ യുഎഇയിലെത്തിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള ടീമുകളുടെ സംഘവും ഇതിനോടകം യുഎഇയിലെത്തുകയും ക്വാറന്റൈനും കോവിഡ് പരിശോധനകളും പൂർത്തിയാക്കി പരിശീലനത്തിന് ഇറങ്ങി കഴിഞ്ഞു.
Also Read: IPL 2020: ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കോഹ്ലിയുടെ ബംഗ്ലൂരിനെ നേരിടും
അതേസമയം ചെന്നൈ സൂപ്പർ കിങ്സിന് പകരം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരായിരിക്കും മുംബൈ ഇന്ത്യൻസിനെ നേരിടുകയെന്ന് സൂചന. ചെന്നൈ ടീമിലെ പത്തിലധികം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എത്തുന്നത്. നേരത്തെ ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന മത്സരക്രമത്തിൽ ചെന്നൈയായിരുന്നു മുംബൈയുടെ എതിരാളികൾ. ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളതെങ്കിലും മത്സരക്രമം ഇതുവരെ പ്രസിദ്ധീകരിച്ചട്ടില്ല എന്ന വസ്തുതയും നിലനിൽക്കുന്നു.