IPL 2020-DD vs KXIP: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിന് അഞ്ച് വിക്കറ്റ് ജയം. ഡൽഹിയുടെ 164 റൺസ് കിങ്സ് ഇലവൻ പഞ്ചാബ് വെറും അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ആറ് പന്തുകൾ ശേഷിക്കെ പഞ്ചാബ് മറികടന്നു.
പഞ്ചാബിന് വേണ്ടി നിക്കോളാസ് പൂറാൻ അർധ സെഞ്ചുറി നേടി. 28 പന്തിൽ നിന്ന് ആറ് ഫോറും മൂന്ന് സിക്സും സഹിതം 53 റൺസ് നേടിയാണ് പൂറാൻ പുറത്തായത്. ഗ്ലെൻ മാക്സ്വെൽ 24 പന്തിൽ നിന്ന് 32 റൺസ് നേടി. വെറും 13 പന്തിൽ നിന്ന് മൂന്ന് ഫോറും രണ്ട് സിക്സും സഹിതം 29 റൺസ് നേടിയ ക്രിസ് ഗെയ്ലിന്റെ ഇന്നിങ്സും പഞ്ചാബിന് തുണയായി. കെ.എൽ.രാഹുൽ ( 11 പന്തിൽ നിന്ന് 15), മായങ്ക് അഗർവാൾ (ഒൻപത് പന്തിൽ നിന്ന് അഞ്ച്) എന്നിവരുടെ വിക്കറ്റുകളും പഞ്ചാബിന് നഷ്ടമായി.

ദീപക് ഹൂഡ ( 22 പന്തിൽ നിന്ന് 15 ) ജേംസ് നീഷാം (എട്ട് പന്തിൽ നിന്ന് പത്ത് ) എന്നിവർ പുറത്താകാതെ നിന്നു.
ഡൽഹിക്ക് വേണ്ടി കഗിസോ റബാഡ രണ്ടും അക്ഷർ പട്ടേൽ, രവിചന്ദ്ര അശ്വിൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മായങ്ക് അഗർവാൾ റൺഔട്ട് ആകുകയായിരുന്നു.
ടോസ് ജയിച്ച ഡൽഹി ക്യാപിറ്റൽസ് നേരത്തെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡൽഹിക്ക് വേണ്ടി ഓപ്പണർ ബാറ്റ്സ്മാൻ ശിഖർ ധവാന് സെഞ്ചുറി നേടി. 61 പന്തിൽ നിന്ന് 12 ഫോറും മൂന്ന് സിക്സുമായി ധവാൻ 106 റൺസ് നേടി പുറത്താകാതെ നിന്നു. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി 164 റൺസ് നേടിയത്.

പൃഥ്വി ഷാ ( 11 പന്തിൽ നിന്ന് ഏഴ് റൺസ്), ശ്രേയസ് അയ്യർ (12 പന്തിൽ നിന്ന് 14), റിഷഭ് പന്ത് (20 പന്തിൽ നിന്ന് 14), മാർകസ് സ്റ്റോയ്നിസ് (പത്ത് പന്തിൽ നിന്ന് ഒൻപത്), ഷിമ്രോൺ ഹെറ്റ്മയർ (ആറ് പന്തിൽ നിന്ന് പത്ത്) എന്നിവരുടെ വിക്കറ്റുകളാണ് ഡൽഹിക്ക് നഷ്ടമായത്.
പഞ്ചാബിനുവേണ്ടി മൊഹമ്മദ് ഷമി രണ്ടും ജേംസ് നീഷാം, ഗ്ലെൻ മാക്സ്വെൽ, മുരുകൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റുകളും നേടി.
Read Also: ഐപിഎൽ കാഴ്ചകൾ യുഎഇയിൽ നിന്ന്; എന്നാൽ ശബ്ദങ്ങൾ എവിടെനിന്ന്?
തുടർച്ചയായി രണ്ടാം മത്സരത്തിലാണ് ഡൽഹി താരം ധവാൻ സെഞ്ചുറി നേടിയത്. ചെന്നെെ സൂപ്പർ കിങ്സിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തിലും ധവാൻ സെഞ്ചുറി നേടിയിരുന്നു. ഇതോടെ ധവാന്റെ ഐപിഎൽ സെഞ്ചുറികളുടെ എണ്ണം രണ്ടായി.
ഐപിഎൽ പോയിന്റ് പട്ടികയിൽ പത്ത് കളികളിൽനിന്ന് ഏഴ് ജയമാണ് ഡൽഹിക്കുള്ളത്. ഏറെക്കുറെ പ്ലെ ഓഫ് ഉറപ്പിച്ചിരിക്കുകയാണ് ഡൽഹി. പഞ്ചാബിന് പത്ത് കളികളിൽ നിന്ന് നാല് ജയമാണുള്ളത്. ഇന്നത്തെ ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി. ഇനിയുള്ള മത്സരങ്ങൾ പഞ്ചാബിന് കൂടുതൽ നിർണായകമാണ്.