ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങൾ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആരാധകർക്കും ടീമുകൾക്കും ആശ്വാസമായി മറ്റൊരു വാർത്തകൂടി എത്തുന്നത്. ടൂർണമെന്റിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് വിദേശ താരങ്ങൾ. ഓസ്ട്രേലിയയുടെ ഇംഗ്ലീഷ് പര്യടനം അവസാനിച്ചതോടെ കൂടുതൽ താരങ്ങൾ ഉടൻ അവരുടെ ടീമുകളോടൊപ്പം ചേരും. ബ്രിട്ടനിൽ നിന്ന് 21 ഇംഗ്ലിഷ് – ഓസിസ് താരങ്ങളാണ് ഉടൻ തന്നെ യുഎഇയിലെത്തുന്നത്.

കോവിഡ് പ്രൊട്ടോകോളുകൾ പാലിച്ചുള്ള ടൂർണമെന്റിന് ശേഷം യുഎഇയിലെത്തുന്ന താരങ്ങൾക്ക് 36 മണിക്കൂർ മാത്രം ക്വാറന്രൈൻ പൂർത്തിയാക്കിയാൽ മതിയാകും.നേരത്തെ ആറു ദിവസത്തെ ക്വാറന്റൈനാണ് താരങ്ങൾക്ക് നിശ്ചയിച്ചിരുന്നത്.

“അതെ, എല്ലാ ഇംഗ്ലീഷ്, ഓസ്‌ട്രേലിയൻ കളിക്കാരും ആറ് ദിവസത്തിന് പകരം 36 മണിക്കൂർ മാത്രം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയാകുമെന്ന് എനിക്ക് സ്ഥിരീകരിക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ മിക്ക ടീമുകൾക്കും അവരുടെ ആദ്യ മത്സരത്തിൽ തന്നെ അവരുടെ വിദേശ താരങ്ങളെ ലഭ്യമാകും,” ഐപിഎല്ലുമായി അടുത്ത വൃത്തം വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.

സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ജോഫ്രാ ആർച്ചർ, ജോസ് ബട്‌ലർ എന്നീ താരങ്ങൾ ഇന്ന് രാത്രി തന്നെ യുഎഇയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് പരിശോധനകൾക്കും വിധേയരാകും. നേരത്തെ ഇംഗ്ലണ്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പും താരങ്ങൾ കോവിഡ് പരിശോധനകൾ പൂർത്തിയാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook