യുഎഇ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ലഹരിയിലേക്ക് ഇന്ത്യയിലെ കായിക ആരാധകർ അടുത്തെത്തി. ഇനി ക്രിക്കറ്റ് മാമാങ്കത്തിന്റെ ദിനരാത്രങ്ങൾ. തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ മത്സരങ്ങൾക്കായി എല്ലാവരും കാത്തിരിക്കുകയാണ്. ഇത്തവണ ആര് കിരീടം ചൂടുമെന്ന പ്രവചനമാണ് ഐപിഎൽ ആരവത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കെ മുൻ ഓസ്‌ട്രേലിയൻ താരം ബ്രെറ്റ് ലീ നടത്തുന്നത്.

Read Also: ‘ചൂടൻ’ ധോണി; നിയന്ത്രണം വിട്ടു കളത്തിലേക്ക്, അംപയർക്ക് നേരെ വിരൽചൂണ്ടൽ

എം.എസ്.ധോണി നയിക്കുന്ന ചെന്നെെ സൂപ്പർ കിങ്‌സ് ഇത്തവണ കിരീടം നേടുമെന്നാണ് ബ്രെറ്റ് ലീ പറയുന്നത്. ഐപിഎൽ മത്സരങ്ങളുടെ ഭാഗമായി ബ്രെറ്റ് ലീ ഇപ്പോൾ യുഎഇയിലുണ്ട്. ഐപിഎല്ലുമായി ബന്ധപ്പെട്ട് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോഴാണ് ചെന്നെെ സൂപ്പർ കിങ്‌സ് ഇത്തവണ ചാംപ്യൻമാരാകാൻ സാധ്യതയുള്ളതായി ബ്രെറ്റ് ലീ പ്രവചിച്ചത്. “ആര് കിരീടം ചൂടുമെന്ന് ചോദിച്ചാൽ ഉത്തരം പറയുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, എങ്കിലും ചെന്നെെ സൂപ്പർ കിങ്‌സ് ഇത്തവണ ജേതാക്കളാകുമെന്നാണ് തോന്നുന്നത്,” ബ്രെറ്റ് ലീ പറഞ്ഞു.

തന്റെ മുൻ ടീം കൂടിയായ കൊൽക്കത്ത നെെറ്റ് റെെഡേഴ്‌സ് അവസാന നാലിൽ ഉറപ്പായും ഉണ്ടാകുമെന്നും ബ്രെറ്റ് ലീ പ്രവചിക്കുന്നു. പാറ്റ് കമ്മിൻസിന്റെ സാന്നിധ്യം കൊൽക്കത്തയെ കൂടുതൽ ശക്തരാക്കുമെന്നാണ് ബ്രെറ്റ് ലീ പറയുന്നത്. പാറ്റ് കമ്മിൻസ് ലോകോത്തര താരമാണെന്നും ബ്രെറ്റ് ലീ പറഞ്ഞു.

Read Also: ഹിറ്റ്‌മാന്റെ സിക്‌സ്; ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ചില്ല് തകർത്തു, വീഡിയോ

അതേസമയം, ഇന്ത്യൻ പ്രീമിയർ ലീഗിനുള്ള അവസാനവട്ട തയ്യാറെടുപ്പുകളിലാണ് ടീമുകളെല്ലാം. ഉദ്ഘാടന മത്സരത്തിൽ മുംബൈയെ നേരിടാനൊരുങ്ങുകയാണ്. കോവിഡും താരങ്ങളുടെ പിന്മാറ്റവുമെല്ലാം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് ശക്തമായ തിരിച്ചുവരവ് കിരീടത്തിലേക്ക് തന്നെ നടത്താനാണ് ചെന്നൈ ശ്രമിക്കുന്നത്. കോവിഡ് പരിശോധന ഫലം നെഗറ്റീവായ ദീപക് ചാഹറും മടങ്ങിയെത്തിയതോടെ ടീം പൂർണ സജ്ജമായി എന്ന് പറയാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook