ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മറ്റൊരു പതിപ്പുകൂടി കലാശകൊട്ടിലേക്ക്. 13-ാം സീസണിലെ ചാംപ്യന്മാർ ആരെന്ന് ഇന്നറിയാം. അഞ്ചാം കിരീടമെന്ന സ്വപന നേട്ടത്തിലേക്ക് മുംബൈയും കന്നി കിരീടമെന്ന മോഹവുമായി ഡൽഹി ക്യാപിറ്റൽസും നേർക്കുന്നേരെത്തുമ്പോൾ മത്സരം വാശിയേറിയതാകും. മാനസികമായ മേൽക്കൈ ഡൽഹിക്കുമേൽ മുംബൈക്കുണ്ടെന്ന് നായകൻ രോഹിത് അവകാശപ്പെടുമ്പോഴും ആദ്യ ക്വാളിഫയറിലേതുപോലെ അനായാസം ഡൽഹിയെ കീഴിപ്പെടുത്താമെന്ന അമിത പ്രതീക്ഷയൊന്നും മുംബൈക്കില്ല.

Also Read: ഡൽഹിയുടെ കളി കാണാനിരിക്കുന്നതേയുള്ളു; മുംബൈക്ക് നിസ്സാരമായി കാണാനാവില്ലെന്ന് റിക്കി പോണ്ടിങ്

ധവാൻ – സ്റ്റെയ്നിസ് vs ബുംറ – ബോൾട്ട്

മുംബൈ ഇന്ത്യൻസിന്റെ ബോളിങ് സഖ്യവും ഡൽഹി ക്യാപിറ്റൽസിന്റെ ബാറ്റിങ് സഖ്യവുമായിരിക്കും മത്സരത്തിന്റെ ഗതി നിർണയിക്കുക. ന്യൂ ബോളിൽ ജസ്പ്രീത് ബുംറ – ട്രെന്റ് ബോൾട്ട് കൂട്ടുകെട്ടിന്റെ അക്രമണത്തിന്റെ ചൂട് നന്നായി അറിയാവുന്നവരാണ് ഡൽഹി. സീസണിലെ വിക്കറ്റ് വേട്ടക്കരിൽ ആദ്യ മൂന്നിൽ രണ്ട് താരങ്ങളുമുണ്ടെന്നത് തന്നെ അവരുടെ കരുത്ത് വ്യക്തമാക്കുന്നു. സീസണിൽ ഇതുവരെ ഇരു ടീമുകളും മൂന്ന് തവണ ഏറ്റുമുട്ടിയപ്പോൾ 11 ഡൽഹി മുൻനിര ബാറ്റ്സ്മാന്മാരെയും കൂടാരം കയറ്റിയത് ഇരുവരും ചേർന്നാണ്.

Also Read: IPL 2020 Final: മികച്ച ടീമാണ് മുംബൈ; അഞ്ചാം കീരീടം സ്വന്തമാക്കും: ജയം ഉറപ്പിച്ച് രോഹിത്

ആദ്യം ബാറ്റ് ചെയ്താലും ചേസ് ചെയ്താലും മുംബൈയെ ആധിപത്യം ഉറപ്പിക്കാൻ അനുവധിക്കാതിരിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഡൽഹി ഓപ്പണർമാരായ ശിഖർ ധവാനും മാർക്കസ് സ്റ്റൊയ്നിസിനുമാണ്. ഹൈദരാബാദിനെതിരായ രണ്ടാം ക്വാളിഫയറിൽ ഇരുവരുടെയും പ്രകടനം വിജയത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ആദ്യ ഓവറുകളിൽ ഡൽഹിക്ക് ജീവൻ നിലനിർത്തുകയെന്നതാണ് അവരുടെ തന്ത്രങ്ങളിലെ പ്രധാന ആയുധം. എന്നാൽ അത് അത്ര എളുപ്പാമായിരിക്കില്ല.

കളി മറക്കുന്ന ക്യാപിറ്റൽസ് മധ്യനിര vs മുംബൈ പവർ ഹിറ്റേഴ്സ്

മധ്യനിരയാണ് ഡൽഹിയുടെ പ്രധാന തലവേദനയെങ്കിൽ മുംബൈയെ സംബന്ധിച്ചടുത്തോളം പാണ്ഡ്യ സഹോദരന്മാരും ഇഷാൻ കിഷനും പൊള്ളാർഡുമാടങ്ങുന്ന മധ്യനിര പ്രധാന കരുത്താണ്. ഓപ്പണർമാരും സൂര്യകുമാറും മികച്ച തുടക്കം സമ്മാനിച്ചുകഴിഞ്ഞാൽ പിന്നെ മുംബൈയെ കൂറ്റൻ സ്കോറിലെത്തിക്കുക എന്ന ദൗത്യമാണ് മുംബൈ മധ്യനിരയ്ക്കുള്ളത്. എന്നാൽ നായകൻ ശ്രേയസ് അയ്യരടക്കമുള്ള ഡൽഹി മധ്യനിര പലപ്പോഴും ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നതാണ് ടൂർണമെന്റിൽ കണ്ടത്. ഹെറ്റ്മയറും പന്തുമെല്ലാം താളം കണ്ടെത്തേണ്ടത് അനിവാര്യമാണ്.

Also Read: അഞ്ചാം കിരീടവുമായി മുംബൈ പറക്കുമോ ? പ്രിയ ടീമിന് ആശംസകളുമായി സച്ചിനും

ഫൈനലിലെ പർപ്പിൾ ക്യാപ് പോരാട്ടം

ബുംറയെയും ബോൾട്ടിനെയും അതിജീവിച്ചാലും മധ്യ ഓവറുകളിൽ ഡൽഹിയുടെ നട്ടെല്ലൊടിക്കാൻ കഴിയുന്ന രാഹുൽ ചാഹറും മുംബൈ പ്രതീക്ഷകൾ സജീവമാക്കുന്നു. പാണ്ഡ്യ സഹോദരന്മാരും ബോളിങ്ങിൽ തിളങ്ങിയാൽ ഡൽഹിക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. റബാഡയെ മറികടന്ന് പർപ്പിൾ ക്യാപ്പും സ്വന്തമാക്കുക എന്ന ലക്ഷ്യവും ഫൈനലിനിറങ്ങുന്ന ബുംറയുടെയും ബോൾട്ടിന്റെയും മനസിലുണ്ടാകും.

Also Read: ലാറയുടെ പ്രിയപ്പെട്ടവർ; ആദ്യ പേര് സഞ്ജുവിന്റേത്, അസാധ്യ താരമെന്ന് ക്രിക്കറ്റ് ഇതിഹാസം

ബോളിങ്ങിൽ കഗിസോ റബാഡ എന്ന ദക്ഷിണാഫ്രിക്കൻ താരമായിരിക്കും ഡൽഹിയുടെ വജ്രായുധം. സീസണിൽ ഇതിനോടകം 29 വിക്കറ്റുകൾ വീഴ്ത്തിയ താരത്തിന്റെ കൈവശമാണ് നിലവിൽ പർപ്പിൾ ക്യാപ്. പവർപ്ലേയിൽ വിക്കറ്റ് വീഴ്ത്തുന്നില്ല എന്ന പരാതിക്കും കഴിഞ്ഞ മത്സരങ്ങളിൽ താരം മറുപടി നൽകി കഴിഞ്ഞു. അൻറിച്ച് നോർഷെയുടെ തീപാറും പന്തുകൾ മുംബൈയെ അനായാസം തകർക്കാൻ സാധിക്കുന്നവ തന്നെയാണ്. അശ്വിന്റെ അനുഭവ സമ്പത്തും ഫൈനലിൽ നിർണായകമാകും.

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുന്നത്. ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്, ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ രാജക്കന്മാരെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook