IPL 2020 – MIvsDC Final:ഇന്ത്യൻ പ്രീമിയർ ലീഗിൽ അഞ്ചാം തവണയും കിരീടമുയർത്തി മുംബൈ ഇന്ത്യൻസ്. കലാശപോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്താണ് മുംബൈ വീണ്ടും ചാംപ്യന്മാരായിരിക്കുന്നത്. ഡൽഹി ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റും എട്ട് പന്തും ബാക്കി നിൽക്കെ മുംബൈ മറികടക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ വെടിക്കെട്ട് തുടക്കമാണ് നായകൻ രോഹിതും ക്വിന്റൻ ഡി കോക്കും മുംബൈക്ക് നൽകിയത്. 45 റൺസിൽ ഡി കോക്കിനെ നഷ്ടമായെങ്കിലും സൂര്യകുമാർ യാദവിനൊപ്പം ചേർന്ന് രോഹിത് മുംബൈയെ വിജയ തീരത്തേക്ക് നയിച്ചു. 19 റൺസെടുത്ത സൂര്യകുമാർ പുറത്തായതോടെ ഇഷാൻ കിഷൻ നായകനൊപ്പം ചേർന്നു.

51 പന്തിൽ 68 റൺസെടുത്ത രോഹിത് പുറത്താകുമ്പോഴേക്കും മുംബൈ വിജയം ഉറപ്പിച്ചിരുന്നു. 18-ാം ഓവറിൽ പൊള്ളാർഡിനെ പുറത്താക്കിയ റബാഡ ഡൽഹിക്ക് പ്രതീക്ഷ നൽകിയെങ്കിലും 35 റൺസ് നേടിയ ഇഷാൻ മുംബൈയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. അഞ്ചാം കിരീടത്തിലേക്കും.

ടൂർണമെന്റിലെ തന്റെ ആദ്യ അർധസെഞ്ചുറിയുമായി യുവതാരം റിഷഭ് പന്ത് തിളങ്ങിയപ്പോൾ വൻ തകർച്ചയിൽ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തി ഡൽഹി ക്യാപിറ്റൽസ്. ഇന്ത്യൻ പ്രീമിയർ ലീഗിലെ കലാശപോരാട്ടത്തിൽ മുംബൈക്കെതിരെ 157 റൺസിന്റെ വിജയലക്ഷ്യമാണ് ഡൽഹി ഉയർത്തിയിരിക്കുന്നത്. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി 156 റൺസിലെത്തിയത്. അർധസെഞ്ചുറി നേടിയ പന്തിന്റെയും നായകൻ ശ്രേയസ് അയ്യരുടെ ഇന്നിങ്സുകളാണ് ഡൽഹിക്ക് തുണയായത്.

ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ സ്റ്റൊയിനിസിനെ (0) മടക്കി ട്രെന്റ് ബോൾട്ട് ഡൽഹിയെ ഞെട്ടിച്ചു. തന്റെ രണ്ടാം ഓവറിൽ രണ്ട് റൺസെടുത്ത രഹാനെയെയും ഡി കോക്കിന്റെ കൈകളിൽ എത്തിച്ചത് ഡൽഹിക്ക് ഇരട്ടി പ്രഹരമായി. മുതിർന്ന താരം ശിഖർ ധവാന്റെ ഇന്നിങ്സും 15 റൺസിൽ അവസാനിച്ചപ്പോൾ മറ്റൊരു വൻതകർച്ച ഡൽഹി മുന്നിൽ കണ്ടു.

എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ശ്രേയസ് അയ്യർ – റിഷഭ് പന്ത് സഖ്യം ഡൽഹിയുടെ രക്ഷാപ്രവർത്തകരാവുകയായിരുന്നു. വൻ തകർച്ചയിൽ നിന്ന് ടീമിനെ കരകയറ്റിയ ഇരുവരും മികച്ച സ്കോറിലേക്ക് നയിക്കുകയും ചെയ്തു. 96 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് സൃഷ്ടിച്ചത്. സീസണിൽ സ്ഥിരതയില്ലായ്മയ്ക്ക് ഏറെ പഴിക്കേട്ട പന്ത് അനിവാര്യ സമയത്തെ അർധസെഞ്ചുറി പ്രകടനവുമായി വിമർശകർക്ക് മറുപടി നൽകി. 38 പന്തിൽ 56 റൺസെടുത്ത താരത്തെ കോൾട്ടർനില്ലാണ് മടക്കിയത്.

ഹെറ്റ്മയറിന് (5) കാര്യമായ സംഭാവന നൽകാൻ കഴിയാതെ വന്നതോടെ ഡൽഹി സ്കോറിങ്ങ് വീണ്ടും പതുങ്ങി. അവസാന ഓവറിൽ 9 റൺസുമായി അക്സർ പട്ടേൽ മടങ്ങിയപ്പോഴും നായകൻ അയ്യർ ക്രീസിൽ തുടർന്നു. 50 പന്തിൽ 65 റൺസായിരുന്നു അയ്യരുടെ സമ്പാദ്യം.

മുംബൈക്കുവേണ്ടി ട്രെന്റ് ബോൾട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ രണ്ട് വിക്കറ്റെടുത്ത കോൾട്ടർനില്ലിന്റെ പ്രകടനവും നിർണായകമായി. ജയന്ത് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി. ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റുകളൊന്നും ലഭിച്ചില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook