IPL 2020- DC vs RR Live Cricket Score: അവസാന ഓവറുകളിലെ ഉദ്വേഗങ്ങൾക്കൊടുവിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് വിജയം. അവസാന ഓവർ വരെ ഇരു ടീമുകൾക്കും പ്രതീക്ഷയുണ്ടായിരുന്ന മത്സരം വെറും 13 റൺസിനാണ് ഡൽഹി സ്വന്തമാക്കിയത്. രാജസ്ഥാൻ അനായാസം ജയിക്കുമെന്ന് തോന്നിയ മത്സരമാണ് ഡൽഹി തങ്ങളുടെ പരിധിയിലാക്കിയത്.

ആദ്യം ബാറ്റ് ചെയ്‌ത ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടാനേ സാധിച്ചുള്ളൂ.

12 പന്തിൽ 25 റൺസ് മാത്രം ജയിക്കാൻ വേണ്ടിയിരുന്നപ്പോൾ 19-ാം ഓവറിൽ റബാദ വിട്ടുകൊടുത്തത് വെറും മൂന്ന് റൺസ്. ഒരു വിക്കറ്റും വീഴ്‌ത്തി. അവസാന ഓവറിൽ രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത് 22 റൺസ്. തുഷാർ ദേശ്‌പാണ്ഡെയാണ് ഡൽഹിക്ക് വേണ്ടി അവസാന ഓവർ എറിയാനെത്തിയത്. ഏത് പ്രതികൂല സാഹചര്യത്തിലും ബാറ്റ് കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന തെവാത്തിയയായിരുന്നു ബാറ്റ് ചെയ്‌തിരുന്നത്. ദേശ്‌പാണ്ഡെയുടെ ആദ്യ പന്ത് വൈഡ്, പിന്നീട് എറിഞ്ഞ പന്ത് സിക്‌സർ ലക്ഷ്യമിട്ട് ഉയർത്തിയടിച്ചെങ്കിലും ഡൽഹി താരം അജിങ്ക്യ രഹാനെയുടെ ഉജ്ജ്വല ഫീൽഡിങ് വെറും ഒരു റൺ മാത്രമാണ് വിട്ടുകൊടുത്തത്. രണ്ടാം പന്തിൽ ശ്രേയസ് ഗോപാൽ സിംഗിളിട്ടു. മൂന്നാം പന്തിൽ തെവാത്തിയ റൺസൊന്നും എടുത്തില്ല. നാലാം പന്തിൽ സിംഗിൾ. അഞ്ചാം പന്തിൽ ശ്രേയസ് ഗോപാൽ ഫോർ നേടിയെങ്കിലും അപ്പോഴേക്കും മത്സരം രാജസ്ഥാന് നഷ്ടമായിരുന്നു. 20-ാം ഓവറിന്റെ അവസാന പന്തിൽ ശ്രേയസ് ഗോപാലിനെ ദേശ്‌പാണ്ഡെ പുറത്താക്കുകയും ചെയ്തു.

ജയം ഉറപ്പിച്ച തരത്തിലാണ് രാജസ്ഥാൻ തുടക്കം മുതൽ ബാറ്റ് വീശിയത്. ഓപ്പണർമാരായ ബെൻ സ്റ്റോക്‌സ് (35 പന്തിൽ നിന്ന് 41), ജോസ് ബട്‌ലർ ( വെറും ഒൻപത് പന്തിൽ നിന്ന് 22 ) മികച്ച തുടക്കം നൽകിയെങ്കിലും അത് മുതലെടുക്കാൻ രാജസ്ഥാന് സാധിച്ചില്ല. സഞ്ജു സാംസൺ (18 പന്തിൽ നിന്ന് 25), റോബിൻ ഉത്തപ്പ (27 പന്തിൽ നിന്ന് 32) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

ഡൽഹിക്ക് വേണ്ടി അൻറിച്ച് നോർജെ, തുഷാർ ദേശ്‌പാണ്ഡെ എന്നിവർ രണ്ട് വീതം വിക്കറ്റ് നേടിയപ്പോൾ കഗിസോ റബാഡ, ആർ.അശ്വിൻ, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ഡൽഹി ക്യാപിറ്റൽസാണ് ആദ്യം ബാറ്റ് ചെയ്‌തത്. രാജസ്ഥാനെതിരെ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 161 റൺസ് നേടാനേ ഡൽഹി ക്യാപിറ്റൽസിന് സാധിച്ചുള്ളൂ. ഇന്നിങ്‌സിന്റെ ആദ്യ പന്തിൽ തന്നെ ഡൽഹിക്ക് വിക്കറ്റ് നഷ്ടമായി. ഓപ്പണർ ബാറ്റ്‌സ്‌മാൻ പൃഥ്വി ഷായെ ഒന്നാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ ജോഫ്ര ആർച്ചർ പുറത്താക്കി. ടീം ടോട്ടൽ പത്ത് റൺസിൽ എത്തിയപ്പോൾ അജിങ്ക്യ രഹാനെയുടെ വിക്കറ്റും ഡൽഹിക്ക് നഷ്ടമായി. ജോഫ്ര ആർച്ചർ തന്നെയാണ് രഹാനെയെയും മടക്കിയത്.

10/2 എന്ന നിലയിൽ പരുങ്ങിയ ഡൽഹിയെ മറ്റൊരു ഓപ്പണർ ബാറ്റ്‌സ്‌മാനായ ശിഖർ ധവാനും നായകൻ ശ്രേയസ് അയ്യരും ചേർന്ന് കരയ്‌ക്കടുപ്പിക്കുകയായിരുന്നു. 33 പന്തിൽ നിന്ന് രണ്ട് സിക്‌സും ആറ് ഫോറും അടക്കം 57 റൺസ് നേടിയ ശേഷമാണ് ധവാൻ പുറത്തായത്. ശ്രേയസ് 43 പന്തിൽ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമായി 53 റൺസ് നേടി. മാർകസ് സ്റ്റോയ്‌നിസ് (19 പന്തിൽ 18), അലക്‌സ് ക്യാരി (13 പന്തിൽ 14), അക്ഷർ പട്ടേൽ ( നാല് പന്തിൽ ഏഴ്) എന്നിവരുടെ വിക്കറ്റുകളും ഡൽഹിക്ക് നഷ്ടമായി. ആർ.അശ്വിൻ റൺസൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.

Image

രാജസ്ഥാൻ റോയൽസിനുവേണ്ടി ജോഫ്ര ആർച്ചൽ നാല് ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ജയ്‌ദേവ് ഉനദ്‌കട്ട് രണ്ട് വിക്കറ്റും കാർത്തിക് ത്യാഗി, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റും നേടി.

ടോസ് ജയിച്ച ഡൽഹി ക്യാപിറ്റൽസ് നായകൻ ശ്രേയസ് അയ്യർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഡൽഹി ക്യാപിറ്റൽസ് പ്ലേയിങ് ഇലവൻ: പൃഥ്വി ഷാ, ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, മാർകസ് സ്റ്റോയ്‌നിസ്, അലക്സ് ക്യാരി, അക്ഷർ പട്ടേൽ, ആർ.അശ്വിൻ, തുഷാർ ദേശ്‌പാണ്ഡെ, കഗിസോ റബാഡ, അൻറിച് നോർജെ

Read Also:  പന്ത് സ്റ്റംപിൽ കൊണ്ടു, തെവാതിയ ക്രീസിന് പുറത്ത്; പക്ഷേ, ഔട്ടല്ല

രാജസ്ഥാൻ റോയൽസ് പ്ലേയിങ് ഇലവൻ: ബെൻ സ്റ്റോക്‌സ്, ജോസ് ബട്‌ലർ, സ്റ്റീവ് സ്‌മിത്ത്, സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ, റിയാൻ പരാഗ്, റാഹുൽ തെവാതിയ, ജോഫ്ര ആർച്ചർ, ശ്രേയസ് ഗോപാൽ, ജയ്‌ദേവ് ഉനദ്‌കട്ട്, കാർത്തിക് ത്യാഗി

എട്ട് കളികളിൽ നിന്ന് ആറ് വിജയത്തോടെ പന്ത്രണ്ട് പോയിന്റുമായി ഡൽഹി ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. എട്ട് കളികളിൽ നിന്ന് മൂന്ന് ജയവുമായി ആറ് പോയിന്റ് മാത്രമാണ് രാജസ്ഥാനുള്ളത്. മുംബെെ ഇന്ത്യൻസാണ് രണ്ടാം സ്ഥാനത്ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook