ഐപിഎല്ലിൽ നിന്ന് പുറത്തായതിനു പിന്നാലെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്‌ലിക്കെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീര്‍. കോഹ്‌ലി നായകസ്ഥാനം ഒഴിയണമെന്ന് ഗംഭീർ പറഞ്ഞു. തോൽവിയുടെ ഉത്തരവാദിത്തം കോഹ്‌ലി ഏറ്റെടുക്കണമെന്നും ഗംഭീർ തുറന്നടിച്ചു.

“എട്ട് വർഷം വലിയൊരു കാലയളവാണ്. ഇതിനിടയിൽ ഒരു ടീമിന് ഒരിക്കൽ പോലും കിരീടം നേടാൻ സാധിച്ചില്ലെങ്കിൽ അതൊരു പരാജയമാണ്. ഇതിന്റെ പൂർണമായ ഉത്തരവാദിത്തം നായകൻ എന്ന നിലയിൽ കോഹ്‌ലി ഏറ്റെടുക്കണം. എനിക്ക് വിരാട് കോഹ്‌ലിയുമായി ഒരു പ്രശ്‌നവുമില്ല. പക്ഷേ, എനിക്ക് പറയാനുള്ളത് ഈ തോൽവിയുടെ ഉത്തരവാദിത്തം തനിക്കാണെന്ന് പറയാൻ കോഹ്‌ലി തയ്യാറാകണം,” ഗംഭീർ പറഞ്ഞു.

Read Also: തലയുയർത്തി ദേവ്‌ദത്ത് പടിക്കൽ; ലക്ഷ്യം ഇന്ത്യൻ ടീം

“അശ്വിനെ നോക്കൂ, കിങ്‌സ് ഇലവൻ പഞ്ചാബിനെ അദ്ദേഹം രണ്ട് വർഷം നയിച്ചു. നായകൻ എന്ന നിലയിൽ മികച്ച നേട്ടം സ്വന്തമാക്കാൻ അശ്വിന് സാധിച്ചില്ല. ക്യാപ്‌റ്റൻ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കി. ധോണി ക്യാപ്‌റ്റനായി മൂന്ന് കിരീടം നേടി, രോഹിത് ശർമ നാല് ഐപിഎൽ കിരീടം നേടി. അവർ ഇത്രയും വർഷം ആ ടീമുകളുടെ ക്യാപ്‌റ്റനായി തുടർന്നതിൽ കുറ്റം പറയാൻ സാധിക്കാത്തത് അതുകൊണ്ടാണ്. എന്നാൽ, കോഹ്‌ലിക്ക് ഒരിക്കൽ പോലും കിരീടം നേടാൻ സാധിച്ചിട്ടില്ല. എനിക്ക് ഒരു കാര്യം ഉറപ്പുണ്ട്, രോഹിത് ശർമയാണ് എട്ട് വർഷമായി കിരീടം നേടാത്ത ടീമിന്റെ ക്യാപ്‌റ്റനെങ്കിൽ അദ്ദേഹത്തെ തീർച്ചയായും ആ സ്ഥാനത്തുനിന്ന് നീക്കിയേനെ. പലർക്കും പല തരത്തിലുള്ള അതിർവരമ്പുകൾ നിർണയിക്കരുത്. മികച്ച പ്രകടനത്തിനു ക്യാപ്‌റ്റൻ പ്രശംസിക്കപ്പെടുന്നതു പോലെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കാൻ ക്യാപ്‌റ്റൻ തയ്യാറാകണം.” ഗംഭീർ കൂട്ടിച്ചേർത്തു.

ഇത്തവണ ഐപിഎൽ ഫെെനൽ കാണാതെയാണ് കോഹ്‌ലിയും സംഘവും പുറത്തായത്. എലിമിനേറ്ററിൽ സൺറെെസേഴ്‌സ് ഹെെദരബാദിനോട് തോൽവി വഴങ്ങുകയായിരുന്നു. ആറ് വിക്കറ്റിനാണ് ഹെെദരബാദ് ആർസിബിയെ തോൽപ്പിച്ചത്. നായകൻ കോഹ്‌ലി ആർസിബിക്ക് വേണ്ടി ഇന്നലെ നേടിയത് വെറും ആറ് റൺസ് മാത്രമാണ്. നിർണായക മത്സരങ്ങളിൽ ബാംഗ്ലൂരിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ കോഹ്‌ലിക്ക് സാധിച്ചില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook