ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിനായി ക്രിക്കറ്റ് ആരാധകരും താരങ്ങളും ഒരുങ്ങിക്കഴിഞ്ഞു. കോവിഡുണ്ടാക്കിയ ആഘാതം അവസാനിക്കുന്നതിന് മുമ്പാണ് കുട്ടിക്രിക്കറ്റ് പൂരം നടക്കുന്നതെന്ന പ്രത്യേകതയുണ്ട്. ഏറെ ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് ഐപിഎൽ യുഎഇയിൽ നടത്താൻ തീരുമാനമായത്. സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കുന്ന ഐപിഎൽ പോരാട്ടങ്ങൾക്കായി പല ടീമുകളും വ്യാഴാഴ്ച മുതൽ യുഎഇയിൽ എത്തി തുടങ്ങി. യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ ഹോം ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങിയിരുന്നു.

സാധാരണ എല്ലാ വർഷവും ടൂർണമെന്റിന് മുന്നോടിയായി ചെന്നൈ ഹോം ഗ്രൗണ്ടിൽ പരിശീലനത്തിന് ഇറങ്ങാറുണ്ട്. അപ്പോഴെല്ലാം ആരാധകർക്കും താരങ്ങളെ അടുത്തുകാണാൻ അവസരം ലഭിക്കാറുമുണ്ട്. തിങ്ങിനിറഞ്ഞ ഗ്യാലറിക്ക് പകരം ഒഴിഞ്ഞ കസേരകളാണ് ഇത്തവണ താരങ്ങളെ സ്വീകരിച്ചത്. എങ്കിലും ആവേശത്തിന് ഒട്ടും കുറവ് വരുത്താൻ ധോണിയും സംഘവും തയ്യാറായിരുന്നില്ല.

Also Read: IPL 2020: ധോണി മുതൽ സഞ്ജു വരെ; അരയും തലയും മുറുക്കി ഫ്രാഞ്ചൈസികൾ, അറിയാം ടീമുകളെ

നേരത്തെ തന്നെ ചെന്നൈയിലെത്തിയ ധോണിക്കും റെയ്നയ്ക്കും പുറമെ കേദാർ ജാദവ്, പിയൂഷ് ചൗള തുടങ്ങിയ മുതിർന്ന താരങ്ങളും പരിശീലനത്തിനിറങ്ങി. ഇത്തവണയും ധോണിയുടെ ബോളിങ് പരിശീലന ക്യാമ്പിനെ ത്രസിപ്പിച്ചു. ഒപ്പം പിച്ച് ഔട്ട് ചെയ്തുള്ള തകർപ്പൻ സിക്സറും.

അമ്മയ്ക്ക് അസുഃഖം ഗുരുതരമായതിനാൽ ഹർഭജൻ സിങ് ഇതുവരെ ടീമിനൊപ്പം ചേർന്നട്ടില്ല. പല വിദേശ താരങ്ങളും നേരിട്ട് യുഎഇയിലേക്ക് എത്തുകയാകും ചെയ്യുക. നേരത്തെ ചെന്നൈ ക്യാമ്പിലെത്തിയ ശേഷമാണ് ധോണിയും റെയ്നയും വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook