കോവിഡ് -19 രോഗവ്യാപനത്തിന്റെ കാലത്ത് എങ്ങനെ കായി മത്സരങ്ങൾ നടത്തിക്കൊണ്ടുപോവാം എന്ന് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യൂറോപ്യൻ ഫുട്ബോൾ ലീഗുകളുടെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൽ ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ കോവിഡ് രോഗവ്യാപനം തുടരുന്നതിനിടെ എങ്ങനെ നടത്താം എന്നതിനെക്കുറിച്ചുള്ള ചർച്ചകളും പുരോഗമികക്കുന്നു. ഇന്ത്യയിൽ കോവിഡ് വ്യാപന ശേഷം നടക്കാൻ സാധ്യതയുള്ള ആദ്യത്തെ വലിയ സ്പോർട്സ് ഇവന്റ് ആയിരിക്കും ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ്.
അടച്ചിട്ട സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരങ്ങൾ നടത്തുന്നതിനെക്കുറിച്ച് ബിസിസിഐ ഉദ്യോഗസ്ഥരും ഫ്രാഞ്ചൈസി ഉടമകളും ഇതിനകം വീഡിയോ കോൺഫറൻസിങ്ങ് വഴിയും വെബിനാറുകൾ വഴിയും ചർച്ച നടത്തിക്കഴിഞ്ഞു. ഈ വർഷം ഒക്ടോബറിലും നവംബറിലുമായി ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് നീട്ടിവച്ചാലാവും ഇത്തവണത്തെ ഐപിഎല്ലുമായി മുന്നോട്ട് പോവുന്നതിനുള്ള സാധ്യത തെളിയുക.
Read More: ഐപിഎൽ സെപ്റ്റംബറിൽ ശ്രീലങ്കയിൽ നടത്താം: സുനിൽ ഗവാസ്കർ
പല സാധ്യതകളും ഐപിഎൽ നടത്തിപ്പുമായി ബന്ധപ്പെട്ട് ബിസിസിഐ പ്രതിനിധികളും ഫ്രാഞ്ചൈസി ഉടമകളും ഇതിനകം ചർച്ച ചെയ്ചതായാണ് വിവരം. എന്നാണ് ഈദൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കാണികൾക്കിടയിൽ ഒരു ഐപിഎൽ മത്സരം ഇനി കാണാനാവുക എന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മൈസൂർ അത്ഭുതം പ്രകടിപ്പിച്ചു. എന്നാൽ ഈ വർഷം ഐപിഎൽ പല നഗരങ്ങളിലായി സംഘടിപ്പിക്കാതെ പ്രധാനമായും മുംബൈ നഗരത്തിൽ കേന്ദ്രീകരിച്ചാവും നടക്കുക എന്നും അദ്ദേഹം പറഞ്ഞു.
മുംബൈ നഗരത്തിന്റെ സാധ്യതകൾ
“നിലവാരമുള്ള നാല് സ്റ്റേഡിയങ്ങളും അടുത്തുള്ള പൂനെയിൽ അഞ്ചാമത്തെ സ്റ്റേഡിയവും ഉള്ള മുംബൈ പോലുള്ള ഒരു നഗരത്തെ പരിഗണിച്ചാൽ എല്ലാഭാഗത്തും എല്ലാ ടീമുകൾക്കും പ്രത്യേകം ഹോട്ടലുകളും അവിടെ ലഭ്യമായിരിക്കും. കളിക്കാർ തമ്മിലുള്ള അകലം ഉറപ്പാക്കാൻ മുറികൾ അടുത്തടുത്ത് വേണോ എന്ന് പരിശോധിക്കാം. ടവലുകൾ, വാട്ടർ ബോട്ടിലുകൾ എന്നിവയെല്ലാം പ്രത്യേകം ലഭ്യമാക്കാം,” വെങ്കി മൈസൂർ പറയുന്നു.
എന്നാൽ രാജ്യത്ത് നിലവിലെ സാഹചര്യത്തിൽ ഒരു കായിക മാമാങ്കം സംഘടിപ്പിക്കുക എന്നത് അത്ര എളുപ്പമാവില്ല. പ്രത്യേകിച്ച് ഡൽഹിയും മുംബൈയും പോലുള്ള മെട്രോ നഗരങ്ങൾ രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങളായിരിക്കുമ്പോൾ.
കോവിഡ് പരിശോധന
യൂറോപ്പിൽ, ജർമ്മൻ ഫുട്ബോൾ ലീഗായ ബുണ്ടസ്ലിഗയിൽ ഈ സീസൺ അവസാനിപ്പിക്കുന്നതിന് മുൻപായി 20,000 കോവിഡ് ടെസ്റ്റുകൾ പൂർത്തീകരിക്കേണ്ടി വരും. രണ്ടു മാസത്തെ ഇടവേളക്ക് ശേഷം മെയ് 16 നാണ് ബുണ്ടസ്ലിഗ പുനരാരംഭിച്ചത്. ലീഗ് പുനരാരംഭിക്കുന്നതിന് മുൻപായി ലീഗിലെ എല്ലാ ക്ലബ്ബുകളുടെയും താരങ്ങളെ അയൽക്കാരും പരിചയക്കാരും അടക്കമുള്ളവരുമായി സമ്പർക്കം പുലർത്തുന്നതിൽ നിന്ന് വിലക്കിയിരുന്നു. ലീഗ് പുനരാരംഭിക്കുന്നതിന് ഒരു മാസം മുൻപാണ് ഈ കർശന സമ്പർക്ക വിലക്ക് ആരംഭിച്ചത്.
Read More: ഐപിഎൽ നടത്താനുള്ള എല്ലാ സാധ്യതകളും പരിശോധിക്കും: സൗരവ് ഗാംഗുലി
91 ദിവസത്തിനുശേഷം ജൂൺ 11 നാണ് സ്പാനിഷ് ലാ ലിഗ പുനരാരംഭിച്ചത്. ലാ ലിഗയിൽ നിലവിൽ എല്ലാ ദിവസവും താരങ്ങളെ പരിശോധിക്കുന്നു. കളിക്കാർക്ക് വസ്ത്രം അലക്കുന്നതിനടക്കം കൃത്യമായ നടപടി ചട്ടങ്ങളും നിർദേശിക്കുന്നു. ബയോ ഡീഗ്രേഡബിളായ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകളിലാണ് അലക്കിയ വസ്ത്രങ്ങൾ തിരിച്ചു കൊണ്ടു വരേണ്ടത്.
താരങ്ങളുടെ സുരക്ഷ
ഐപിഎല്ലിനെ സംബന്ധിച്ചിടത്തോളം കളിക്കാരുടെ സുരക്ഷ പരമപ്രധാനമാണെന്നും ഒരു കാരണവശാലും കാണികളെ അനുവദിക്കരുതെന്നും വെങ്കി മൈസൂർ ഉറപ്പിച്ചു പറയുന്നു. എന്നാലും ലീഗിനെ രസകരമാക്കാനുള്ള വഴികളുണ്ടെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. “കോവിഡ് ചട്ടങ്ങൾ കൃത്യമായി പാലിക്കുന്ന കാര്യത്തിലും ഒരാളെ ചാമ്പ്യനായി തിരഞ്ഞെടുക്കുക വരെ ചെയ്യാം,” അദ്ദേഹം പറയുന്നു.
ടി 20 ലോകകപ്പിൽ ഐസിസിയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ബിസിസിഐ. “ഐപിഎല്ലിനായി സുരക്ഷാ പ്രോട്ടോക്കോളുകൾ, കളിക്കാരുടെ യാത്രാ ക്രമീകരണങ്ങൾ, ജൈവ സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവ കണ്ടെത്താൻ ലീഗിന് മുൻപായി കുറഞ്ഞത് 40 ദിവസമെങ്കിലും സമയം വേണം,” ബിസിസിഐ ട്രഷറർ അരുൺ ധുമാൽ പറയുന്നു.
ഐപിഎല്ലിന്റെ സാധ്യത
ഒക്ടോബറിലോ നവംബറിലോ ആയി ലീഗ് നടക്കാനുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേലും പറഞ്ഞിരുന്നു.
Read More: താൻ നേരിട്ടതിൽ ഏറ്റവും ധീരനായ ബാറ്റ്സ്മാൻ ഗാംഗുലി, ഏറ്റവും മികച്ച ഇന്ത്യൻ ക്യാപ്റ്റനും: ഷൊയ്ബ് അക്തർ
ഈ സമയത്തും ഐപിഎല്ലിന് പ്രസക്തിയുണ്ടെന്ന് വെങ്കി മൈസൂറും ധുമലും ഉറപ്പ് പ്രകടിപ്പിച്ചു. “ഐപിഎൽ നടത്തുന്നത് ഉത്സാഹം പകരും,” ധുമൽ പറയുന്നു. “ക്രിക്കറ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ലോകത്തിന് മുൻപാകെ ഐപിഎൽ കാണിച്ചുകൊടുക്കും,” വെങ്കി മൈസൂർ പറഞ്ഞു.
വിദേശ താരങ്ങൾ
അന്താരാഷ്ട്ര വിമാന യാത്ര നിരോധിച്ചിരിക്കുന്നതാണ് ലീഗ് പുനരാരംഭിക്കുന്നതിനുള്ള തടസ്സങ്ങളിലൊന്ന്. ചില ഫ്രാഞ്ചൈസികൾ ഇന്ത്യൻ കളിക്കാർ മാത്രമായി ലീഗ് മുന്നോട്ട് പോകാമെന്ന് പറയുന്നു. പക്ഷേ നൈറ്റ് റൈഡേഴ്സ് സിഇഒ ആ നിർദ്ദേശം നിരസിച്ചു. ലോകത്തെങ്ങുമുള്ള മികച്ച താരങ്ങളുള്ളതാണ് ഐപിഎല്ലിന്റെ പ്രത്യേകതയെന്നും വിദേശ താരങ്ങളില്ലാതെ ഐപിഎല്ലിൽ താൻ മൂല്യം കാണുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ഐപിഎല്ലിന്റെ ബ്രോഡ്കാസ്റ്ററായ സ്റ്റാർ സ്പോർട്സിന്റെ തലവൻ ഉദയ് ശങ്കർ നിർദേശിക്കുന്നത് വിദേശ താരങ്ങളെ ചാർട്ടർ വിമാനങ്ങളിൽ കൊണ്ടുവരാം എന്നാണ്. “അവരെ ചാർട്ടർ ഫ്ലൈറ്റുകളിൽ കൊണ്ടുവരാം. നേരത്തെ അവർക്ക് അഞ്ച് ദിവസം മുൻപായിരുന്നു വരേണ്ടിയിരുന്നത്. എന്നാൽ ഇപ്പോൾ അവർ ഗെയിമിന് രണ്ടാഴ്ച മുമ്പ് വരേണ്ടിവരും. ക്വാറന്റൈനിൽ കഴിയുകയും പരിശീലന സമയത്ത് കൂടുതൽ ശ്രദ്ധിക്കുകയും വേണ്ടി വരും,” അദ്ദേഹം പറയുന്നു.
ബാക്ക് ടു ക്രിക്കറ്റ്
ഐസിസിയുടെ “ബാക്ക് ടു ക്രിക്കറ്റ്” നിർദേശവും ഐപിഎല്ലിൽ പരീക്ഷിക്കാവുന്നതാണ്. യാത്രക്ക് മുൻപ് താരങ്ങളെ പരിശോധിക്കുക, മത്സരങ്ങൾക്ക് മുൻപ് ഐസൊലേഷനിലേക്ക് മാറ്റുക, ദിവസവും താപനിലാ പരിശോധന നടത്തുക, മെഡിക്കൽ ഉപദേഷ്ടാക്കളെയും ബയോ സേഫ്റ്റി ഉദ്യോഗസ്ഥരെയും നിയമിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഐസിസി മുന്നോട്ട് വയ്ക്കുന്നത്.
ജിം ഉപകരണങ്ങൾ പങ്കുവയ്ക്കരുതെന്നും ശുചീകരണ ചട്ടങ്ങൾ പാലിക്കണമെന്നും ഐസിസി നിർദേശിക്കുന്നു. ചികിത്സാ മുറികളിലെ കിടക്കകളിൽ വിരിപ്പുകൾ പാടില്ലെന്നതടക്കമുള്ള നിർദേശങ്ങളും ഐസിസി മുന്നോട്ട് വയ്ക്കുന്നുണ്ട്.
രോഗവ്യാപനത്തിന് ഒരു സാധ്യതയും അവശേഷിപ്പിക്കരുതെന്ന് വെങ്കി മൈസൂർ പറഞ്ഞു.“യാത്ര, ഹോട്ടലുകൾ, കിറ്റുകൾ, ഭക്ഷണം, ജിം, ബസ് ഇരിപ്പിടങ്ങൾ എന്നിവയിലെല്ലാം സൂക്ഷ്മമായ ശ്രദ്ധിക്കേണ്ട വേണം. എട്ട് ഫ്രാഞ്ചൈസികളുള്ള ഒരു പരിമിത ഗ്രൂപ്പിനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്, 160 കളിക്കാരും 80 സപ്പോർട്ട് സ്റ്റാഫുകളും. ഏകദേശം 250 ടെസ്റ്റിംഗ് കിറ്റുകൾ ആണ് വേണ്ടി വരിക… അവ കൈകാര്യം ചെയ്യാനാകണം,”അദ്ദേഹം പറയുന്നു.
ബുണ്ടസ്ലിഗയുമായി താരതമ്യപ്പെടുത്തുമ്പോൾ ടെസ്റ്റ് ചെയ്യേണ്ടവരുടെ എണ്ണം ഇവിടെ കുറവാണ്. ശനിയാഴ്ചത്തെ മത്സരങ്ങൾ കഴിഞ്ഞതോടെ ജൂൺ 27 വരെ 29 ഗെയിമുകളാണ് ബുണ്ടസ്ലിഗയിൽ ഇനി ബാക്കിയുള്ളത്.
സാമ്പത്തിക വശവും പ്രധാനം
അടച്ച സ്റ്റേഡിയത്തിൽ ഐപിഎൽ നടത്തുന്നതിന്റെ സാമ്പത്തിക വശവും ബിസിസിഐ പരിഗണിക്കേണ്ടതുണ്ട്. ഡിസംബറിൽ ഇന്ത്യയുമായുള്ള പരമ്പരയ്ക്കായി മെഡിക്കൽ സുരക്ഷാ സംവിധാനങ്ങൾ കണ്ടെക്കാൻ ഓസ്ട്രേലിയക്ക് ചിലവഴിക്കേണ്ടി വരിക 50 കോടി രൂപയിലധികം വരുന്ന തുകയാണെന്നാണ് കണക്കുകൾ. ഐപിഎല്ലിനെ സംബന്ധിച്ച് ഇതിന്റെ എത്രയോ മടങ്ങ് പണം ചിലവാക്കേണ്ടി വരും.
ഐപിഎൽ നടത്തിപ്പ് എളുപ്പമാവുമോ?
“ഇത് എളുപ്പമല്ല,” എന്നാണ് ഈ വർഷത്തെ ഐപിഎൽ നടത്തിപ്പിനെക്കുറിച്ച് ബിസിസിഐ മുൻ ഉദ്യോഗസ്ഥൻ രത്നാകർ ഷെട്ടി പറയുന്നത്. “ടീമുകളുടെ വരവ്, ഹോട്ടൽ താമസത്തിനുള്ള ചട്ടങ്ങൾ, സ്റ്റേഡിയത്തിലേക്കും പുറത്തേക്കുമുള്ള നീക്കങ്ങൾ, പ്രൊഡക്ഷൻ ക്രൂവിനെയും മറ്റ് ഗ്രൗണ്ട് സ്റ്റാഫുകളെയും നിരീക്ഷിക്കൽ… അതെല്ലാം ചെയ്യുന്നത് അസാധ്യമായിരിക്കില്ല, പക്ഷേ ജനങ്ങൾക്ക് ബാധകമായ നിയമങ്ങൾ ക്രിക്കറ്റ് താരങ്ങൾക്കും ബാധകമാക്കേണ്ടി വരും,” രത്നാകർ ഷെട്ടി പറഞ്ഞു.
Read More: കോവിഡ്-19: ശ്രീലങ്കയ്ക്ക് പുറമെ ഇന്ത്യയുടെ സിംബാബ്വെ പര്യടനവും ഉപേക്ഷിച്ചു
“ടീം അംഗങ്ങളെ കുറയ്ക്കേണ്ടിവരും. മാധ്യമ ഇടപെടലുകൾ വെർച്വൽ ആയിരിക്കും, മത്സരത്തിന് മുമ്പ് ദേശീയഗാനത്തിനായി കളിക്കാരെ അണിനിരത്താനാവില്ല, പോസ്റ്റ് മാച്ച് അവതരണങ്ങളുമുണ്ടാവില്ല,” ഷെട്ടി പറഞ്ഞു. ആരാധകരെ അകറ്റി നിർത്തുന്നത് മറ്റൊരു തലവേദനയായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
ക്രിക്കറ്റിന്റെ സമ്പർക്കമല്ലാത്ത സ്വഭാവം
എന്നാൽ ക്രിക്കറ്റിന്റെ സമ്പർക്കമല്ലാത്ത സ്വഭാവം ഐപിഎൽ നടത്തിപ്പിന് സഹായകരമാവുമെന്ന് വെങ്കി മൈസൂർ പറഞ്ഞു. “ പതിനൊന്നും രണ്ടും 13 കളിക്കാരും പിന്നെ അമ്പയർമാരും മാത്രമാണ് ഒരു വലിയ മൈതാനത്ത് ഇറങ്ങുക എന്നതിനാൽ സ്വാഭാവിക സാമൂഹിക അകലം പാലിക്കുന്നത് ക്രിക്കറ്റിൽ വലിയ ബുദ്ധിമുട്ടാവില്ല,” അദ്ദേഹം പറഞ്ഞു.
അസാധാരണമായ സമയം
എന്നാൽ മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ നിരഞ്ജൻ ഷാ ചോദിക്കുന്നത് ഇപ്പോൾ ഐപിഎല്ലിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടോ എന്നാണ്.
“ഇത് ചരിത്രത്തിലെ അസാധാരണമായ കടുപ്പമേറിയ സമയമാണ്. ഇപ്പോൾ ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കുന്നത് പോലും പരിഹാസ്യമാണ്. ആദ്യം, നമുക്ക് സാഹചര്യം സാധാരണ നിലയിലേക്ക് കൊണ്ടുവരാം, ”അദ്ദേഹം പറഞ്ഞു. “ഒരു കളിക്കാരനെയെങ്കിലും രോഗം ബാാധിക്കുന്ന തരത്തിലുള്ള വെല്ലുവിളി ഏറ്റെടുക്കണോ?”നിരഞ്ജൻ ഷാ ചോദിക്കുന്നു.
Read More: IPL looks at first step back to ground — behind closed doors