ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം മത്സരത്തിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസും കിങ്സ് ഇലവൻ പഞ്ചാബും നേർക്കുന്നേർ. ഒരു തവണ പോലും കിരീടം സ്വന്തമാക്കിയിട്ടില്ല എന്ന ചീത്തപ്പേര് തിരുത്തിയെഴുതാണ് ഇത്തവണ ശ്രേയസ് അയ്യർ നയിക്കുന്ന ഡൽഹിയും കെ.എൽ രാഹുൽ നയിക്കുന്ന പഞ്ചബും ടൂർണമെന്റിൽ എത്തുന്നത്. ഈ യുവനായകന്മാരിൽ തന്നെയാണ് ഇരു ടീമുകളുടെയും പ്രതീക്ഷയും.
ഇതുവരെ കിരീടം സ്വന്തമാക്കിയിട്ടില്ലെന്ന് മാത്രമല്ല പലപ്പോഴും അവസാന സ്ഥാനക്കാരായാണ് ഡൽഹിയും പഞ്ചാബും ടൂർണമെന്റ് അവസാനിപ്പിക്കാറുള്ളത്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഡൽഹി കഴിഞ്ഞ തവണ പ്ലേ ഓഫിന് യോഗ്യത നേടിയതെങ്കിൽ 2014ന് ശേഷം ഒരിക്കൽ പോലും പഞ്ചാബ് പ്ലേ ഓഫ് കളിച്ചട്ടില്ല.
മുതിർന്ന ഇന്ത്യൻ താരങ്ങളെ ടീമിലെത്തിച്ചാണ് ഡൽഹി ഇത്തവണ എത്തുന്നത്. ഒപ്പം പതിവുപോലെ യുവനിരയുടെ കരുത്തും ടീമിന്റെ കിരീട സാധ്യതകൾക്ക് പ്രതീക്ഷ നൽകുന്നു. ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങൾ എന്നറിയപ്പെടുന്ന യുവനിരയാണ് ഡൽഹി ക്യാപിറ്റൽസിന്റെ പ്രധാന കരുത്ത്. കഴിഞ്ഞ തവണ പഞ്ചാബ് നായകനായിരുന്ന അശ്വിൻ ഇത്തവണ ഡൽഹിയുടെ ഭാഗമാണ്.
ഡൽഹി നിരയിൽ ശ്രദ്ധാകേന്ദ്രങ്ങളാകാൻ പോകുന്നത് റിഷഭ് പന്തും ശ്രേയസ് അയ്യരും പൃഥ്വി ഷായുമാണ്. ഇന്ത്യൻ സീനിയർ ടീമിൽ ഇതിനോടകം സ്ഥാനമുറപ്പിച്ചുകഴിഞ്ഞ മൂവരുടെയും പ്രകടനം ഇന്ത്യൻ ആരാധകരും ക്രിക്കറ്റ് വിദഗ്ധരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനാണ് ബാറ്റിങ്ങിൽ ഡൽഹിയുടെ പ്രധാന കരുത്ത്. ഓപ്പണിങ് ധവാനൊപ്പം പൃഥ്വി ഷാ എത്തുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ ഇത്തവണ ടീമിലെത്തിയ ഇന്ത്യൻ ടെസ്റ്റ് ടീം ഉഫനായകൻ കൂടിയായ അജിങ്ക്യ രഹാനെ മൂന്നാമനാകും. മധ്യനിരയിൽ നായകൻ ശ്രേയസ് അയ്യരിനൊപ്പം വിൻഡീസ് വെടിക്കെട്ട് താരം ഷിമ്രോൺ ഹെറ്റ്മയറും റിഷഭ് പന്തും തിളങ്ങിയാൽ ഡൽഹിക്ക് എതിരാളികൾക്ക് മേൽ അനായാസം ആധിപത്യം സ്ഥാപിക്കാനാകും.
ഇന്ത്യയുടെ മുതിർന്ന പേസർ ഇഷാന്ത് ശർമ നയിക്കുന്ന ബോളിങ് ഡിപ്പാർട്മെന്റിൽ നിർണായകമാകുക ദക്ഷിണാഫ്രിക്കൻ താരം കഗിസോ റബാഡയുടെ പ്രകടനമാണ്. വിൻഡീസ് താരം കീമോ പോളും ഇന്ത്യയുടെ ലോകകപ്പ് താരം ആവേശ് ഖാനും പേസിന്റെ കുന്തമുനകളാകും. ആർ അശ്വിനൊപ്പം അമിത് മിശ്രസ, അക്സർ പട്ടേൽ എന്നിവർക്കായിരിക്കും സ്പിന്നിന്റെ ചുമതല.
Also Read: ‘തിറുമ്പി വന്തിട്ടേണ് സൊല്ല്’; 437 ദിവസങ്ങൾക്ക് ശേഷം ‘സിങ്കം’ ലുക്കിൽ എം.എസ് ധോണി കളത്തിൽ
ലോകോത്തര കോച്ചിങ് നിരയാണ് ഡൽഹി ക്യാപിറ്റൽസിന്റേത്. 90കളിലെ ഇന്ത്യൻ ആരാധകരുടെ നായകനും വില്ലനുമാണ് ടീമിന് വേണ്ടി തന്ത്രങ്ങൾ മെനയുന്നത്. മുഖ്യ പരിശീലകനായി റിക്കി പോണ്ടിങ് എത്തുമ്പോൾ എന്നാൽ ഇത്തവണ മുഖ്യ ഉപദേശകനായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി ടീമിനൊപ്പമുണ്ടാകില്ല. സഹപരിശീലകരുടെ വേഷത്തിൽ ഫീൾഡിങ് ഇതിഹാസം മുഹമ്മദ് കെയ്ഫും ജെയിംസ് ഹോപ്സും ഡൽഹി ക്യാപിറ്റൽസിന് പിന്തുണ നൽകും.
മുൻ ഇന്ത്യൻ താരവും പരിശീലകനുമായ അനിൽ കുംബ്ലെയാണ് പഞ്ചാബിനെ ഇത്തവണ കളി പഠിപ്പിക്കുന്നത്. അടിമുടി അഴിച്ചുപണി നടത്തിയെത്തുന്ന പഞ്ചാബും കിരീട പ്രതീക്ഷകളിൽ പിന്നിലല്ല.
കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ ഏറ്റവും കൂടുതൽ തുക ചിലവഴിച്ച ടീമുകളിലൊന്നാണ് പഞ്ചാബ്. മധ്യനിരയും ബൗളിങ്ങ് നിരയും ശക്തമാക്കാനുതകുന്ന ഒൻപത് താരങ്ങളെ താരലേലത്തിൽ പഞ്ചാബ് സ്വന്തമാക്കുകയും ചെയ്തു. മിഡിൽ ഓർഡറിൽ ഗ്ലെൻ മാക്സ്വെൽ മടങ്ങിയെത്തിയതും ഷെൽഡൻ കോട്രെൽ, ക്രിസ് ജോർഡാൻ എന്നിവർ ബൗളിങ്ങ് നിരയിലുൾപ്പെട്ടതും ടീമിൻറെ ബേസ് ഉറപ്പിച്ചുനിർത്താൻ സഹായകമാവുന്നു.
Also Read: IPL 2020, MIvsCSK: കണക്ക് വീട്ടാനുള്ളതാണ്; മുബൈയെ തകർത്ത് ചെന്നൈയ്ക്ക് വിജയത്തുടക്കം
ശക്തമായ ഓപ്പണിങ്ങ് ഒരുക്കുന്ന ക്രിസ് ഗെയ്ൽ, കെ എൽ രാഹുൽ എന്നിവർക്കൊപ്പം മായങ്ക് അഗർവാൾ കൂടി ചേരുന്നതോടെ ടീമിന്റെ ടോപ്പ് ഓർഡർ ശക്തമാണ്. ഇൻറർനാഷനൽ കരിയറിലെ വിജയം ഐപിഎല്ലിലും ആവർത്തിക്കാനാണ് മായങ്ക് ലക്ഷ്യമിടുന്നത്. നിക്കോളാസ് പുരന് സ്ഥിരമായി ഒരു സ്ഥാനം നൽകാനും ക്ലബ്ബ് വഴി കണ്ടെത്തും. കരീബിയൻ പ്രീമിയർ ലീഗിലെ മികച്ച പ്രകടനത്തിനൊടുവിലാണ് പുരൻ ഐപിഎല്ലിലേക്ക് എത്തുന്നത്.
ഓപ്പണർ എന്ന നിലയിൽ രണ്ട് വമ്പൻ സീസണുകളും പൂർത്തിയാക്കിയ രാഹുലിന് ഈ സീസൺ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി അളക്കുന്ന പരീക്ഷണ ഘട്ടം കൂടിയായിരിക്കും. അദ്ദേഹം തന്നെ പറഞ്ഞതുപോലെ, ഉയർന്ന സമ്മർദ്ദമെന്ന വെല്ലുവിളിയെ നേരിടാൻ ഹെഡ് കോച്ച് അനിൽ കുംബ്ലെയുടെയും ബാക്കിയുള്ള സപ്പോർട്ട് സ്റ്റാഫുകളുടെയും പിന്തുണയെ ആശ്രയിക്കേണ്ടിവരുമെന്നും കരുതുന്നു.