ഐപിഎൽ 13-ാം സീസൺ പുരോഗമിക്കുകയാണ്. പ്ലേ ഓഫിലേക്ക് അടുത്തെത്തി. എല്ലാ ടീമുകളും ഇതിനോടകം ഒൻപത് മത്സരങ്ങൾ പിന്നിട്ടു. ചില ടീമുകൾ പത്ത് മത്സരങ്ങൾ പൂർത്തിയാക്കി. ഇതുവരെയുള്ള പ്രകടനങ്ങൾ പരിഗണിക്കുമ്പോൾ ആരാധകരെ പൂർണമായി നിരാശപ്പെടുത്തിയ ടീമുകളും താരങ്ങളും ഉണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്‌ചവച്ച ഏതാനും താരങ്ങൾ ഐപിഎല്ലിൽ പൂർണമായി നിറംമങ്ങിയ കാഴ്‌ചയാണ് ഇപ്പോൾ കാണുന്നത്. അതിൽ ഏറ്റവും നിരാശപ്പെടുത്തിയ അഞ്ച് താരങ്ങൾ ആരൊക്കെയെന്ന് നോക്കാം

1. ആന്ദ്രെ റസൽ

കൊൽക്കത്തയുടെ തുറുപ്പ് ചീട്ടെന്ന് വിശേഷമുണ്ടായിരുന്ന താരം. ബാറ്റിങ്ങിലും ബോളിങ്ങിലും സ്വാധീനം ചെലുത്താൻ കഴിവുള്ള കരീബിയൻ ക്രിക്കറ്റർ. കഴിഞ്ഞ സീസണുകളിൽ എല്ലാം കൊൽക്കത്തയ്‌ക്ക് വേണ്ടി മികച്ച പ്രകടനം നടത്തി. എന്നാൽ, ഇത്തവണ നിരാശപ്പെടുത്തി. ഇത്തവണ എട്ട് ഇന്നിങ്‌സുകളിൽ നിന്ന് റസൽ നേടിയത് വെറും 91 റൺസ് മാത്രം. കഴിഞ്ഞ സീസണിൽ 204.81 സ്ട്രൈക്ക് റേറ്റിൽ 510 റൺസ് നേടിയ താരമാണ് റസൽ. കൊൽക്കത്തയ്‌ക്ക് തുടർന്നുള്ള കളകളിൽ മികച്ച പ്രകടനം നടത്തിയ വിജയിക്കണമെങ്കിൽ റസൽ കനിയണം.

Read Also: ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇനി രക്ഷയില്ല; കാരണം ഇതാണ്

2. ഗ്ലെൻ മാക്‌സ്‌വെൽ

കിങ്‌സ് ഇലവൻ പഞ്ചാബ് താരമാണ് മാക്‌സ്‌വെൽ. 10 കോടിയിലേറെ രൂപ ചെലവഴിച്ചാണ് പഞ്ചാബ് ഓസീസ് താരമായ മാക്‌സ്‌വെല്ലിനെ ലേലത്തിൽ വാങ്ങിയത്. എന്നാൽ, ഒൻപത് ഇന്നിങ്‌സുകളിൽ നിന്ന് ഇതുവരെ നേടിയത് വെറും 90 റൺസ്. ഏറെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് മാക്‌സ്‌വെൽ ഇതുവരെ നടത്തിയത്.

3. റോബിൻ ഉത്തപ്പ

പരിമിത ഓവർ ക്രിക്കറ്റിൽ അതിവേഗം റൺസ് സ്‌കോർ ചെയ്യാൻ കഴിവുള്ള ഇന്ത്യൻ താരമാണ് റോബിൻ ഉത്തപ്പ. ഐപിഎല്ലിൽ 4,411 റൺസ് ഇതുവരെ നേടിയിട്ടുണ്ട്. എന്നാൽ, ഈ സീസണിൽ ഏറെ നിരാശപ്പെടുത്തി. രാജസ്ഥാൻ റോയൽസ് മൂന്ന് കോടി രൂപ വിലയിട്ട താരമാണ് ഉത്തപ്പ. ഈ സീസണിൽ ഇതുവരെ എട്ട് ഇന്നിങ്‌സുകളിൽ നിന്ന് 128 റൺസ് മാത്രമാണ് ഉത്തപ്പ നേടിയത്.

Read Also: എന്തുകണ്ടിട്ടാണ് ജാദവിനെ എടുത്തത്: ധോണിയുടെ ക്യാപ്റ്റൻസിയെ രൂക്ഷമായി വിമർശിച്ച് ശ്രീകാന്ത്

4. കേദാർ ജാദവ്

ഈ സീസണിൽ ഏറ്റവും അധികം നിരാശപ്പെടുത്തിയ ഇന്ത്യൻ താരം. സുരേഷ് റെയ്‌നയുടെ അഭാവം കേദാര്‍ ജാദവിനെ കൊണ്ട് പരിഹരിക്കാം എന്നായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, ജാദവ് ഏറെ നിരാശപ്പെടുത്തി. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് ജാദവ് ഇതുവരെ നേടിയത് വെറും 64 റണ്‍സ്. ഏറെ പണം ചെലവഴിച്ച് ചെന്നൈ നേടിയ താരങ്ങളിൽ ഒരാളാണ് ജാദവും.

5. പാറ്റ് കമ്മിൻസ്

കൊൽക്കത്തയ്‌ക്ക് നഷ്ടമുണ്ടാക്കിയ മറ്റൊരു താരം. ഈ സീസണിൽ ഏറ്റവും കൂടുതൽ പ്രതിഫലം ചെലവഴിച്ചത് പാറ്റ് കമ്മിൻസിന് വേണ്ടിയാണ്. കൊൽക്കത്ത 15.5 കോടി രൂപയാണ് ഈ ഓസീസ് താരത്തിനുവേണ്ടി ചെലവഴിച്ചത്. എന്നാൽ, പത്ത് മത്സരങ്ങളിൽ നിന്ന് ഇതുവരെ നേടിയത് മൂന്ന് വിക്കറ്റുകൾ മാത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook